Idukki local

വാഗ്ദാനങ്ങള്‍ പൂര്‍ണമായും നിറവേറ്റും: മന്ത്രി എം എം മണി

ചെറുതോണി: ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങളില്‍ ശേഷിക്കുന്നവ സമയബന്ധിതമായി നടപ്പാക്കുമെന്നും ഇക്കാര്യം തുറന്നുപറയാനാണ് മന്ത്രിസഭാ വാര്‍ഷികം വിപുലമായ രീതിയില്‍ നടത്തുന്നതെന്നും വൈദ്യുതിമന്ത്രി എം എം മണി പറഞ്ഞു.
മന്ത്രിസഭയുടെ രണ്ടാംവാര്‍ഷികത്തിന്റെ ജില്ലാതല ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ചെറുതോണിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആര്‍ദ്രം പദ്ധതിയിലൂടെ ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ സാധിച്ചു. ഇടുക്കി മെഡിക്കല്‍ കോളജിന്റെ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. മെഡിക്കല്‍ കോളജിനെ സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.ലൈഫ് മിഷന്‍ പദ്ധതിയില്‍പെടുത്തി അര്‍ഹരായ എല്ലാവര്‍ക്കും വീട് നിര്‍മിച്ചു നല്‍കും. ജില്ലയില്‍ തരിശായി കിടക്കുന്ന ഭൂമി കൃഷിക്കനുയോജ്യമാക്കാന്‍ കര്‍ഷകര്‍ക്ക് പിന്തുണ നല്‍കും.
മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അഡ്വ. ജോയ്‌സ് ജോര്‍ജ് എംപി  മുഖ്യ പ്രഭാഷണം നടത്തി. ചെറുതോണിയില്‍ സജ്ജമാക്കിയ പ്രദര്‍ശന, വിപണന സ്റ്റാളുകളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു. ചടങ്ങില്‍ മരിയാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഡോളി ജോസ് അധ്യക്ഷത വഹിച്ചു.
ജില്ലാ കലക്ടര്‍ ജി ആര്‍ ഗോകുല്‍, ജില്ലാ പഞ്ചായത്ത് അംഗം ലിസമ്മ സാജന്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അഗം ജലജ ഷാജി, കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോര്‍ജ്, വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് അംഗം പി എസ് സുരേഷ്, സി വി വര്‍ഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍, ചെറുതോണി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വിനു പി തോമസ് സംസാരിച്ചു.
Next Story

RELATED STORIES

Share it