വഴിവിളക്കുകള്‍ക്കും മുമ്പ്

വഴിവിളക്കുകള്‍ക്കും മുമ്പ്
X
slug--offbeatബഹ്‌റയ്ന്‍ അലറുന്ന ഒരു മഹാനഗരമായി മാറുന്നതിന് ഏറെക്കാലം മുമ്പ്, വിസ്മയിപ്പിക്കുന്ന സ്ഫടികക്കൊട്ടാരങ്ങളും രാത്രികളെ പ്രസന്നമാക്കുന്ന വഴിവിളക്കുകളും അന്നുണ്ടായിരുന്നില്ല. തീരങ്ങളില്‍ വന്നുചേരുന്ന യാനങ്ങളായിരുന്നത്രെ ബഹ്‌റയ്ന്‍ നാഗരികതയെ രൂപപ്പെടുത്തിയത്. അറബ് സംസ്‌കൃതിയെ രൂപപ്പെടുത്തിയ സഞ്ചാരിവര്‍ഗങ്ങളും ഇടയന്‍മാരും കടലുകളാല്‍ ചുറ്റപ്പെട്ട ബഹ്‌റയ്‌ന് അന്യമായിരുന്നു. കരകാണാമണല്‍ക്കാടുകളില്ല. ഒട്ടകക്കൂട്ടങ്ങളുമായെത്തുന്ന വഴിയാത്രികരില്ല. എന്നാല്‍, കത്തുന്ന പകലുകളില്‍ തീരത്തണയുന്ന പത്തേമാരികളില്‍ അവര്‍ ചരക്കുകളുമായെത്തി. ക്രി മു 2300കളില്‍ തന്നെ ബഹ്‌റയ്‌നില്‍ അടുക്കും ചിട്ടയുമുള്ള നാഗരിക സംസ്‌കാരം രൂപപ്പെട്ടിരുന്നു. പുരാവസ്തുവന്വേഷകര്‍ ദ്വീപിന്റെ പടിഞ്ഞാറന്‍ വശത്തു കണ്ടെത്തിയ ദില്‍മൂന്‍ സംസ്‌കാരത്തിന്റെ ശേഷിപ്പുകള്‍ അടുക്കും ചിട്ടയും, സംഗീതവും താളവുമുള്ള ഒരു ജനതയുടെ ജീവിതത്തെക്കുറിച്ചു പറയുന്നുണ്ട്. ദില്‍മൂന്‍ സംസ്‌കാരത്തിന്റെ കാലത്തു തന്നെ മെസപ്പൊട്ടോമിയക്കും ഇന്ത്യക്കും ഇടയിലെ പ്രധാന വാണിജ്യപാതയായിരുന്നത്രെ ബഹ്‌റയ്ന്‍. തുടര്‍ന്നങ്ങോട്ട് ബഹ്‌റയ്‌നെ മുത്ത്‌വ്യവസായത്തിന്റെ കേന്ദ്രമാക്കി രൂപപ്പെടുത്തിയതില്‍ ഇത് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
ക്രി മു 600 ഓടെ വീണ്ടും സമ്പന്നമായ ദില്‍മൂന്‍ പുതിയ ബാബിലോണിയന്‍ സാമ്രാജ്യത്തിന്റെ കീഴിലായി. ബാബിലോണിയന്‍മാര്‍ പേര്‍ഷ്യക്കു മുന്നില്‍ വീണപ്പോള്‍ ബഹ്‌റയ്‌നും പേര്‍ഷ്യയുടെ വരുതിയില്‍ വന്നു. പിന്നെയും 350 വര്‍ഷമെടുത്തു ബഹ്‌റയ്ന്‍ പേര്‍ഷ്യയില്‍നിന്ന് സ്വതന്ത്രമാവാന്‍. 16ാം നൂറ്റാണ്ടില്‍ കടല്‍മാര്‍ഗങ്ങള്‍ യൂറോപ്യന്‍മാര്‍ വരുതിയിലാക്കാന്‍ തുടങ്ങിയതായിരുന്നു ബഹ്‌റയ്‌നിന്റെ ചരിത്രത്തെ മാറ്റിയ മറ്റൊന്ന്. 1507ല്‍ ബഹ്‌റയ്‌നിലെത്തിയ പോര്‍ച്ചുഗീസുകാര്‍ രാജ്യത്തെ അവരുടെ വ്യവസായത്തിന്റെ കേന്ദ്രമാക്കി മാറ്റി. ഇന്ത്യക്കും ആഫ്രിക്കയ്ക്കും യൂറോപ്പിനും ഇടയിലുള്ള പോര്‍ച്ചുഗീസ് വ്യവസായത്തെ സംരക്ഷിക്കാന്‍ ബഹ്‌റയ്‌നില്‍ സൈനികകേന്ദ്രവും സ്ഥാപിച്ചു. 1602 ആയതോടെ പോര്‍ച്ചുഗീസ് ഭരണത്തിന്റെ അന്ത്യം കണ്ടുതുടങ്ങി. സ്വത്തുക്കളും രത്‌നങ്ങളും തട്ടിയെടുക്കാന്‍ പോര്‍ച്ചുഗീസ് ഗവര്‍ണര്‍ ബഹ്‌റയ്‌നിലെ സമ്പന്നനായ ഒരു വ്യാപാരിയെ കൊലപ്പെടുത്തിയതായിരുന്നു ഇതിന്റെ തുടക്കം. ഇതിനു പ്രതികാരമായി വ്യാപാരിയുടെ സഹോദരന്‍ പേര്‍ഷ്യക്കാരുടെ സഹായത്തോടെ പോര്‍ച്ചുഗീസ് കോട്ട പിടിച്ചെടുത്ത് ഗവര്‍ണറെ കൊലപ്പെടുത്തി. 10 വര്‍ഷത്തിനു ശേഷം അന്ന് പോര്‍ച്ചുഗീസുമായി സഖ്യത്തിലായിരുന്ന സ്‌പെയിന്‍കാര്‍ ബഹ്‌റയ്‌നിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ തീരുമാനിച്ചു. എന്നാല്‍, ബഹ്‌റയ്ന്‍ പൂര്‍ണമായും വരുതിയിലാവുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നില്ല. 1645ല്‍ പോര്‍ച്ചുഗീസുകാര്‍ക്ക് ഇന്ത്യയില്‍നിന്ന് പലായനം ചെയ്യേണ്ടിവന്നു. ഗള്‍ഫ് തീരങ്ങളായിരുന്നു ലക്ഷ്യം. ഹോര്‍മുസ് കടലിടുക്കിലൂടെ നീങ്ങിയ പോര്‍ച്ചുഗീസ് സംഘം ഗള്‍ഫിലേക്ക് കടക്കും മുമ്പ് ഒമാനി കടല്‍ക്കൊള്ളക്കാരുടെ ആക്രമണത്തില്‍ നശിച്ചു. 1602 മുതല്‍ ആ നൂറ്റാണ്ട് അവസാനിക്കുന്നതു വരെ ബഹ്‌റയ്ന്‍ പൂര്‍ണമായും പേര്‍ഷ്യന്‍ ഭരണത്തിനു കീഴിലാവുകയും ചെയ്തു.
ഒമാന്‍ അധിനിവേശമായിരുന്നു ബഹ്‌റയ്ന്‍ നേരിട്ട അടുത്ത വെല്ലുവിളി. രാജ്യത്തെ പൗരന്‍മാരില്‍ വലിയൊരു വിഭാഗത്തെ ഒരിക്കലും തിരിച്ചുവരാന്‍ കഴിയാത്തവിധം രാജ്യത്തുനിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതമാക്കിയ വര്‍ഷമായിരുന്നു അത്. ആഭ്യന്തരപ്രശ്‌നങ്ങളില്‍ കുഴങ്ങിനിന്നിരുന്ന പേര്‍ഷ്യയാവട്ടെ അഫ്ഗാനിസ്താനിലെ പോരാട്ടത്തിനാണ് ഊന്നല്‍ കൊടുത്തത്. പേര്‍ഷ്യന്‍ ഭരണം അവസാനിച്ചതോടെ ശെയ്ഖുമാരുടെ ഭരണത്തിനു കീഴിലായി ബഹ്‌റയ്ന്‍. ഇതിനു തുടക്കമായത് നബന്ദിലെ ശെയ്ഖിലൂടെയാണ്. നബന്ദ് ശെയ്ഖിനെ തോല്‍പ്പിച്ച് ഹവാലാ അറബിലെ ശെയ്ഖ് അധികാരം പിടിച്ചെടുത്തു. 1736ല്‍ പേര്‍ഷ്യക്കാര്‍ വീണ്ടും വരുന്നതു വരെ ഹവാലാ അറബികളുടെ കീഴിലായിരുന്നു ബഹ്‌റയ്ന്‍. രണ്ടു വര്‍ഷത്തിനു ശേഷം ഒമാനികള്‍ വീണ്ടുമെത്തി. എന്നാല്‍, പേര്‍ഷ്യക്കാര്‍ മസ്‌ക്കത്ത് പിടിച്ചെടുത്തതോടെ ബഹ്‌റയ്ന്‍ വീണ്ടും പേര്‍ഷ്യന്‍ നിയന്ത്രണത്തിലായി. 1744 മുതല്‍ 1753 വരെ ഹവാര്‍ അറബുകളുടെ നിയന്ത്രണത്തിലായിരുന്നു ബഹ്‌റയ്ന്‍. തുടര്‍ന്ന് ഒമാനി അറബ് വംശജനായ ബുഷൈറിലെ ശെയ്ഖ് നാസര്‍ ആല്‍ മുഖ്താര്‍ ദ്വീപ് പിടിച്ചെടുത്തു. എന്നാല്‍, 22 വര്‍ഷത്തിനു ശേഷം പേര്‍ഷ്യക്ക് കപ്പം നല്‍കുന്നതില്‍ വീഴ്ചവരുത്തിയതിന്റെ പേരില്‍ ശെയ്ഖ് നാസറിനെ പേര്‍ഷ്യക്കാര്‍ ജയിലിലിട്ടു. ഒരു വര്‍ഷത്തിനു ശേഷം ജയില്‍മോചിതനാവുകയും ബസ്‌റയില്‍ ഉസ്മാനി തുര്‍ക്കിയുമായുള്ള പോരാട്ടത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. തുടര്‍കാലത്ത് ബാനി ഉത്ബ വിഭാഗത്തിലെ മൂന്നു കുടുംബങ്ങള്‍ സഞ്ചാരജീവിതം അവസാനിപ്പിച്ച് കുവൈത്തില്‍ താമസം തുടങ്ങി. ആല്‍ ഖലീഫ, ആല്‍ സബാഹ്, ആല്‍ ജലാഹാംസ് എന്നീ ഗോത്രക്കാരായിരുന്നു അവര്‍. ഫൈസലായിരുന്നു അന്ന് ഖലീഫ കുടുംബത്തെ നയിച്ചിരുന്നത്. പിന്‍ഗാമി മുഹമ്മദിന്റെ കാലത്താണ് കുടുംബം വളര്‍ച്ച തുടങ്ങുന്നത്.
മുത്ത് വ്യവസായമായിരുന്നു ഖലീഫ കുടുംബത്തെ സമ്പത്തിലേക്കു നയിച്ചത്. ഖലീഫ കുടുംബം സുബാറയില്‍ ഒരു നഗരം തന്നെ സൃഷ്ടിച്ചു. പിന്നെ കൂടുതല്‍ കുടുംബങ്ങള്‍ അവിടെയെത്തി. മുഹമ്മദിന്റെ പിന്‍ഗാമി അഹ്മദിന്റെ കാലത്ത് ബഹ്‌റയ്‌നിലെ തങ്ങളുടെ അധികാരത്തിനു ഭീഷണിയായി ആല്‍ ഖലീഫ കുടുംബത്തെ കണ്ട പേര്‍ഷ്യക്കാര്‍ സുബാറയെ രണ്ടു തവണ ആക്രമിച്ചു. 1782ല്‍ വീണ്ടും ആക്രമണം നടത്തിയെങ്കിലും കുവൈത്തിലെ സബാഹ് കുടുംബത്തിന്റെ ഇടപെടല്‍ കാരണം വിഫലമായി. അന്നത്തെ ഭരണാധികാരിയായിരുന്ന ശെയ്ഖ് നാസര്‍ ആല്‍ മുഖ്താറിനെ തുരത്തിയാണ് ശെയ്ഖ് അഹ്മദിന്റെ കാലത്ത് ബഹ്‌റയ്‌നില്‍ അധികാരം പിടിച്ചെടുക്കുന്നത്. ബഹ്‌റയ്‌നില്‍ സുസ്ഥിരത കൈവരുന്നതും വളര്‍ച്ച തുടങ്ങുന്നതും ഈ കാലത്താണ്. എന്നാല്‍, കുടുംബത്തര്‍ക്കം കല്ലുകടിയായി. അഹ്മദിന്റെ മക്കളായ ശെയ്ഖ് സല്‍മാനും ശെയ്ഖ് അബ്ദുല്ലയും ഒന്നിച്ചാണ് 1825ല്‍ സല്‍മാന്‍ മരിക്കുന്നതു വരെ ഭരണം നടത്തിയത്. തുടര്‍ന്ന് സല്‍മാന്റെ മകന്‍ ഖലീഫ ഭരണത്തില്‍ പങ്കാളിയായി. 1834ല്‍ ഖലീഫയുടെ മരണശേഷം അബ്ദുല്ലയുടെ പൂര്‍ണഭരണത്തിലായി ബഹ്‌റയ്ന്‍. 1843ല്‍ ഖലീഫയുടെ മകന്‍ മുഹമ്മദ് ബിന്‍ ഖലീഫ അബ്ദുല്ലയെ ഭരണത്തില്‍നിന്നു നീക്കി. പിന്നീട് അബ്ദുല്ലയുടെ മകന്‍ ഭരണം പിടിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്നങ്ങോട്ട് അധികാര തര്‍ക്കങ്ങള്‍ നിരവധിയുണ്ടായി. ഇതോടൊപ്പമായിരുന്നു ബ്രിട്ടിഷുകാരുടെ ഇടപെടലുമുണ്ടാവുന്നത്. 1869ല്‍ ശെയ്ഖ് ഇസ്സ അധികാരമേല്‍ക്കുമ്പോള്‍ ബഹ്‌റയ്ന്‍ തങ്ങളുടേതാണെന്ന അവകാശവാദവുമായി തുര്‍ക്കികള്‍ രംഗത്തുണ്ടായിരുന്നു. പ്രതിരോധത്തിന്റെ ഉത്തരവാദിത്തം ബ്രിട്ടിഷുകാരെ ഏല്‍പ്പിച്ച് 1880ലും 1892ലും ബഹ്‌റയ്ന്‍ രണ്ടു കരാറുകള്‍ ഒപ്പിട്ടു. 1923ല്‍ മകന്‍ ഹമദിനെ അധികാരമേല്‍പ്പിച്ച് ശെയ്ഖ് ഇസ്സ മാറിനിന്നു.
1953ല്‍ ശെയ്ഖ് ഇസ്സ മരിക്കുമ്പോള്‍ അറബ് ലോകത്തിന്റെ വിധി തന്നെ മാറ്റിമറിച്ച എണ്ണശേഖരം ആദ്യമായി ബഹ്‌റയ്‌നില്‍ കണ്ടെത്തിയിരുന്നു. 1942ല്‍ ഹമദ് മരിച്ചതോടെ ഹമദ് രാജാവിന്റെ പിതാമഹനായ ശെയ്ഖ് സല്‍മാന്‍ അധികാരത്തിലെത്തി. ബഹ്‌റയ്‌നെ ഇപ്പോഴത്തെ ബഹ്‌റയ്‌നാക്കി മാറ്റുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത് ശെയ്ഖ് സല്‍മാനാണ്. 1971ല്‍ ബഹ്‌റയ്ന്‍ പൂര്‍ണമായും ബ്രിട്ടിഷുകാരില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. സല്‍മാനുശേഷം മകന്‍ ഇസ്സ അധികാരത്തിലെത്തി. 1971 മുതലുള്ള 41 വര്‍ഷങ്ങളില്‍ വിസ്മയകരമായിരുന്നു ബഹ്‌റയ്‌നിന്റെ വളര്‍ച്ച. 1932ല്‍ എണ്ണ കണ്ടെത്തുന്നതുവരെ പവിഴമായിരുന്നു ബഹ്‌റയ്‌നിന്റെ പ്രധാന വരുമാനമാര്‍ഗം. എണ്ണപ്പണത്തിന്റെ ധൂര്‍ത്തിന് ഇടമില്ലാതിരുന്ന അറേബ്യയിലെ സുന്ദരമായ ഈ ചെറുദ്വീപ് വൈകാതെ വിനോദസഞ്ചാരത്തിന്റെ സാധ്യതകള്‍ തേടിയിറങ്ങി. എണ്ണ കണ്ടെത്തിയശേഷം ബ്രിട്ടിഷ് സര്‍ക്കാരും ബഹ്‌റയ്‌നും തമ്മിലുള്ള ബന്ധം വര്‍ധിച്ചു. രാജ്യത്ത് മികച്ച വിദ്യാഭ്യാസ സംവിധാനം ആവിഷ്‌കരിച്ചപ്പോള്‍ അതിലുമുണ്ടായിരുന്നു ബ്രിട്ടിഷുകാര്‍ക്ക് പങ്ക്. ഗള്‍ഫ് മേഖലയില്‍ ആദ്യമായി പെണ്‍കുട്ടികള്‍ക്കായി സ്‌കൂള്‍ തുടങ്ങുന്നത് ബഹ്‌റയ്‌നാണ്. 1928ലായിരുന്നു ഇത്. രണ്ടാം ലോകയുദ്ധത്തിനുശേഷം അറബ് ലോകത്ത് അലയടിച്ച ബ്രിട്ടിഷ് വിരുദ്ധ വികാരം ബഹ്‌റയ്‌നിലേക്കും വ്യാപിച്ചു. രാജ്യത്തെ ബ്രിട്ടിഷ് ആധിപത്യത്തിനെതിരേ ആദ്യം ശബ്ദമുയര്‍ത്തിയത് കച്ചവടക്കാരാണ്. 1960ല്‍ ബ്രിട്ടിഷ് സൈന്യം ബഹ്‌റയ്‌നില്‍നിന്ന് പിന്‍മാറി. 1971ഓടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 2002ല്‍ രാജാധിപത്യം പ്രഖ്യാപിച്ചു.

*************
ഓണ്‍ ബീറ്റ്: യേശു യഥാര്‍ഥത്തില്‍ ജനിച്ചത് ഡിസംബര്‍ 25ന് ആണോ? മത്തായിയുടെയോ ലൂക്കോസിന്റെയോ സുവിശേഷങ്ങളില്‍ യേശു എന്നാണ് ജനിച്ചതെന്ന് വ്യക്തമായി പറയുന്നില്ല. മൂന്നാംനൂറ്റാണ്ടിലാണ് ക്രിസ്മസ് ആഘോഷിക്കാന്‍ ഒരു തിയ്യതി വേണമെന്ന ആശയം രൂപംകൊള്ളുന്നത്. ഡിസംബര്‍ 25ന് പുറമെ മാര്‍ച്ച് 21, മെയ് 20 എന്നീ തിയ്യതികളും അതിനായി നിര്‍ദേശിക്കപ്പെട്ടിരുന്നു. ക്രി വ 336ല്‍ റോമന്‍ കത്തോലിക്കാ സഭയാണ് ഡിസംബര്‍ 25 തിരഞ്ഞെടുത്തത്. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ക്രിസ്മസ് ആവട്ടെ ജനുവരി ഏഴിനാണ്. $
Next Story

RELATED STORIES

Share it