വഷളന്‍മാര്‍ ജനപ്രതിനിധികളാവുന്നു: അടൂര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: ഉത്തരേന്ത്യയിലെ പോലെ വഷളന്‍മാരാണ് കേരളത്തിലും ജനപ്രതിനിധികളായി വരുന്നതെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. രണ്ടു ദിവസം നീളുന്ന സംസ്‌കാരസാഹിതി സംസ്ഥാന ശില്‍പശാല പ്രതിരോധത്തിന്റെ വര്‍ത്തമാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നല്ല കര്‍മകുശലതയും ജനങ്ങളെ സേവിക്കാന്‍ മനസ്സുമുള്ളവരെയാണ് രാഷ്ട്രീയ പ്പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കേണ്ടത്. പലപ്പോഴും അറു വഷളന്‍മാരും കേസുകളിലെ പ്രതികളുമൊക്കെയാണ് ജനപ്രതിനിധികളായി വരുന്നത്. ജനാധിപത്യം അപകടാവസ്ഥയിലാണെന്നും റൗഡികള്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ കാലാളുകളായി നയിക്കുന്ന അവസ്ഥയുണ്ടാവുന്നതായും അടൂര്‍ പറഞ്ഞു. അടൂര്‍ ഗോപാലകൃഷ്ണന്‍, നടന്‍ മധു, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചേര്‍ന്ന് ഭദ്രദീപം കൊളുത്തിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. സഹിഷ്ണുത ഇല്ലാതാവുന്നതാണ് ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനങ്ങളുടെ റേഷന്‍ വെട്ടിക്കുറച്ചതിനെതിരെയുള്ള സര്‍വകക്ഷി നിവേദന സംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തത് ഏറെ വേദനിപ്പിച്ചതായും ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്‌കാരസാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it