kannur local

വാക്‌സിന്‍ വിരുദ്ധര്‍ക്കെതിരേ സന്ദേശവുമായി പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം

കണ്ണൂര്‍: വാക്‌സിന്‍വിരുദ്ധ പ്രചാരണങ്ങള്‍ക്കെതിരേ പ്രതിരോധ സന്ദേശവുമായി പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്റെ സംസ്ഥാനതല ഉദ്ഘാടന പരിപാടി. 30 ദിവസം മാത്രം പ്രായമായ തന്റെ പേരക്കുട്ടി ഇഫയ ജഹനാരയ്ക്ക് തുള്ളിമരുന്ന് നല്‍കി ആരോഗ്യമന്ത്രി കെ കെ ശൈലജ ഉദ്ഘാടനം നിര്‍വഹിച്ചപ്പോള്‍, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ വി ലതീഷിന്റെ മകന്‍ കര്‍ണവിന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പോളിയോ തുള്ളിമരുന്ന് നല്‍കി.
കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഉല്‍സവാന്തരീക്ഷത്തിലായിരുന്നു ചടങ്ങ്. കുഞ്ഞുങ്ങള്‍ക്ക് പോൡയോ തുള്ളിമരുന്ന് നല്‍കാന്‍ നിരവധി അമ്മമാരെത്തി. വാക്‌സിന്‍ വിരുദ്ധര്‍ക്ക് മാതൃകാപരമായ സന്ദേശം നല്‍കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത, കണ്ണൂര്‍ കോര്‍പറേഷന്‍ ആരോഗ്യസ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ ഇന്ദിര പ്രേമാനന്ദ്, കൗണ്‍സിലര്‍  ലിഷ ദീപക്, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ സന്ദീപ്, ഡിഎംഒ ഡോ. കെ നാരായണ നായിക്, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. പി കെ സുരേഷ്, സതേണ്‍ റെയില്‍വേ അഡീഷനല്‍ ഡിവിഷനല്‍ മാനേജര്‍ ടി രാജകുമാര്‍, ലോകാരോഗ്യ സംഘടന പ്രതിനിധികളായ ഡോ. എം രത്‌നേഷ്, ഡോ. ആര്‍ ശ്രീനാഥ്, ജില്ലാ സാമൂഹികനീതി ഓഫിസര്‍ പവിത്രന്‍ തൈക്കണ്ടി, ഐഎംഎ കണ്ണൂര്‍ പ്രസിഡന്റ് ഡോ. എം കെ അനില്‍കുമാര്‍, കണ്ണൂര്‍ ഐഎപി പ്രസിഡന്റ് ഡോ. ഡി കെ അജിത് സുഭാഷ് സംബന്ധിച്ചു.
സംസ്ഥാനത്തെ 5 വയസ്സിന് താഴെയുള്ള 26 ലക്ഷത്തോളം കുട്ടികള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴി പോളിയോ തുള്ളിമരുന്ന് നല്‍കുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം. കണ്ണൂര്‍ ജില്ലയില്‍ 5 വയസ്സിനു താഴെ 1,87,233 കുട്ടികളും ഇതരസംസ്ഥാനക്കാരുടെ 1157 കുട്ടികളുമുണ്ട്. സര്‍ക്കാര്‍ ആശുപത്രികള്‍, സിഎച്ച്‌സികള്‍, പിഎച്ച്‌സികള്‍, കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്‌കൂളുകള്‍, സ്വകാര്യ ആശുപത്രികള്‍, ബസ്സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലായി 1898 ബൂത്തുകള്‍ സജ്ജീകരിച്ചിരുന്നു. ആരോഗ്യവകുപ്പ് ജീവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ വോളിന്റിയര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, നഴ്‌സിങ് വിദ്യാര്‍ഥികള്‍, സന്നദ്ധസംഘടനാ പ്രതിനിധികള്‍ വാക്‌സിന്‍ വിതരണത്തില്‍ പങ്കാളികളായി. ബസ്സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ 55 ട്രാന്‍സിറ്റ് ബൂത്തുകളും 178 മൊബൈല്‍ ബൂത്തുകളും പ്രവര്‍ത്തിച്ചു.
Next Story

RELATED STORIES

Share it