Flash News

വസ്ത്രമഴിച്ചു പരിശോധന : നാല് അധ്യാപികമാര്‍ക്കെതിരേ കേസ്



കണ്ണൂര്‍: നീറ്റ് പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിച്ചു പരിശോധിച്ച സംഭവത്തില്‍ ഇന്‍വിജിലേറ്റര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് അധ്യാപികമാര്‍ക്കെതിരേ കേസ്. പയ്യന്നൂര്‍ കുഞ്ഞിമംഗലം കൊവ്വപ്പുറം ടിഐഎസ്‌കെ (ടിസ്‌ക്) ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികമാരായ ഷീജ, സഫീന, ബിന്ദു, ഷാഹിന എന്നിവര്‍ക്കെതിരേയാണ് പരിയാരം മെഡിക്കല്‍ കോളജ് പോലിസ് കേസെടുത്തത്. ചെറുവത്തൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് നടപടി. ആരോപണവിധേയരായ അധ്യാപികമാരെ സ്‌കൂള്‍ മാനേജ്‌മെന്റ് ഒരു മാസത്തേക്ക് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ സ്‌കൂളിന് പങ്കില്ലെന്നും സിബിഎസ്ഇ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്ന് പരീക്ഷാ ഡ്യൂട്ടിക്കു നിശ്ചയിച്ചവരാണ് ഇതു ചെയ്തതെന്നും മാനേജര്‍ മുഹമ്മദ് ബഷീര്‍ സഅദി പറഞ്ഞു. സ്‌കൂളിലേക്ക് ഇന്നലെ ഡിവൈഎഫ്‌ഐ മാടായി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഡിവൈഎഫ്‌ഐ ഭാരവാഹികളും മാനേജ്‌മെന്റും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്നു കണ്ടെത്തിയ അധ്യാപികമാരെ സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണത്തിന്  പ്രത്യേക സമിതിയെയും മാനേജ്‌മെന്റ് നിയോഗിച്ചിട്ടുണ്ട്. അതേസമയം, സ്‌കൂള്‍ പ്രിന്‍സിപ്പലിനെ ഉള്‍പ്പെടെ സംരക്ഷിക്കുന്ന നടപടിയാണ് മാനേജ്‌മെന്റ് സ്വീകരിച്ചതെന്നാണ് ആരോപണം. അധ്യാപികമാരെ ബലിയാടാക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നും ആക്ഷേപമുണ്ട്. നീറ്റ് പരീക്ഷയ്‌ക്കെത്തിയ തങ്ങളെ ഇന്‍വിജിലേറ്റര്‍മാര്‍ നിര്‍ബന്ധിച്ച് വസ്ത്രമഴിപ്പിച്ചെന്നാണ് വിദ്യാര്‍ഥിനികളുടെ വെളിപ്പെടുത്തല്‍. പരിശോധനയ്ക്കിടെ മെറ്റല്‍ ഡിറ്റക്ടറില്‍നിന്ന് ബീപ് ശബ്ദമുണ്ടായി. അടിവസ്ത്രത്തിലെ മെറ്റല്‍ ഹുക്കാണെന്നു വ്യക്തമാക്കിയിട്ടും ഇതു മാറ്റാതെ പരീക്ഷയ്ക്കിരുത്തില്ലെന്ന നിലപാടിലായിരുന്നു ഇന്‍വിജിലേറ്റര്‍മാര്‍. തുടര്‍ന്ന് നിര്‍ബന്ധിച്ച് വസ്ത്രമഴിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ജില്ലാ പോലിസ് മേധാവി ജി ശിവവിക്രം സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിച്ചു. സ്‌കൂളുകളിലെ വനിതാ ജീവനക്കാരുടെ അമിതാവേശമാണ് വീഴ്ചയ്ക്കു കാരണമെന്നാണ് റിപോര്‍ട്ടിലെ പ്രധാന പരാമര്‍ശം. അതിനിടെ,  കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി പുതിയപുരയില്‍ വീട്ടില്‍ രജിത്ത്  നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ കുറുപ്പംപടി സെന്റ് മേരീസ് പബ്ലിക് സ്‌കൂളിലെ  ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുത്തു. ഷര്‍ട്ടിന്റെ കൈ മുറിച്ചുകളയുകയും അപമാനിക്കുകയും ഹാള്‍ ടിക്കറ്റിലെ അപാകത ചൂണ്ടിക്കാട്ടി പരീക്ഷ എഴുതാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പുതിയ ഫോട്ടോ ഒട്ടിച്ച് മുദ്രയും തിയ്യതിയും പതിപ്പിക്കാന്‍ അധികൃതര്‍ 200 രൂപ അവശ്യപ്പെട്ടതായും ഇത് നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് തന്നെ പരീക്ഷ എഴുതാന്‍ അനുവദിക്കാതിരുന്നതെന്നും  രജിത്ത് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it