Flash News

വാഗമണ്‍ സിമി ക്യാംപ് കേസ്മാധ്യമവിചാരണ നീതിനിഷേധത്തിന് ആക്കം

കൂട്ടി: ഡോ. മുഹമ്മദ് ആസിഫ്ആബിദ്

കോഴിക്കോട്: മാധ്യമവിചാരണ തനിക്കെതിരായ നീതിനിഷേധത്തിന് ആക്കം കൂട്ടിയെന്ന് വാഗമണ്‍ സിമി ക്യാംപ് കേസില്‍ തെളിവില്ലെന്നു കണ്ട് വെറുതെവിട്ട ഡോ. മുഹമ്മദ് ആസിഫ്. മാധ്യമങ്ങള്‍ നടത്തുന്ന വിചാരണയും പ്രചാരണങ്ങളും പലപ്പോഴും കേസ് വിധിക്കുന്നവരില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. ഇത് ജാമ്യംപോലും നിഷേധിക്കുന്നതിനു കാരണമാവുന്നു. തന്റെ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുന്നതിനും വിചാരണ നീണ്ടുപോവുന്നതിനും ഇതു വഴിയൊരുക്കിയിട്ടുണ്ടെന്ന് ആസിഫ് പറഞ്ഞു.
പല കേസുകളിലും രാജ്യദ്രോഹം, രാജ്യത്തിനെതിരേ യുദ്ധം ചെയ്യല്‍, മതസ്പര്‍ധ വളര്‍ത്തല്‍, ആയുധം കൈവശംവയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ ഗൗരവതരമായ വകുപ്പുകളാണ്് പോലിസും എന്‍ഐഎയും മറ്റും ചുമത്തുന്നത്. ഇതും ജാമ്യനിഷേധത്തിനു വഴിയൊരുക്കുന്നുണ്ട്. പലപ്പോഴും ഇത്തരം വകുപ്പുകള്‍ ചുമത്തിയത് ശരിയായ രീതിയിലാണെന്ന ധാരണയിലാണ് ബന്ധപ്പെട്ടവര്‍ വിധി പുറപ്പെടുവിക്കുന്നത്. എന്നാല്‍, ഇത്തരത്തിലുള്ള മിക്ക കേസുകളും പിന്നീട് തെളിവില്ലെന്ന കാരണത്താല്‍ വെറുതെവിടുകയാണുണ്ടായത്. പക്ഷേ, അപ്പോഴേക്കും ഏറെ വൈകിയിരിക്കും. ഇതിന്റെയെല്ലാം ഇരയാണു താന്‍. അതുകൊണ്ട് ഇങ്ങനെയുള്ള സംശയാസ്പദമായ കേസുകളില്‍ ജാമ്യം അനുവദിക്കാനാണു ബന്ധപ്പെട്ടവര്‍ തയ്യാറാവേണ്ടതെന്നും ആസിഫ് ആവശ്യപ്പെട്ടു. കേസില്‍ തനിക്കു വേണ്ടി ഹാജരായ അഭിഭാഷകരെ കണ്ട് സന്തോഷം പങ്കിടുന്നതിന് കോഴിക്കോട്ടെത്തിയപ്പോള്‍ തേജസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹുബ്ലി, ബല്‍ഗാം, വാഗമണ്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട് നീണ്ട 10 വര്‍ഷമാണ് തന്നെ ജയിലിലിട്ടത്. ഹുബ്ലിയിലെ കര്‍ണാടക ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ എംബിബിഎസ് അവസാന വര്‍ഷ പരീക്ഷയ്ക്കായി തയ്യാറെടുപ്പ്് നടത്തവെ 2008 ജനുവരി 31നാണ് പോലിസ് അറസ്റ്റ് ചെയ്തത്. കോളജിലെ ആര്‍എസ്എസ്, ബജ്‌രംഗ്ദള്‍, എബിവിപി സംഘടനകളുടെ നിര്‍ബന്ധത്തിനു വഴങ്ങിയായിരുന്നു അറസ്റ്റ്. ബൈക്ക് മോഷണമായിരുന്നു കുറ്റം. പിടിച്ചെടുത്ത ബൈക്ക് തന്റേത്് തന്നെയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെങ്കിലും അതിനിടയില്‍ ഹുബ്ലി സ്‌ഫോടന ഗൂഢാലോചനക്കേസില്‍ പ്രതിയാക്കി. ബല്‍ഗാം, വാഗമണ്‍ കേസുകള്‍ കൂടി ആയതോടെ ജയിലില്‍ നിന്നു പുറത്തിറങ്ങാനാവാതായി. 2013ല്‍ ബല്‍ഗാം കേസില്‍ തെളിവില്ലെന്നു കണ്ട് വെറുതെവിട്ടെങ്കിലും ജയില്‍മോചിതനായില്ല.
ഹുബ്ലി ഗൂഢാലോചനക്കേസില്‍ 2015ലാണ് വിധിവരുന്നത്. കേസില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന എല്ലാവരെയും നിരപരാധികളാണെന്നു കണ്ടെത്തി കോടതി വെറുതെവിട്ടിരുന്നു. എന്നാല്‍, 2018 മെയ് 14ന് വാഗമണ്‍ കേസില്‍ നിരപരാധിയാണെന്നു കണ്ട് വിട്ടയക്കും വരെ കാത്തിരിക്കേണ്ടിവന്നു പുറംലോകം കാണാന്‍. വാഗമണ്‍ കേസില്‍ നിരപരാധികളെന്നു കണ്ട് വിട്ടയക്കപ്പെട്ട 17 പേരില്‍ ആസിഫ് മാത്രമാണ് ഇപ്പോള്‍ ജയില്‍മോചിതനായിട്ടുള്ളത്. മറ്റുള്ളവരെല്ലാം വ്യത്യസ്തമായ കേസുകളില്‍പ്പെട്ട് ഇപ്പോഴും രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുകയാണ്.
പാകിസ്താന്‍ പതാക ഉയര്‍ത്തി കാട്ടില്‍ വച്ച് ഗൂഢാലോചന നടത്തിയെന്നായിരുന്നു ഹുബ്ലി കേസുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകളിലൊന്ന്. ഇതിനു തെളിവായി അവര്‍ പടവും നല്‍കി. കര്‍ണാടകയിലെ അലിഗൊരി ദര്‍ഗയുടെ പടമായിരുന്നു അതെന്ന് പിന്നീടു വ്യക്തമായെങ്കിലും കേസില്‍ ഉള്‍പ്പെട്ടവരുടെ വിചാരണ നീണ്ടുപോവുന്നതിനും ജാമ്യം നിഷേധിക്കപ്പെടുന്നതിനും ഇതു കാരണമായി. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണുണ്ടായത്. കുടുംബം പോലും വേട്ടയാടപ്പെട്ടു. സഹോദരങ്ങളുടെ വിവാഹം പോലും മുടങ്ങുന്നതിന് തനിക്കെതിരായ കേസ് കാരണമായി. അഡ്വ. വി ടി രഘുനാഥ്, അഡ്വ. കെ പി മുഹമ്മദ് ശെരീഫ് തുടങ്ങിയവര്‍ നിസ്വാര്‍ഥമായും കാര്യക്ഷമമായും കേസ് കൈകാര്യം ചെയ്തതിനാലാണ് തനിക്ക് പുറംലോകം കാണാനായതെന്നും ആസിഫ് പറഞ്ഞു.
Next Story

RELATED STORIES

Share it