വസ്ത്രസ്വാതന്ത്ര്യ ലംഘനത്തിനെതിരേ ജനങ്ങള്‍ രംഗത്തുവരണം: സി എ റഊഫ്

വസ്ത്രസ്വാതന്ത്ര്യ ലംഘനത്തിനെതിരേ ജനങ്ങള്‍  രംഗത്തുവരണം: സി എ റഊഫ്
X
Raufതിരുവനന്തപുരം: അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ വിദ്യാര്‍ഥിനികള്‍ക്ക് വസ്ത്രനിയന്ത്രണം ഏര്‍പ്പെടുത്തിയ സിബിഎസ്ഇയുടെ ഭരണഘടനാ ലംഘനത്തിനെതിരേ എല്ലാവിഭാഗം ജനങ്ങളും രംഗത്തുവരണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി എ റഊഫ്. മെഡിക്കല്‍പ്രവേശന പരീക്ഷയുടെ വസ്ത്രനിയന്ത്രണം പിന്‍വലിക്കുക എന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിബിഎസ്ഇ റീജ്യനല്‍ ഓഫിസിലേക്കു നടത്തിയ മാര്‍ച്ചും ഉപരോധവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇഷ്ടമുള്ളതും മാന്യവുമായ വസ്ത്രം ധരിക്കാന്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും അവകാശമുള്ള ജനാധിപത്യ ഇന്ത്യയില്‍ സിബിഎസ്ഇയുടെ നടപടി വര്‍ഗീയപരമാണ്. വിദ്യാഭ്യാസ മേഖലയില്‍ കടുത്ത വര്‍ഗീയത നടപ്പാക്കാനാണ് ഭരണകൂടത്തിന്റെ ശ്രമം. ക്രമക്കേടു തടയാനെന്ന പേരില്‍ ഹാഫ്സ്ലീവ് വസ്ത്രം മാത്രം ധരിച്ചാല്‍ മതിയെന്ന മാനുവലിലെ മാനദണ്ഡം മുസ്‌ലിം വിദ്യാര്‍ഥിനികളുടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്. വിവിധ പരീക്ഷകള്‍ക്ക് മറ്റ് വിദ്യാഭ്യാസ ബോര്‍ഡുകള്‍ക്ക് ഒന്നും ബാധകമല്ലാത്ത ജനാധിപത്യവിരുദ്ധമായ മാനദണ്ഡമാണ് സിബിഎസ്ഇ മുന്നോട്ടുവച്ചിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളെ പ്രകോപിപ്പിച്ച് വര്‍ഗീയസംഘര്‍ഷം ഉണ്ടാക്കി മുതലെടുപ്പു നടത്താനുള്ള ബോധപൂര്‍വമായ ശ്രമമാണിത്. മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലേറിയ ശേഷമാണ് ഇത്തരമൊരു നീക്കം സിബിഎസ്ഇ നടത്തുന്നത്.
വിദ്യാര്‍ഥികളുടെ ന്യായമായ അവകാശം നേടിയെടുക്കാനുള്ള സമരത്തിനുള്ള അനുമതിക്കായി ക്രൈംബ്രാഞ്ച് എസ്പിയെ സമീപിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ക്കെതിരേ യുഎപിഎ പ്രയോഗിക്കുമെന്നും ഇത് ബംഗ്ലാദേശോ പാകിസ്താനോ ഒന്നുമല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി. എന്നാല്‍, ഇത്തരം ഭീഷണികളൊന്നും കാംപസ് ഫ്രണ്ടിനു മുന്നില്‍ വിലപ്പോവില്ല.
മെയ് ഒന്നിനാണ് എന്‍ട്രന്‍സ് പരീക്ഷയെന്നിരിക്കെ മാനദണ്ഡം പിന്‍വലിക്കാന്‍ സിബിഎസ്ഇക്ക് ഇനിയും സമയമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവാദ മാന്വല്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ റീജ്യനല്‍ ഡയറക്ടര്‍ക്ക് നിവേദനം നല്‍കി. വിഷയം സിബിഎസ്ഇ ഡയറക്ടറുടെ ശ്രദ്ധയില്‍പ്പെടുത്താമെന്നും ആവശ്യമായ മാറ്റം വരുത്താമെന്നും അദ്ദേഹം ഉറപ്പുനല്‍കിയതായി നേതാക്കള്‍ അറിയിച്ചു. ഉപരോധത്തില്‍ വിദ്യാര്‍ഥികള്‍ വിവാദ മാന്വല്‍ കത്തിച്ചു. സംസ്ഥാന ജന. സെക്രട്ടറി ടി അബ്ദുല്‍ നാസര്‍, മറ്റ് ഭാരവാഹികളായ മുഹമ്മദ് രിഫ, സി കെ റാഷിദ്, സി പി അജ്മല്‍, ഫര്‍സാന, ഫാഇസ, ആസിഫ് മാര്‍ച്ചിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it