വാഗ്ദാനങ്ങളല്ല കുട്ടനാടിനാവശ്യം, അടിയന്തര പരിഹാരം:തുളസീധരന്‍ പള്ളിക്കല്‍

വീയപുരം (ആലപ്പുഴ): പ്രളയത്തില്‍ കോടികളുടെ ദുരന്തം സംഭവിച്ച കുട്ടനാട്ടില്‍ സര്‍ക്കാര്‍ ദുരന്തബാധിതരോടു കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് എത്രയും വേഗം പുനരധിവാസത്തിനു വേണ്ട നടപടികളെടുക്കണമെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍. ക്യാംപുകളില്‍ നിന്നു വീട്ടിലേക്കു മടങ്ങുന്നവര്‍ക്ക് അടിയന്തര ധനസഹായം 25,000 ആക്കി ഉയര്‍ത്തി ഉടന്‍ വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘കുട്ടനാടിനു വേണ്ടത് വാഗ്ദാനങ്ങളല്ല, അടിയന്തര പരിഹാരമാണ് എന്ന ആവശ്യവുമായി എസ്ഡിപിഐ കുട്ടനാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ദുരന്തം വിതച്ച കുട്ടനാട്ടില്‍ ജനങ്ങള്‍ ഇപ്പോഴും ദുരിതത്തിലാണ്. പ്രദേശത്തെ എംഎല്‍എ ആയ തോമസ് ചാണ്ടി മണ്ഡലത്തിലേക്കു തിരിഞ്ഞുനോക്കിയിട്ടില്ല. കുട്ടനാട് പാക്കേജ് നടപ്പാക്കുന്നതില്‍ വലിയ വീഴചയാണ് സര്‍ക്കാരിനു സംഭവിച്ചത്. കാര്‍ഷിക കടം എഴുതിത്തള്ളുക, ദുരിതാശ്വാസ ഫണ്ട് പ്രത്യേക അക്കൗണ്ടായി സൂക്ഷിക്കുക, ധനസഹായം അടിയന്തരമായി വിതരണം ചെയ്യുക, കുട്ടനാട്ടിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനങ്ങളെ അണിനിരത്തി വിവിധ സമരപരിപാടികള്‍ക്ക് എസ്ഡിപിഐ നേതൃത്വം കൊടുക്കുമെന്നും തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി എം ഫഹദ് സമരപ്രഖ്യാപനം നടത്തി. പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്തവരെ അനുമോദിച്ചു. ജനറല്‍ സെക്രട്ടറി എം സാലിം, എബി ഉണ്ണി, ഇബ്രാഹീം, സവാദ്, ബാലാജി, ഷാജഹാന്‍ മൗലവി സംസാരിച്ചു.





Next Story

RELATED STORIES

Share it