Sports

ഇന്ത്യാ-ദക്ഷിണാഫ്രിക്ക അവസാന മല്‍സരം ഇന്ന്‌

ഇന്ത്യാ-ദക്ഷിണാഫ്രിക്ക അവസാന മല്‍സരം ഇന്ന്‌
X


india-cricketമുംബൈ: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള അഞ്ചാം ഏകദിനം ഇന്ന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ അരങ്ങേറും. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമും ഒപ്പത്തിനൊപ്പമായതിനാല്‍ (2-2) ഇന്നത്തേത് കിരീട പോരാട്ടമായി മാറിയിരിക്കുകയാണ്.
കാണ്‍പൂരില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക അഞ്ച് റണ്‍സിന് ജയിച്ചുകയറിയപ്പോള്‍ ഇന്‍ഡോറില്‍ അരങ്ങേറിയ രണ്ടാമങ്കത്തില്‍ ആതിഥേയര്‍ 22 റണ്‍സിന് വെന്നികൊടി നാട്ടി. രാജ്‌കോട്ടില്‍ നടന്ന മൂന്നാമങ്കത്തില്‍ സന്ദര്‍ശകര്‍ 18 റണ്‍സിന് ജയിച്ചു വീണ്ടും മുന്നിലെത്തി. എന്നാല്‍, ചെന്നൈയില്‍ നടന്ന നിര്‍ണായക നാലാം ഏകദിനത്തില്‍ 35 റണ്‍സിന്റെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ പരമ്പരയില്‍ 2-2ന് ഒപ്പമെത്തുകയായിരുന്നു.
ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറുടെ വിടവാങ്ങല്‍ മല്‍സരമാണ് അവസാനമായി വംഖഡെയില്‍ നടന്ന അന്താരാഷ്ട്ര മല്‍സരം. അന്ന് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസായിരുന്നു ഇന്ത്യയുടെ എതിരാളി. അവസാനമായി ഇവിടെ ഒരു അന്താരാഷ്ട്ര ഏകദിനം മല്‍സരം അരങ്ങേറിയത് 2011 ഒക്ടോബറിലാണ്. അന്ന് എതിരാളികളായിരുന്ന ഇംഗ്ലണ്ടിനെ ഇന്ത്യ ആറു വിക്കറ്റിന് തകര്‍ത്തുവിടുകയും ചെയ്തിരുന്നു. സചിന്റെ ചരിത്ര വിടവാങ്ങലിനു ശേഷം വീണ്ടുമൊരു കിരീടപോരാട്ടം വാംഖഡെയില്‍ അരങ്ങേറുമ്പോള്‍ ഇന്ത്യന്‍ ടീമിനെ പ്രോല്‍സാഹിപ്പിക്കാനായി ആരാധകര്‍ ഒഴുകിയെത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.
ഉപനായകന്‍ വിരാട് കോഹ്‌ലി സെഞ്ച്വറിയുമായി തിളങ്ങിയതും ബൗളര്‍മാര്‍ തങ്ങളുടെ റോള്‍ ഭംഗിയായി നിറവേറ്റിയതുമാണ് നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയം നേടിക്കൊടുത്തത്. ഒരു ഇടവേളയ്ക്കു ശേഷം സുരേഷ് റെയ്‌ന അര്‍ധസെഞ്ച്വറിയുമായി ഫോമിലേക്ക് തിരിച്ചെത്തുന്നുവെന്ന ശുഭസൂചന മല്‍സരത്തില്‍ നല്‍കുകയും ചെയ്തിരുന്നു.
കോഹ്‌ലിയെ കൂടാതെ രോഹിത് ശര്‍മ, ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി എന്നിവരാണ് ഇന്ത്യന്‍ ബാറ്റിങില്‍ മികവ് തെളിയിക്കാറുള്ളത്. എന്നാല്‍, ഓപണര്‍ ശിഖര്‍ ധവാന്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. ഇന്ന് നടക്കുന്ന ഫൈനലിന് സമാനമായ മല്‍സരത്തില്‍ ധവാനില്‍ നിന്ന മികച്ചൊരു ഇന്നിങ്‌സാണ് ടീം ഇന്ത്യ പ്രതീക്ഷിക്കുന്നത്. ധവാനു പകരം അമ്പാട്ടി റായുഡുവിനെ ഇന്നത്തെ കളിയില്‍ പരീക്ഷിച്ചേക്കുമെന്ന അഭ്യൂഹമുണ്ട്.
ട്വന്റി പരമ്പര കൈവിട്ടതിനാല്‍ നാട്ടുകാര്‍ക്കു മുന്നില്‍ ഏകദിന പരമ്പര സ്വന്തമാക്കേണ്ടത് ധോണിക്കും കൂട്ടര്‍ക്കും അഭിമാനപ്രശ്‌നമായി മാറിയിരിക്കുകയാണ്. ട്വന്റി, ഏകദിന പരമ്പരയ്ക്കു പുറമേ ടെസ്റ്റിലും ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കൊമ്പുകോര്‍ക്കും. ഇന്ത്യക്കു വേണ്ടി കര്‍ണാടക പേസര്‍ ശ്രീനാഥ് അരവിന്ദ് ഇന്നത്തെ കളിയിലൂടെ അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ മോഹിത് ശര്‍മയ്ക്ക് പുറത്തിരിക്കേണ്ടിവരും. മറ്റു കാര്യമായ മാറ്റങ്ങളൊന്നും ടീമില്‍ വരുത്താന്‍ ഇന്ത്യ ഉദ്ദേശിക്കുന്നില്ല.
അതേസമയം, ട്വന്റിയ്ക്കു പുറമേ ഏകദിനത്തിലും ഇന്ത്യയെ തകര്‍ത്ത് കിരീടം നേടാനുള്ള കഠിന തയ്യാറെടുപ്പിലാണ് എബി ഡിവില്ലിയേഴ്‌സിനു കീഴില്‍ ദക്ഷിണാഫ്രിക്ക. ഡിവില്ലിയേഴ്‌സിന്റെ തകര്‍പ്പന്‍ ഫോമില്‍ തന്നെയാണ് ആഫ്രിക്കന്‍ ടീമിന്റെ പ്രതീക്ഷകളും. എന്നാല്‍, വിശ്വസ്തനായ ഓപണര്‍ ഹാഷിം അംല ഏകദിന പരമ്പരയില്‍ നിറംമങ്ങിയത് ദക്ഷിണാഫ്രിക്കന്‍ ക്യാംപിനെ അലട്ടുന്നുണ്ട്.
നാലു മല്‍സരങ്ങളില്‍ 16.50 ബാറ്റിങ് ശരാശരിയില്‍ 66 റണ്‍സ് മാത്രമാണ് അംലയ്ക്ക് ആകെ നേടാനായത്. ഇന്നത്തെ മല്‍സരത്തില്‍ അംല ഫോമില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ദക്ഷിണാഫ്രിക്കന്‍ ടീം. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ മല്‍സരം നഷ്ടമായ പേസര്‍ മോര്‍നെ മോല്‍ക്കല്‍ ഇന്ന് ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തിരിച്ചെത്തിയേക്കും. മോര്‍ക്കലെത്തുകയാണെങ്കില്‍ സന്ദര്‍ശകര്‍ക്ക് അത് വന്‍ ആശ്വാസമാവും.
Next Story

RELATED STORIES

Share it