Idukki local

വാക്കുതര്‍ക്കം: സഹോദരീ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍

രാജാക്കാട്: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സഹോദരിയുടെ ഭര്‍ത്താവിനെ വിറകു കമ്പിന് അടിച്ചുകൊലപ്പെടുത്തിയശേഷം ഒളിവില്‍പ്പോയ പ്രതിയെ അടിമാലിയില്‍ നിന്ന് പോലിസ് പിടികൂടി. പൂപ്പാറ പന്നിയാര്‍ എസ്റ്റേറ്റ്‌തൊഴിലാളി ബാലമുരുകനാണ് പിടിയിലായത്. ഇതേ എസ്റ്റേറ്റിലെ തൊഴിലാളി ഗണേശനാണു കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്.
ഗണേശന്റെ ഭാര്യാസഹോദരനാണു ബാലമുരുകന്‍. തമിഴ്‌നാട്ടുകാരായ ഇരുവരുടെയും കുടുംബങ്ങള്‍ എസ്റ്റേറ്റ് ലയത്തില്‍ അടുത്തടുത്താണു താമസം. മദ്യം വാങ്ങി ലയത്തില്‍ എത്തിച്ച് ചില്ലറവില്‍പ്പന നടത്തുന്ന ഇടപാട് ബാലമുരുകനുണ്ട്. ഞായറാഴ്ച്ച വൈകീട്ട് ഗണേശന്‍ ഇത് വാങ്ങിക്കഴിക്കുകയും ലഹരിയിലായിരുന്ന ഇരുവരും തമ്മില്‍ വഴക്കിടുകയും ചെയ്തു. തുടര്‍ന്ന് ബാലമുരുകന്‍ വിറകെടുത്ത് ഗണേശന്റെ തലയ്ക്കു നിരവധി തവണ അടിച്ചു. ഇരുവരും തമ്മില്‍ വഴക്കിടുന്നത് പതിവായതിനാല്‍ ഒച്ചപ്പാടും ബഹളവും ലയത്തിലെ മറ്റ് തൊഴിലാളികള്‍  ശ്രദ്ധിച്ചില്ല. പരിക്കേറ്റ ഗണേശനെ തിങ്കളാഴ്ച്ച രാവിലെ ഭാര്യ മുനീശ്വരി പൂപ്പാറയില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
മരത്തില്‍നിന്നു വീണതാണെന്നാണ് ഡോക്ടറോട് പറഞ്ഞത്. അവശനിലയിലായിരുന്ന ഇയാളെ വിദഗ്ധ ചികില്‍സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക്‌റഫര്‍ ചെയ്തു. എന്നാല്‍ ചെലവിനും ചികില്‍സയ്ക്കും  പണമില്ലാതിരുന്നതിനാല്‍ ഭാര്യ ഇയാളെ വീട്ടിലേക്കു തിരികെ കൊണ്ടുപോകുകയാണു ചെയ്തത്.
തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് പിരിവെടുത്ത് പണം കണ്ടെത്തുകയും ചൊവ്വാഴ്ച്ച രാവിലെ തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവാന്‍ തയ്യാറെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ തിങ്കളാഴ്ച്ച രാത്രി നില വഷളായി എട്ടരയോടെ മരിക്കുകയായിരുന്നു. ഇതോടെ പ്രതിയായ ബാലമുരുകന്‍ ഒളിവില്‍പ്പോവുകയായിരുന്നു. തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തില്‍ പ്രതി അടിമാലി മേഖലയില്‍ എത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചു. തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Next Story

RELATED STORIES

Share it