kozhikode local

വാഗ്ദത്ത മാസത്തെ വരവേല്‍ക്കാന്‍ പള്ളികളും വിശ്വാസികളും ഒരുങ്ങി

കെപി റയീസ്
വടകര:ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമായ വാഗ്ദത്തെ മാസത്തെ വരവേല്‍ക്കാന്‍ പള്ളികളും, വിശ്വാസികളും ഒരുങ്ങി. എല്ലാ വര്‍ഷങ്ങളിലും ചെയ്യാറുള്ളത് പോലുള്ള വലിയ ഒരുക്കങ്ങള്‍ തന്നെ പള്ളികളില്‍ ചെയ്തിട്ടുണ്ട്. പകലുകളെല്ലാം മാഞ്ഞുപോകുന്നത് ഇരുട്ടിലേക്കാണ്. ഇരുട്ടിനെ ഉപാസിക്കുന്നതാവട്ടെ തിന്മയും. പക്ഷെ, ശഅബാന്റെ രജതരേഖ മായുന്നത് ഇരുട്ടിലേക്കല്ല, റമദാന്റെ അതീതമായ പ്രകാശത്തിലേക്കാണ്.
വാനവും ഭൂമിയും വായുവും കണ്ണും കരളുമൊക്കെ പ്രകാശപൂരിതമാകുന്ന വിശുദ്ധ റമദാനില്‍ രാപ്പലുകളുടെ അതിരുകള്‍ നേര്‍ത്തുപോകുന്നു. മനസുകള്‍ക്കിടയിലെ അകലങ്ങളില്ലാതാകുന്നു. അല്ലാഹുവിനും അവന്റെ അടിമകള്‍ക്കുമിടയില്‍ പ്രാര്‍ത്ഥനാപൂര്‍ണമായ പാരസ്പര്യത്തിന്റെ ഇഴയടുപ്പവുമാകുന്നു, റമദാന്‍. പള്ളികളെല്ലാം പുത്തന്‍ പെയിന്റിങ് നല്‍കി റമദാനെ വരവേല്‍ക്കാന്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ തയ്യാറെടുപ്പ് തുടങ്ങിയിരുന്നു. മതപ്രഭാഷണങ്ങള്‍, ക്ലാസുകള്‍, പ്രത്യേക നോമ്പുതുറകള്‍ തുടങ്ങിയ പരിപാടികള്‍ നടത്താനുമുള്ള തയ്യാറിലും കൂടിയാണ് വിശ്വാസികള്‍. കാലവര്‍ഷം ആരംഭിച്ചില്ലെങ്കിലും വേനല്‍ മഴ തിമിര്‍ത്തതിനാല്‍ കനത്ത് ചൂട് നോമ്പിനെ ബാധിക്കില്ലെന്നാണ് വിശ്വാസികള്‍ കരുതുന്നത്. കോഴിക്കോട് ജില്ലയിലാണ് ഇത്തവണ വേനല്‍ മഴ കൂടുതല്‍ ലഭിച്ചത്. ഇത്തവണയും നോമ്പ് തുറക്കും മറ്റും വിപുലമായ ഒരുക്കങ്ങളാണ് പള്ളികളില്‍ നടക്കുന്നത്. പഴം, പച്ചക്കറി, മല്‍സ്യമാംസാദികള്‍ എന്നിവയുടെ വിലക്കയറ്റങ്ങള്‍ നോമ്പിനെ ബാധിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കഴിഞ്ഞ മാസം വരെ 100 രൂപക്കും, 150നുമിടയില്‍ കോഴിയിറച്ചി ലഭിച്ചെങ്കിലും ഇപ്പോള്‍ 200 രൂപയാണ് വില. അതുപോലെ മത്സ്യലഭ്യത കുറഞ്ഞത് ആ മേഖലയെയും വിലക്കയറ്റം പിടിച്ചിരിക്കുകയാണ്.  ഇസ്‌ലാമിന്റെ ആകാശത്ത് വിശുദ്ധ റമദാനിന്റെ പിറവിക്കായി കാത്തിരിക്കുകയാണ്. നന്‍മകളാല്‍ അമേയവും പുണ്യങ്ങളാല്‍ അപരിമേയവും പ്രാര്‍ത്ഥനകളാല്‍ പ്രഘോഷിതവുമാകുന്ന ദിനരാത്രങ്ങളാണ് ഇനിയുള്ള നാളുകള്‍. അളവറ്റ ആത്മ ചൈതന്യവുമായാണ് വിശ്വാസികള്‍ റമദാനിനെ നെഞ്ചേറ്റുന്നത്. അടിയാറുകളുടെ പ്രാര്‍ഥനകളില്‍ അല്ലാഹു അത്യുദാരനാവുന്ന മാസം. . നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലുമൊക്കെ വിപുലമായ ജീവകാരുണ്യ പദ്ധതികള്‍ തന്നെ സജ്ജമായിട്ടുണ്ട്.
Next Story

RELATED STORIES

Share it