വാക്കു പാലിക്കില്ലെങ്കില്‍ ദയാവധം നല്‍കൂ: മുഖ്യമന്ത്രിക്ക് ചിത്രലേഖയുടെ തുറന്ന കത്ത്

തിരുവനന്തപുരം: ദയാവധം നടപ്പാക്കാനാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ചിത്രലേഖയുടെ തുറന്ന കത്ത്. ജനിച്ച മണ്ണില്‍ തൊഴില്‍ചെയ്ത് മാന്യമായി ജീവിക്കാനുള്ള അവകാശപോരാട്ടത്തിനിടയില്‍ പുനരധിവാസം വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി വാക്കുപാലിക്കുക എന്ന ആവശ്യമുന്നയിച്ച് സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല രാപ്പകല്‍ സമരം ചെയ്യുന്ന ചിത്രലേഖ, സമരം ഒരു മാസം പിന്നിട്ട വേളയിലാണ് മുഖ്യമന്ത്രിക്ക് തുറന്ന കത്തു നല്‍കിയത്.
11 വര്‍ഷമായി സൈ്വര്യമായി ജോലിചെയ്തു ജീവിക്കാന്‍ വേണ്ടി നടത്തുന്ന അതിജീവന സമരത്തിന്റെ ഭാഗമായി 122 ദിവസം കണ്ണൂര്‍ കലക്ടറേറ്റിനു മുന്നില്‍ രാപ്പകല്‍ സമരത്തിലായിരുന്നു. 122ാം ദിവസം മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് കണ്ണൂര്‍ ഗസ്റ്റ്ഹൗസില്‍ വിളിക്കുകയും ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്തതിനാല്‍ സമരം പിന്‍വലിക്കുകയായിരുന്നെന്ന് ചിത്രലേഖ പറഞ്ഞു. ഒരു വര്‍ഷമായിട്ടും തന്ന ഉറപ്പു പാലിക്കാന്‍ മുഖ്യമന്ത്രിക്കു സാധിച്ചില്ല.
അതിനു കാരണം താന്‍ ജനിച്ച സ്വത്വത്തിന്റെ ഭാഗമാണ് എന്നു മനസിലാക്കുന്നു. ജീവിക്കാന്‍ പറ്റാത്ത സാഹചര്യം ആയതിനാല്‍ സര്‍ക്കാര്‍ തനിക്ക് ദയാവധം നല്‍കാന്‍ അപേക്ഷിക്കുന്നു. അല്ലെങ്കില്‍ തനിക്കും കുടുംബത്തിനും എന്തുതന്നെ സംഭവിച്ചാലും അതിന് ഉത്തരവാദിത്തം ജനകീയ മുഖ്യമന്ത്രിക്കുതന്നെ ആയിരിക്കുമെന്നും ചിത്രലേഖ തുറന്ന കത്തില്‍ ഓര്‍മിപ്പിക്കുന്നു.
Next Story

RELATED STORIES

Share it