thiruvananthapuram local

വാഗ്ദാനങ്ങള്‍ ജലരേഖയായി; പെരുമാതുറ മുതലപ്പൊഴി നിര്‍മാണം പാതിവഴിയില്‍

എം എം അന്‍സാര്‍

കഴക്കൂട്ടം: വാഗ്ദാനങ്ങള്‍ ജലരേഖയായി. മുതലപ്പൊഴി മല്‍സ്യബന്ധന തുറമുഖത്തിന്റെ നിര്‍മാണ പൂര്‍ത്തീകരണം ഇനിയും വൈകും. മാസങ്ങള്‍ക്കു മുമ്പ് പെരുമാതുറ പാലത്തിന്റെ ഉദ്ഘാടനവേളയില്‍ ഹാര്‍ബറിന്റെ ഉദ്ഘാടനം മാര്‍ച്ചോടെ നടക്കുമെന്ന് മുഖ്യമന്ത്രിയും തുറമുഖമന്ത്രി—യും പ്രഖ്യാപിച്ചതാണ്. എന്നാല്‍, അതൊക്കെ വെറുംവാക്കായി.
ഹാര്‍ബറിന്റെ പ്രധാന ഘടകമായ പെരുമാതുറയിലെയും താഴംപള്ളിയിലെയും പുലിമുട്ടുകളുടെ നിര്‍മാണം ഏകദേശം പൂര്‍ത്തീകരിച്ചെങ്കിലും ഇതിന്റെ മിനുക്കുപണികള്‍ ഒന്നുമായിട്ടില്ല. അതുപോലെ ഇരുവശങ്ങളിലെയും പുലിമുട്ട് നിര്‍മാണത്തിനിടെ ഹാര്‍ബര്‍ ചാലില്‍ അകപ്പെട്ട കൂറ്റന്‍ കല്ലുകള്‍ നീക്കം ചെയ്യാന്‍ ദിവസം ഒരു ലക്ഷം രൂപ നിരക്കില്‍ വാടകയ്ക്ക് കൊല്ലത്തുനിന്നു ബാര്‍ജ് എത്തിച്ച് ശ്രമം നടത്തിയെങ്കിലും ഇതും പരാജയപ്പെട്ടെന്നാണ് അറിവ്.
2002ല്‍ തുടക്കം കുറിച്ച നിര്‍മാണം 14 വര്‍ഷം കഴിഞ്ഞിട്ടും ഫലം കാണാത്തത് എന്തെന്ന ചോദ്യത്തിലാണ് പ്രദേശത്തെ മല്‍സ്യത്തൊഴിലാളികളും നാട്ടുകാരും. 13.66 കോടി അനുവദിച്ച് 2000ലാണ് ഹാര്‍ബര്‍ നിര്‍മാണത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ലഭിച്ചത്. എന്നാല്‍, ഹാര്‍ബറിലെ പ്രധാന ജോലിയായ പുലിമുട്ട് നിര്‍മാണത്തിന് കരാര്‍ വിളിച്ചപ്പോള്‍ തന്നെ ശനിദശ തുടങ്ങി. കരാറുമായി ബന്ധപ്പെട്ട് ഒരു കമ്പനി കോടതിയില്‍ പോയതോടെ രണ്ടു വര്‍ഷം വേണ്ടിവന്നു നിയമക്കുരുക്ക് അഴിക്കാന്‍. ചെന്നെയിലെ എന്‍ഐഒടി കമ്പനിയുടെ രൂപരേഖ അനുസരിച്ച് 2002ല്‍ നിര്‍മാണം തുടങ്ങി.
എന്നാല്‍, രണ്ടു വര്‍ഷം പിന്നിട്ടപ്പോഴും പൊഴിയില്‍ മണ്ണടിയുന്ന പ്രതിഭാസം ആവര്‍ത്തിച്ചതോടെ നിര്‍മാണം തല്‍ക്കാലം നിര്‍ത്തിവച്ചു. ഇതോടെ ഹാര്‍ബറിന്റെ നിര്‍മാണം അശാസ്ത്രീയമാണെന്ന് കണ്ടെത്തുകയും ജനങ്ങളുടെ നിരവധി സമരങ്ങളെ സര്‍ക്കാര്‍ നേരിടേണ്ടിവരുകയും ചെയ്തു. തുടര്‍ന്ന് എന്‍ഐഒടി വിദഗ്ധര്‍ മുതലപ്പൊഴിയില്‍ വീണ്ടും വിദഗ്ധ പരിശോധന നടത്തി. പെരുമാതുറ ഭാഗത്തെ പുലിമുട്ടിന്റെ നീളം 170 മീറ്ററില്‍ നിന്നു 330 മീറ്ററായി വര്‍ധിപ്പിക്കാനും താഴംപള്ളി ഭാഗത്തെ പുലിമുട്ടിന്റെ നീളം 480ല്‍ നിന്ന് 410 മീറ്റര്‍ ആയി കുറയ്ക്കാനും നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും നിര്‍മാണം തുടങ്ങിയെങ്കിലും ഇതുകൊണ്ടും ഫലം കണ്ടില്ല. മുമ്പുണ്ടായിരുന്നതിനേക്കാള്‍ ശക്തമായി മണ്ണടിയുകയും പൊഴി മുട്ടുകയും ചെയ്തതോടെ 2008ല്‍ നിര്‍മാണം സ്തംഭിച്ചു. ഈ സമയത്ത് ചെലവാക്കിയത് 13 കോടിയാണ്.
അതോടെ പെരുവഴിയിലായ നിര്‍മാണത്തെക്കുറിച്ച് പഠിക്കാനായി കേന്ദ്ര വാട്ടര്‍ പവര്‍ റിസര്‍ച്ച് സ്‌റ്റേഷനെ ഏല്‍പിച്ചു. ഇവരുടെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ 2013 മാര്‍ച്ച് 11ന് ഫിഷിങ് ഹാര്‍ബറിന്റെ പുനര്‍നിര്‍മാണത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീണ്ടും തറക്കല്ലിട്ടു. താഴംപള്ളി ഭാഗത്തെ പുലിമുട്ടിന്റെ വളവ് മാറ്റി 240 മീറ്റര്‍ നീളം കൂട്ടാനും പെരുമാതുറ ഭാഗത്ത് 330 മീറ്റര്‍ കൂട്ടാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഇതിനായി കോലഞ്ചേരി ബെന്നി പോളിന് കരാര്‍ നല്‍കി. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയില്‍ നിന്നു 31.02 കോടിയാണ് ഫണ്ട് ലഭിച്ചത്.
2002ല്‍ നിര്‍മാണം തുടങ്ങുമ്പോള്‍ നാലു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍, 6 വര്‍ഷം കഴിഞ്ഞ് നിര്‍മാണം അശാസ്ത്രീയമാണെന്ന് കണ്ടെത്തി നിര്‍ത്തിവച്ചു. തുടര്‍ന്ന് 2013 മാര്‍ച്ച് 11ന് പുനര്‍നിര്‍മാണം തുടങ്ങുമ്പോള്‍ ഒന്നര വര്‍ഷം കൊണ്ട് ഹാര്‍ബര്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍, വര്‍ഷം മൂന്ന് തികയുമ്പോഴും പെരുമാതുറ താഴംപള്ളിക്കാരുടെ ഫിഷിങ് ഹാര്‍ബറെന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള സ്വപ്‌നം നീണ്ടുപോവുകയാണ്.
Next Story

RELATED STORIES

Share it