Idukki local

വാഗമണ്‍ ഉപ്പുതറ റോഡ് ഗതാഗത യോഗ്യമല്ലാതായിട്ട് മാസങ്ങള്‍

സ്വന്തം പ്രതിനിധി

വാഗമണ്‍: വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്‍ ഉപ്പുതറ റോഡ് തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങള്‍ പിന്നിടുന്നു. റോഡ് നവീകരിച്ച് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത്. തകര്‍ന്നുകിടക്കുന്ന ഒന്നര കിലോമീറ്ററോളമുള്ള പാതയില്‍ അപകടങ്ങള്‍ പതിവാകാന്‍ തുടങ്ങിയതോടെയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരിക്കുന്നത്. 2014ലാണ് ഏറ്റവുമൊടുവില്‍ റോഡ് നവീകരിച്ചതല്ലാതെ പേരിനു പോലും അറ്റകുറ്റപ്പണികള്‍ ഇവിടെ നടന്നിട്ടില്ലന്നാണ് നാട്ടുകാര്‍ പറയുന്നത്.  ജനപ്രതിനിധികളുടെ വികസനമെന്ന വാഗ്ദാനങ്ങള്‍ പാഴാവുമ്പോള്‍  നടുവൊടിച്ചു കൊണ്ടുള്ള യാത്ര മാത്രമാണ് ഇവിടുത്തെ ജനങ്ങള്‍ക്കുള്ളത്. കട്ടപ്പന ഭാഗത്തുനിന്നും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്നതിനുള്ള എളുപ്പമാര്‍ഗമാണിത്. എന്നാല്‍ വാഹനങ്ങള്‍ ഇതുവഴി എത്തണമെങ്കില്‍ പാതയിലെ ദുര്‍ഘട കുഴികള്‍ താണ്ടണം. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതും ഇരുചക്ര വാഹന യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നതും നിത്യസംഭവം ആകുന്നതായി നാട്ടുകാര്‍ പറയുന്നു. ഒന്നര കിലോമീറ്ററോളം ദൂരം സഞ്ചരിച്ചാല്‍ സാമാന്യം ഭേദപ്പെട്ട വഴിയില്‍ എത്തിച്ചേരും. എന്നാല്‍ ഈ ദൂരം കടക്കണമെങ്കില്‍ ഏറെ പ്രയാസപ്പെടും. ദീര്‍ഘദൂര ബസുകള്‍ ഉള്‍പ്പെടെ സര്‍വീസ് നടത്തുന്ന പാതയാണിത്. നിരവധി തവണ ജനപ്രതിനിധികള്‍ക്കും ത്രിതല പഞ്ചായത്തുകള്‍ക്കും പരാതി നല്‍കിയിട്ടും യാതൊരു ഫലവും ഉണ്ടായില്ലെന്നും വാഹന ഡ്രൈവര്‍മാരും പറയുന്നു.വേനല്‍കാലത്ത് തകര്‍ന്നു കിടക്കുന്ന ഈ പാത മഴക്കാലത്ത് തോടായി മാറും. കാലാവസ്ഥ മാറി വന്നാലും വാഗമണ്‍- ഉപ്പുതറ റോഡിന് ശാപമോക്ഷമില്ല.  നാട്ടുകാര്‍ ലോറിയില്‍ മണ്ണുകൊണ്ടെത്തിച്ചാണ് പാതയിലെ കുഴികള്‍ താല്‍ക്കാലികമായി അടച്ചത്. ജില്ലയിലെ പ്രധാന വിനോദസഞ്ചാര മേഖലയായ വാഗമണ്ണിലേക്ക് നിരവധി സഞ്ചാരികളാണ് ഇതുവഴി എത്തുന്നത്. നാടിന്റെ വികസനത്തിന് പ്രാരംഭഘട്ടമായ പാതകള്‍ പോലും ഇതുവരെയും സഞ്ചാര യോഗ്യമായി കഴിഞ്ഞിട്ടില്ല. ഈ സ്ഥിതി നിലനില്‍ക്കെയാണ് ടൂറിസം മേഖലക്കായി വിവിധ പദ്ധതികള്‍ എന്ന പേരില്‍ ജനപ്രതിനിധികള്‍  പരസ്യപ്രചാരണം നടത്തുന്നത്. വോട്ടു തേടാന്‍ മാത്രം ജനങ്ങളെ കാണുന്ന ജനപ്രതിനിധികള്‍ നാട്ടിലെ പാതകള്‍ കൂടി കാണാന്‍ തയ്യാറാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Next Story

RELATED STORIES

Share it