wayanad local

വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത സംഭവം; പരിശോധന നടത്താത്തതില്‍ പ്രതിഷേധം

പനമരം: വാകേരി മൂടക്കൊല്ലി ആനകുഴിയില്‍ നിര്‍മ്മാണം നടക്കുന്ന റിസോര്‍ട്ട് കെട്ടിടത്തിനുള്ളില്‍ വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ പരിശോധന നടത്താത്ത ആരോഗ്യവകുപ്പിന്റെ നടപടിയില്‍ പ്രതിഷേധം. 25ളം വവ്വാലുകളെയാണ് ചത്ത നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആരോഗ്യ വകുപ്പ് അധികൃതര്‍ ഇവയെ കുഴിച്ചു മൂടി. വവ്വാലുകള്‍ ചത്തൊടുങ്ങിയതിന്റെ കാരണം പോലും അന്വേഷിക്കാതെ ഒരു പരിശോധനയും നടത്താതെ വവ്വാലുകളെ അവിടെ തന്നെ കുഴിച്ചുമൂടിയതാണ് പ്രതിഷേധത്തിനും കാരണമായത്.
മൂടക്കൊല്ലി ആനകുഴി വനാതിര്‍ത്തിയില്‍ നിര്‍മ്മാണം പാതിവഴിയില്‍ നിലച്ച കെട്ടിടത്തിന്റെ കോണിയുടെ ഇരുണ്ട മുറിക്കുള്ളിലാണ് വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. കുട്ടത്തോടെ വവ്വാലുകള്‍ ചത്തത് എന്ത് കാരണത്താലാണന്ന ആശങ്കയിലാണ് നാട്ടുകാര്‍. ഈ കെട്ടിടത്തിനുള്ളില്‍ ഇനിയും അഞ്ചോളം വവ്വാലുകള്‍ തൂങ്ങി കിടപ്പുണ്ട്.
ഇവയും ഏത് സമയവും ചത്ത് വീഴാം എന്ന അവസ്ഥയിലാണ്. വിവരമറിഞ്ഞ് ആരോഗ്യ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ചത്ത വവ്വാലുകളെ അണുവിമുക്തമാക്കിയതിന് ശേഷം അവിടെ തന്നെ കുഴിച്ചുമൂടുകയായിരുന്നു. എന്ത് രോഗം ബാധിച്ചാണ് വവ്വാല്‍ ചത്തെതെന്ന് വേണ്ട പരിശോധന നടത്താന്‍ സാമ്പിളുകള്‍ പോലും എടുത്തിട്ടില്ലന്ന് പ്രദേശവാസികള്‍ പറഞ്ഞു.
നിപ്പ വൈറസ് ബാധ ജില്ലയില്‍ റിപോര്‍ട്ട് ചെയ്തിട്ടില്ലങ്കിലും നിപ്പ വൈറസ് പരത്തിയത് വവ്വാലുകള്‍ ആണെന്ന് തെളിയിക്കപെട്ടതിന് ശേഷമാണ് മുടക്കൊല്ലിയില്‍ ഇത്തരത്തില്‍ കുട്ടത്തോടെ ചത്ത് വീണത്.
അവശേഷിക്കുന്ന വവ്വാലുകളെ പിടികൂടി പരിശോധനക്ക് അയച്ച് നാട്ടുകാരുടെ ഭീതി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വനാതിര്‍ത്തിയിലെ സമീപ പ്രദേശങ്ങളില്‍ ഒന്നും വവ്വാലുകളെ കണ്ടിട്ടില്ല. നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിനുള്ളിലാണ് വവ്വാലുകള്‍ തമ്പടിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it