Idukki local

വാഗമണ്‍ മേഖലയില്‍ സഞ്ചാരികളുടെ വന്‍ തിരക്ക്



മുഹമ്മദ് അന്‍സാരി

വണ്ടിപ്പെരിയാര്‍: മൂന്നാറിനു സമാനമായ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തേടി ടൂറിസ്റ്റുകള്‍ വാഗമണ്‍, പരുന്തുംപാറ കുട്ടിക്കാനം, പീരുമേട്, പാഞ്ചാലിമേട്, സത്രം, തേക്കടി എന്നിവിടങ്ങളിലേക്ക് എത്തുന്നു. അവധിക്കാല ആഘോഷങ്ങള്‍ പൊടിപൊടിക്കാനാണ് മലയാളികള്‍ കൂട്ടത്തോടെ ഇടുക്കിയുടെ ഉയരങ്ങള്‍ തേടിയെത്തുന്നത്. പ്രധാന കേന്ദ്രമായ മൂന്നാറില്‍ സമരങ്ങളും കൈയേറ്റമൊഴിപ്പിക്കലും നടക്കുന്നതിനാല്‍ കഴിഞ്ഞകാലങ്ങളെ അപേക്ഷിച്ച് വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ടൂറിസ്റ്റ് ബസ്സുകളിലും കാറുകളിലും ഇരുചക്രവാഹനങ്ങളിലുമായി നൂറുകണക്കിന് സഞ്ചാരികളാണ്  ഹൈറേഞ്ചിലേക്കെത്തിക്കൊണ്ടിരിക്കുന്നത്. സഞ്ചാരികളുടെ കൂട്ടത്തോടെയുള്ള വരവ് പരുന്തുംപാറയിലും വാഗമണ്ണിലും പാഞ്ചാലിമേട്ടിലും സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന ടൂറിസം പ്രോജക്ടുകള്‍ക്ക് പ്രചോദനമാണ്. ആഴ്ചയുടെ അവസാനവും തൊഴിലാളി ദിനവും ഒരുമിച്ചായിരുന്നതിനാല്‍  സഞ്ചാരികളുടെ വന്‍ തിരക്കാണ് വാഗമണ്ണിലും പരുംന്തുംപാറയിലും കഴിഞ്ഞ ദിവസങ്ങളില്‍അനുഭവപ്പെട്ടത്. സത്രത്തില്‍ തുറന്ന ജീപ്പുകളിലും ഇരുചക്രവാഹനങ്ങളിലുമാണ് സഞ്ചാരികള്‍ എത്തുന്നത്. തേക്കടിയിലും, ഗവിയിലും വനം വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്ന വാഹനത്തിലാണ് സഞ്ചാരികളെ കടത്തിവിടുന്നത്. ചെറിയ ജങ്ഷനുകളില്‍ പോലും കച്ചവട സ്ഥാപനങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും ഹോംസ്റ്റേ, ലോഡ്ജുകള്‍ എന്നിവിടങ്ങളിലും വലിയ തിരക്കാണനുഭവപ്പെടുന്നത്. കഴിഞ്ഞ അവധിക്കാലങ്ങളെ അപേക്ഷിച്ച് ഹൈറേഞ്ചിലേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നുണ്ടെങ്കിലും ഈ പ്രവണത നിലനിര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കുന്നില്ല. പരുന്തുംപാറയില്‍ പോലിസ് ഔട് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സത്രത്തില്‍ യാതൊരു നിയന്ത്രണവുമില്ലാതെയാണ് വിനോദ സഞ്ചാരികള്‍ എത്തുന്നത്. ശൗചാലയമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് സഞ്ചാരികള്‍ പരാതിയായി പറയുന്നുണ്ടെങ്കിലും ഇടുക്കിയുടെ നിഗൂഢ സൗന്ദര്യം തേടിയെത്തുന്ന സഞ്ചാരികള്‍ മടങ്ങുന്നത് തൃപ്തിയോടെയാണ്.
Next Story

RELATED STORIES

Share it