Flash News

വാക്‌സിന്‍ അഴിമതി : ആറുപേര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വിജിലന്‍സ് കോടതി



തിരുവനന്തപുരം: വാക്‌സിന്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ആരോഗ്യവകുപ്പ് മുന്‍ ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ അഡ്മിറ്റാക്കി ജയിലില്‍ കഴിയുന്നത് ഒഴിവാക്കാന്‍ സഹായിച്ചവര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഷെര്‍മദ്, ഡോ. രാജശേഖരന്‍, ഡോ. പ്രിയങ്ക, വഞ്ചിയൂര്‍ എസ്‌ഐ അശോക്കുമാര്‍ എന്നിവര്‍ക്കും അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍ വി കെ രാജന്‍, മുന്‍ ഡിഎംഒ കെ ഷൈലജയ്ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി വിജിലന്‍സിന് നിര്‍ദേശം നല്‍കിയത്.കുറ്റക്കാര്‍ക്കെതിരേ ഗൂഢാലോചന, പാരിതോഷികം കൈപ്പറ്റല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് പായ്ച്ചിറ നവാസ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിയില്‍ വിജിലന്‍സ് കോടതി ശിക്ഷിച്ച ഡോക്ടര്‍മാരായ വി കെ രാജനെയും കെ ഷൈലജയെയും സഹായിച്ചുവെന്നും അഞ്ച് വര്‍ഷം കഠിനതടവിന് ശിക്ഷിച്ച ഇവരുടെ ജയില്‍വാസം ഒഴിവാക്കാന്‍ ശ്രമിച്ചു എന്നുമാണ് കുറ്റം. കഴിഞ്ഞ രണ്ടിനാണ് ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍ വി കെ രാജനെയും മുന്‍ ഡിഎംഒ കെ ഷൈലജയെയും അഞ്ചുവര്‍ഷം കഠിനതടവിനും പിഴയൊടുക്കാനും ശിക്ഷിച്ചത്. കോടതി വിധി വന്ന വൈകീട്ട് ഇരുവരും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നെന്ന് പോലിസിനെ അറിയിക്കുകയും തുടര്‍ന്ന് ഫോര്‍ട്ട് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലും ചികില്‍സ തേടുകയും അഡ്മിറ്റാവുകയുമായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട കോടതി, അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്പി ആര്‍ സുകേശനോട് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടറായിരുന്ന പ്രതികള്‍ തങ്ങളുടെ ഉന്നത സ്വാധീനം ഉപയോഗിച്ച് ജയില്‍വാസം ഒഴിവാക്കാന്‍ ശ്രമിച്ചതായി സംശയമുണ്ടെന്നായിരുന്നു സുകേശന്‍ കോടതിയെ അറിയിച്ചത്. അതേസമയം, ഡോക്ടര്‍ വി കെ രാജന്‍, ഡോക്ടര്‍ കെ ഷൈലജ എന്നിവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. വിജിലന്‍സ് കോടതി കേസ് ജൂണ്‍ ആറിന് പരിഗണിക്കും.
Next Story

RELATED STORIES

Share it