Idukki local

വാഗമണിലെ സ്ഥലം പിടിച്ചെടുത്ത് നല്‍കണമെന്ന് ഭൂവുടമകള്‍



തൊടുപുഴ: വാഗമണില്‍ മിച്ചഭൂമി പതിച്ചു നല്‍കി സര്‍ക്കാര്‍ പട്ടയം നല്‍കിയെങ്കിലും ഒരേക്കര്‍ സ്ഥലം അന്യാധീനപ്പെട്ട് അഞ്ച് കുടുംബങ്ങള്‍. തോട്ടം ഉടമകള്‍ കൈയേറി വേലികെട്ടി സ്വന്തമാക്കിയ ഭൂമി തിരികേ കിട്ടാന്‍ ഇവര്‍ മുട്ടാത്ത വാതിലുകളില്ല. പട്ടയഭൂമി കണ്ടെത്തി നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ നല്‍കിയ ഉത്തരവും നടപ്പാക്കാന്‍ റവന്യൂവകുപ്പ് അടക്കം ആരും തയ്യാറായിട്ടുമില്ല. പി സൈനുദ്ദീന്‍, ടി കെ ജയപ്രകാശ്, വി ജെ ബേബിച്ചന്‍, സഫിയ ബഷീര്‍, ആനീസ് സേവ്യര്‍ എന്നിവരാണ് പട്ടയവും കൈയില്‍വച്ച് ഭൂമിക്കുവേണ്ടി അധികൃതരോട് കെഞ്ചുന്നത്. കൈയേറ്റം മൂലം അന്യാധീനപ്പെട്ട വാഗമണിലെ തങ്ങളുടെ പട്ടയഭൂമി തിരിച്ചുപിടിക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് നടപ്പാക്കണമെന്ന് അഞ്ച് പട്ടയ ഉടമകളും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 1977 ല്‍ പീരുമേട് താലൂക്കില്‍ വാഗമണ്‍ വില്ലേജില്‍ മുച്ചഭൂമിയായി ഏറ്റെടുത്ത് ഭൂരഹിതരായവര്‍ക്കു പതിച്ചുനല്‍കിയ 25 ഏക്കറില്‍ തങ്ങള്‍ക്കു ലഭിച്ച അഞ്ചേക്കര്‍ ഭൂമിയാണ് സമീപത്തെ വന്‍കിട തോട്ടമുടമ കൈയേറിയത്. 1981 ല്‍ പട്ടയം ലഭിച്ച ഭൂമിയാണിത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥനായ ഈരാറ്റുപേട്ട മറ്റക്കൊമ്പനാല്‍ റഫീഖിന്റെയും കുടുംബത്തിന്റെയും കൈവശമാണ് ഇപ്പോള്‍ ഈ ഭൂമി. 400 ഏക്കറോളം ഭൂമി ഇവരുടെ കൈവശമുണ്ട്. റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇവിടെ വ്യാജ പട്ടയം ഉണ്ടാക്കിയിട്ടുണ്ട്. ഭൂമി തിരിച്ചുപിടിച്ചു നല്‍കണമെന്ന് 2013ലും 2015ലും മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് നല്‍കിയിരുന്നു. മനുഷ്യാവകാശ കമ്മീഷന്‍ അംഗമായിരുന്ന ആര്‍ നടരാജന്‍ സ്ഥലം സന്ദര്‍ശിച്ചശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മൂടല്‍ മഞ്ഞ് കാരണം സ്ഥലം അളന്നുതിരിക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു പീരുമേട് തഹസീല്‍ദാരും വാഗമണ്‍ വില്ലേജ് ഓഫിസറും നല്‍കിയ മറുപടി. ഉത്തരവ് നടപ്പാക്കിയിട്ടില്ലെന്ന വിവരം ഇന്നലെ തൊടുപുഴയില്‍ നടന്ന സിറ്റിങ്ങിലും മനുഷ്യാവകാശ കമ്മീഷനെ ധരിപ്പിച്ചിട്ടുണ്ട്. സ്ഥലം എംഎല്‍എയെ നിരവധി തവണ വിവരം ധരിപ്പിച്ചിട്ടും ഇടപെടാന്‍ തയ്യാറായിട്ടില്ല. അസ്സല്‍ പട്ടയം കൈവശമിരുന്നിട്ടും പുറമ്പോക്കില്‍ കഴിയേണ്ട ഗതികേടിലാണ്. എതിരാളികള്‍ ശക്തരായതിനാലും സാമ്പത്തിക പരാധീനതകള്‍മൂലവും കോടതി വ്യവഹാരങ്ങളിലേക്കു കടക്കാന്‍ കഴിയുന്നില്ലെന്നും ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it