Idukki local

വാഗമണിലേക്കുള്ള പ്രധാന റോഡുകള്‍ തകര്‍ന്നു



വാഗമണ്‍: വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്‍ റോഡില്‍ അപകടങ്ങള്‍ പതിയിരിക്കുന്ന കുഴികള്‍ നിരവധി. റോഡില്‍ അപകടസാധ്യതയുള്ള സ്ഥലങ്ങളിലും കൊടും വളവുകളിലും റോഡ് പൊട്ടിപ്പൊളിഞ്ഞ് വലിയ ഗര്‍ത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. റോഡിനു നടുവിലായി അര അടിയോളം ആഴത്തിലുള്ള  കുഴികളാണ് പലയിടത്തും ഉള്ളത്. ഇത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്‍ ലോക വിനോദസഞ്ചാര ഭൂപടത്തിലിടം നേടിയ കേന്ദ്രമാണ്. പ്രധാന പാത പൊട്ടിപ്പൊളിഞ്ഞതിനാല്‍ ചെറുവാഹനങ്ങളുമായി എത്തുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് പതിവായിരിക്കുകയാണ്. പൂജ അവധിക്കാലം ആഘോഷിക്കാന്‍ വാഗമണ്ണിലെത്തിയ മിക്ക സഞ്ചാരികളുടെയും വാഹനങ്ങള്‍ റോഡിലെ ഗര്‍ത്തത്തില്‍ വീണു കേടുപാടുകള്‍ സംഭവിച്ചു. വിദേശികളും, സ്വദേശികളുമടക്കം ആയിരക്കണക്കിന് സഞ്ചാരികളാണ് ദിവസേന ഇവിടേക്ക് ഒഴുകിയെത്തുന്നത്.  ഏലപ്പാറയില്‍ നിന്നുള്ള വാഗമണ്ണിലേക്കുള്ള റോഡാണ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാത്ത വിധം തകര്‍ന്നിരിക്കുന്നത്. മുഴുവനായി തകര്‍ന്ന റോഡില്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് അറ്റകുറ്റപ്പണികള്‍ നടന്നത്. ടാറിങ്ങിന്റെ അപാകത മൂലവും പെട്ടെന്നുണ്ടായ കനത്ത മഴയിലും അപകട സാധ്യതയേറിയ കൊടും വളവുകളില്‍ ഉള്‍പ്പെടെ വീണ്ടും ടാറിംഗ് പൊളിഞ്ഞു വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്. കുഴിക്ക് ചുറ്റും കൂടിക്കിടക്കുന്ന കല്ലുകളും അപകട സാധ്യത വര്‍ദിപ്പിക്കുന്നു. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് നടപ്പിലാക്കുന്ന തേക്കടി മൂന്നാര്‍ വാഗമണ്‍ ടൂറിസം സര്‍ക്യൂട്ടിലെ പ്രധാന കണ്ണിയായ റോഡ് സംസ്ഥാന പൊതുമരാമത്ത് വകുപ്പിനു കീഴിലാണുള്ളത്. ഇരുചക്ര വാഹനങ്ങളിലും ചെറുകാറുകളിലുമെത്തുന്നവര്‍ക്കാണ് റോഡിന്റെ അവസ്ഥ ദുരിതം നല്‍കുന്നത്. പാതയിലെ വലിയ കുഴികളില്‍ വീഴുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് ഇവിടെ സ്ഥിര കാഴ്ചയാണ്. കൊടും വളവിലുള്ള കുഴിയില്‍ വീഴുന്ന വാഹനം മറ്റുള്ളവരുടെ സഹായം ഉണ്ടെങ്കില്‍ മാത്രമേ പുറത്തെടുക്കാന്‍ കഴിയു. മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം ഉല്ലാസത്തിനായി വാഗമണ്ണിലേക്കെത്തുന്ന സഞ്ചാരികളുടെ നടുവൊടിക്കുന്ന റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. ടൂറിസം വകുപ്പിന്റെ ശക്തമായ ഇടപെടലുകളെ തുടര്‍ന്നു വാഗമണ്ണില്‍ വിനോദ സഞ്ചാരികളുടെ വരവില്‍ വന്‍ വര്‍ദനവ് ഉണ്ടക്കാന്‍ കഴിഞ്ഞുവെങ്കിലും പൊതുമരാമത്ത് വകുപ്പ് റോഡ് ഗതാഗതയോഗ്യമാക്കാന്‍ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ല എന്ന ആരോപണവും ശക്തമാണ്.  കനത്ത  സുരക്ഷാ ക്രമീകരണങ്ങളാണ് വാഗമണ്ണില്‍ ടൂറിസം വകുപ്പ്  ഒരുക്കിയിരിക്കുന്നത്. വാഗമണില്‍ നിന്ന് ഈരാറ്റുപേട്ടയിലേക്കുള്ള റോഡില്‍ അപകടകരമായ നിരവധി കുഴികളാണുള്ളത്. ഈ റൂട്ടില്‍ വെള്ളക്കെട്ടും രൂക്ഷമാണ്. ഇതുമൂലം ഇവിടെ വാഹനങ്ങള്‍ക്കു സുഗമമായി കടന്നുപോകാനാവാതെ ഗതാഗത തടസ്സവും വര്‍ധിച്ചു. മഴ പെയ്താല്‍ റോഡിലെ കുഴികളിലൂടെ വെള്ളം നിറഞ്ഞൊഴുകും. റോഡ് പരിചയമില്ലാത്ത വിനോദ സഞ്ചാരികളുടെ വാഹനം ഈ കുഴികളില്‍പ്പെട്ട് കേടുപാടു സംഭവിക്കുകയും അപകടമുണ്ടാവുകയും ചെയ്യുന്നു. വാഗമണിലേക്ക് പ്രവേശിക്കുന്ന പ്രധാന റോഡുകളെല്ലാം തകര്‍ന്നിട്ടു നാളുകളായെങ്കിലും അധികാരികള്‍ കണ്ടഭാവം നടിച്ചിട്ടില്ല. റോഡുകള്‍ അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.
Next Story

RELATED STORIES

Share it