Pathanamthitta local

വാഗ്ദാനങ്ങള്‍ വാരിച്ചൊരിഞ്ഞ് അടൂരിലെ സ്ഥാനാര്‍ഥി സംഗമം

പത്തനംതിട്ട: കാര്‍ഷിക മേഖലയുടെ സമഗ്രവികസനം മുതല്‍ പട്ടികജാതി കോളനികളുടെ പുനരുദ്ധാരണം വരെയുള്ള വരുംകാല വികസന സ്വപ്‌നങ്ങള്‍ പങ്കുവച്ച് അടൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി സംഗമം. പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് മണ്ഡലത്തിലെ എല്ലാ മേഖലയിലും വികസനം എത്തിക്കാന്‍ കഴിഞ്ഞുവെന്ന് അവകാശപ്പെടുമ്പോഴും സിറ്റിങ് എംഎല്‍എ ചിറ്റയം ഗോപകുമാര്‍ തൃപ്തനല്ല. ഇനിയും ധാരാളം വികസന പദ്ധതികളിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കേണ്ടതുണ്ടെന്ന് ചിറ്റയം; ഒപ്പം തുടങ്ങിവച്ചവ പൂര്‍ത്തീകരിക്കണം.
ഇക്കാര്യങ്ങള്‍ അംഗീകരിക്കുന്ന ജനം തനിക്ക് വീണ്ടും അവസരം നല്‍കുമെന്ന ഉറച്ച വിശ്വാസവും അദ്ദേഹം പങ്കുവച്ചു. എന്നാല്‍, മണ്ഡലത്തെ മുന്‍പ് പ്രതിനിധീകരിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണനോടൊപ്പം ഓടിയെത്താന്‍ കഴിയില്ലെന്നത് ചിറ്റയത്തിന്റെ പരിമിതിയാണെന്നും താന്‍ മുമ്പ് പ്രതിനിധീകരിച്ച് പന്തളം മണ്ഡലത്തിന്റെ ഭാഗങ്ങളില്‍ വികസനത്തിന്റെ പെരുമഴയ്ക്ക് ശേഷം ചാറ്റല്‍മഴ പോലും ഉണ്ടായിട്ടില്ലെന്നും യുഡിഎഫ് സ്ഥാനാര്‍ഥി കെ കെ ഷാജു പറഞ്ഞു. വികസനത്തിലെ പിന്നാക്കത്തിന് ഇരുമുന്നണികളെയും പഴിചാരിയ എന്‍ഡിഎ സ്ഥാനാര്‍ഥി പി സുധീറിന്റെ പ്രതീക്ഷ മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളിലും ബിഡിജെഎസ് അടക്കമുള്ള ശക്തമായ മുന്നണി സംവിധാനത്തിലുമാണ്. പത്തനംതിട്ട പ്രസ്‌ക്ലബ് സംഘടിപ്പിച്ച ജനഹിതം 2016 ല്‍ പങ്കെടുത്തുകൊണ്ടാണ് മൂന്നുസ്ഥാനാര്‍ഥികളും തങ്ങളുടെ വികസന കാഴ്ചപ്പാടുകളും സാധ്യതകളും പങ്കുവച്ചത്.
ചിറ്റയം ഗോപകുമാര്‍
പ്രതിപക്ഷ എംഎല്‍എ എന്ന പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് വികസന ഫണ്ട് പൂര്‍ണമായി ചെലവഴിക്കാന്‍ സാധിച്ചു. വിദ്യാഭ്യാസ, ആരോഗ്യ, പശ്ചാത്തല വികസന മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു. നാല് കുടിവെള്ളപദ്ധതികള്‍ നടപ്പാക്കി. പുതിയകാവില്‍ ചിറയില്‍ ടൂറിസം പദ്ധതി പൂര്‍ത്തീകരിച്ചു.
കരിങ്ങാലം പുഞ്ച അടക്കമുള്ള കാര്‍ഷിക മേഖലയുടെ വികസനത്തിന് സമഗ്രപാക്കേജ് നടപ്പാക്കും. ഐടി പാര്‍ക്കും റബ്ബറധിഷ്ഠിത വ്യവസായ സംരഭവും വഴി തൊഴിലവസരം സാധ്യമാക്കും. വിദ്യാഭ്യായ മേഖലയില്‍ സര്‍ക്കാര്‍ കോളജിനും ലാ കോളജിനും നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്‌സ്, എക്‌സൈസ് എന്നിവയ്ക്ക് കെട്ടിടവും പിഡബ്ലിയുഡി, കോടതി സമുച്ഛയങ്ങളും യാഥാര്‍ഥ്യമാക്കും.
കെ കെ ഷാജു
കരിങ്ങാലി പുഞ്ചയെ കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്താന്‍ ഓണാട്ടുകരയില്‍ ഉള്‍പ്പെടുത്തി തന്റെ കാലത്ത് പ്രത്യേക ഉത്തരവ് ഇറക്കിയെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. 33 കെ വി സബ്‌സ്റ്റേഷന്‍ യാഥാര്‍ഥ്യമായില്ല. ശബരിമല തീര്‍ഥാടക മേഖലയെ പാടെ അവഗണിച്ചു. ദേവസ്വം ബോര്‍ഡുമായി സഹകരിച്ച് ട്രസ്റ്റ് രൂപീകരിച്ച് പന്തളം മേഖലയ്ക്ക് പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ രൂപീകരിക്കും. കരിങ്ങാലി പുഞ്ചയെ ഓണാട്ടുകര വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തും. റവന്യു ടവറിന്റെ ശോച്യാവസ്ഥ പരിഹരിക്കും. പന്തളം, പറക്കോട്, അടൂര്‍ മാര്‍ക്കറ്റുകള്‍ ആധുനികവല്‍ക്കരിക്കും. അടൂരിന്റെ വികസന ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി പദ്ധതി രൂപീകരിക്കും.
പി സുധീര്‍
മണ്ഡലത്തിലെ പട്ടികജാതി കോളനികളില്‍ നരകയാതന. 65 ശതമാനം പേര്‍ക്കും വാസയോഗ്യമായ വീടുകളില്ല. ഏറ്റവും കൂടുതല്‍ ഭൂരഹിതരായ പട്ടികജാതിക്കാര്‍ അടൂര്‍ മണ്ഡലത്തില്‍. മണ്ഡലത്തിലെ പട്ടികജാതി വികസനം സംബന്ധിച്ച് എംഎല്‍എ ധവളപത്രം ഇറക്കണം. മണ്ഡലത്തിന് അനുവദിച്ച പദ്ധതികളുടെ തുക വിനിയോഗിച്ചതിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണം.
പട്ടികജാതി കോളനികളുടെ വികസനത്തിന് സമഗ്രപാക്കേജ് നടപ്പാക്കും.
Next Story

RELATED STORIES

Share it