Flash News

വാക്‌സിന്‍ അഴിമതി : ഉദ്യോഗസ്ഥരെ ജയിലിലേക്ക് മാറ്റാന്‍ ഉത്തരവ്



തിരുവനന്തപുരം: ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടറായ ഡോ. വി കെ രാജനെ മെഡിക്കല്‍ കോളജിലെ ജയില്‍ സെല്ലിലേക്കും മുന്‍ ഡിഎംഒയായ ഡോ. കെ ഷൈലജയെ വനിതാ ജയിലിലേക്കും മാറ്റാന്‍ വിജിലന്‍സ് കോടതി ജഡ്ജി എ ബദറുദ്ദീന്‍ ഉത്തരവിട്ടു. ഉത്തരവ് അടിയന്തരമായി നടപ്പാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്പി ആര്‍ സുകേശന് കോടതി നിര്‍ദേശം നല്‍കി. സ്വകാര്യ കമ്പനിയില്‍ നിന്ന് വാക്‌സിന്‍ വാങ്ങിയതില്‍ ക്രമക്കേട് നടത്തിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ഇരുവരെയും കഴിഞ്ഞ ദിവസമാണ് അഞ്ചുവര്‍ഷം തടവിനും പിഴയൊടുക്കാനും കോടതി ശിക്ഷിച്ചത്. എന്നാല്‍, ജയിലില്‍ പോവുന്നതൊഴിവാകാന്‍ ഇരുവരും ആശുപത്രിയില്‍ അഡ്മിറ്റാവുകയായിരുന്നു. പ്രതികളെ ജയില്‍ ശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിച്ച ഡോകടര്‍മാരെ ഇന്നലെ കോടതിയില്‍ വിളിച്ചു വരുത്തിയിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൂപ്രണ്ട് ഡോ. ഷര്‍മദ്, ഡോ. രാജശേഖരന്‍, ഫോര്‍ട്ട് ആശുപത്രിയിലെ ഡോ. പ്രിയങ്ക എന്നിവരുടെ വിശദമായ മൊഴിയും കോടതി രേഖപ്പെടുത്തി.  പ്രതികളെ പരിശോധിച്ച ഡോക്ടര്‍മാരുടെ മൊഴിയും ശ്രീചിത്രാ മെഡിക്കല്‍ സെന്ററിലെ വൈദ്യപരിശോധനാ സംഘത്തിന്റെ റിപോര്‍ട്ടും വൈരുധ്യമായിരുന്നു. ഇതു പരിഗണിച്ചാണ് കോടതി പ്രതികളെ ജയില്‍ സെല്ലിലേക്കും ജയിലിലേക്കും മാറ്റാന്‍ നിര്‍ദേശിച്ചത്. തുടര്‍ന്ന് ഷൈലജയെ പിന്നീട് അട്ടക്കുളങ്ങര വനിതാ ജയിലിലേക്കു മാറ്റി.
Next Story

RELATED STORIES

Share it