വാഗീശ്വരി കാമറയുടെ നിര്‍മാതാവ് കെ കരുണാകരന്‍ നിര്യാതനായി

ആലപ്പുഴ: നിക്കോണ്‍, കാനന്‍ കാമറകളെ പോലെ ഒരു കാലത്ത് ലോകത്ത് തിളങ്ങിനിന്ന വാഗീശ്വരി കാമറ ലോകത്തിനു സംഭാവന ചെയ്ത ആലപ്പുഴ സിവില്‍ സ്റ്റേഷന്‍ വാര്‍ഡ് വാഗീശ്വരിയില്‍ കെ കരുണാകരന്‍ എന്ന തങ്കപ്പന്‍ (90) നിര്യാതനായി. സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു.
1945ല്‍ മുല്ലക്കലില്‍ ആണ് വാഗീശ്വരി കാമറ നിര്‍മാണ കമ്പനി തങ്കപ്പന്‍ ആരംഭിച്ചത്. ഈട്ടിയിലും തേക്കിലും തീര്‍ത്ത ചട്ടക്കൂടിനുള്ളില്‍ ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്ത കോംഗോ ലെന്‍സ് ഉപയോഗിച്ചാണ് വാഗീശ്വരി കാമറ നിര്‍മിച്ചിരുന്നത്. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും 35 എംഎം ഫിലിം കാമറകള്‍ രംഗപ്രവേശം ചെയ്തതും മൂലം 1970ഓടെ വാഗീശ്വരി കാമറ നിര്‍മാണം അവസാനിപ്പിച്ചെങ്കിലും ലോകത്തിന് മേല്‍ത്തരം കാമറ സമ്മാനിച്ച ആളെന്ന നിലയില്‍ വിവിധ രാജ്യങ്ങളിലുള്ള ആവശ്യക്കാരുടെ അന്വേഷണം വളരെക്കാലം ഉണ്ടായിരുന്നതായി മകള്‍ ബേബി ബിജോയ് പറഞ്ഞു.
കാമറ നിര്‍മാണം നിര്‍ത്തിയെങ്കിലും ആശുപത്രികള്‍ക്കാവശ്യമായ എക്‌സ്‌റേ ലോബിയും മറ്റും ഈ കമ്പനിയില്‍ നിര്‍മിച്ചുവന്നിരുന്നു. ഭാര്യ: പരേതയായ ശശികലാദേവി. മക്കള്‍: ബേബി ബിജോ, കണ്ണന്‍. മരുമക്കള്‍; കെ വി ശശികുമാര്‍, മീര.
Next Story

RELATED STORIES

Share it