World

വാക്ക് പാലിച്ച് ഉത്തര കൊറിയ; ആണവകേന്ദ്രം തകര്‍ത്തു

പ്യോങ്‌യാങ്: വിദേശ മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഉത്തര കൊറിയ ആണവ നിലങ്ങള്‍ തകര്‍ത്തു. വ്യാഴാഴ്ചയാണ് ഉത്തര  കൊറിയ രാജ്യത്തെ ഏക ആണവ പരീക്ഷണ കേന്ദ്രമായ പൂങ്‌ഗെ-റി പര്‍വതനിരകളിലെ നിലയങ്ങള്‍ സ്‌ഫോടനത്തില്‍ തകര്‍ത്തത്്.
കഴിഞ്ഞ ഏപ്രിലില്‍ ദക്ഷിണ കൊറിയന്‍ നേതാവ് മൂണ്‍ ജെ ഇന്നുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ മേഖല ആണവ വിമുക്തമാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെ അണ്വായുധങ്ങളുടെയും ഭൂഖണ്ഡാന്തര മിസൈലുകളുടെയും തുടര്‍ പരീക്ഷണങ്ങള്‍ നിര്‍ത്തിവയ്ക്കുമെന്നും ആണവ നിലയങ്ങള്‍  തകര്‍ക്കുമെന്നും ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ പ്രഖ്യാപിച്ചിരുന്നു.
പൂങ്‌ഗെ-റിയില്‍ വച്ചായിരുന്നു കഴിഞ്ഞ സപ്തംബറില്‍ അത്യാധുനിക ബാലിസ്റ്റിക് മിസൈലുകളടക്കം ആറ് ആണവ പരീക്ഷണങ്ങളും ഉത്തര കൊറിയ നടത്തിയത്. പര്‍വതം തുരന്നായിരുന്നു മൂന്ന് ആണവ പരീക്ഷണ കേന്ദ്രങ്ങള്‍ നിര്‍മിച്ചിരുന്നത്.  സ്‌ഫോടനത്തിനു പിന്നാലെ തുരങ്കത്തിലേക്കുള്ള വാതിലുകളും അടച്ചു.
റേഡിയോ ആക്റ്റീവ് വികിരണങ്ങള്‍ പുറത്തേക്ക് എത്തിയിട്ടില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് ഉത്തര കൊറിയ വ്യക്തമാക്കി.
സമീപ പ്രദേശങ്ങള്‍ക്കു യാതൊരു കേടുപാടുകളും വരുത്താതെയാണു കേന്ദ്രം തകര്‍ത്തത്. രാജ്യാന്തര തലത്തില്‍ അണ്വായുധ നിര്‍വ്യാപീകരണത്തിലേക്കുള്ള നിര്‍ണായക ചുവടുവയ്പാണ് ഇതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെസിഎന്‍എ വ്യക്തമാക്കി. റിപോര്‍ട്ടര്‍മാര്‍ക്കൊപ്പം രാജ്യാന്തര വാര്‍ത്താ ഏജന്‍സിയുടെ വീഡിയോഗ്രാഫര്‍മാരെ ഉള്‍പ്പെടെ ആണവകേന്ദ്രം തകര്‍ക്കുന്നതിനു സാക്ഷിയാവാന്‍ ക്ഷണിച്ചിരുന്നു. അതേസമയം, രാജ്യാന്തര അണ്വായുധ നിരീക്ഷകരെ ഇതിന് സാക്ഷിയാവാന്‍ അനുവദിച്ചില്ലെന്നും ആക്ഷേപമുണ്ട്്.
ഒമ്പതു മണിക്കൂറോളം നീണ്ട തുടര്‍ സ്‌ഫോടനങ്ങള്‍ക്കൊടുവിലാണ് ആണവകേന്ദ്രം തകര്‍ത്തത്. പര്‍വതം തുരന്നു മൂന്നു തുരങ്കങ്ങളിലായിട്ടായിരുന്നു പരീക്ഷണകേന്ദ്രങ്ങള്‍. പ്രാദേശിക സമയം രാവിലെ 11നായിരുന്നു ആദ്യ സ്‌ഫോടനം. ആണവ കേന്ദ്രത്തിന്റെ വടക്കു ഭാഗത്തെ തുരങ്കമാണ് ആദ്യം തകര്‍ത്തത്. 2009നും 2017നും ഇടയ്ക്ക് ഇവിടെ മാത്രം അഞ്ച് ആണവ പരീക്ഷണങ്ങളാണു നടത്തിയിരുന്നത്.
ഉച്ചയ്ക്ക് 2.20നും വൈകീട്ട് നാലിനുമായിരുന്നു ശേഷിച്ച രണ്ടു സ്‌ഫോടനങ്ങള്‍. അതില്‍  പടിഞ്ഞാറ്, തെക്കുവശത്തുള്ള തുരങ്കങ്ങള്‍ തകര്‍ത്തു. സമീപപ്രദേശങ്ങളില്‍ ആണവ കേന്ദ്രവുമായി ബന്ധ കെട്ടിടങ്ങളും ബാരക്കുകളും തകര്‍ത്തിട്ടുണ്ട്്
ഐക്യരാഷ്ട്ര സംഘടന, യുഎസ്, യൂറോപ്യന്‍ യൂനിയന്‍ എന്നിവ ഏര്‍പ്പെടുത്തിയ കടുത്ത ഉപരോധങ്ങള്‍ക്കു നടുവില്‍ കഴിഞ്ഞ വര്‍ഷമാണ് ഉത്തര കൊറിയ അവസാനമായി ആണവ പരീക്ഷണം നടത്തിയത്.
അതേസമയം, ഉത്തര കൊറിയ ആണവ നിലയങ്ങള്‍ തകര്‍ത്ത നടപടിയെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുത്തേറഷ്‌സ്വാഗതം ചെയ്തു. എന്നാല്‍ അന്താരാഷ്ട്ര വിദഗ്ധരെ നിലയം തകര്‍ക്കുന്നതു വീക്ഷിക്കാന്‍ ക്ഷണിക്കാത്തത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it