Alappuzha local

വഴിയോര കച്ചവടക്കാര്‍ക്ക് പുനരധിവാസമൊരുക്കും

ആലപ്പുഴ: വിദ്യാര്‍ഥികളടക്കം കാല്‍നടയാത്രക്കാരുടെ സഞ്ചാരസ്വാതന്ത്ര്യം ഹനിക്കുന്ന നടപ്പാതയും റോഡും കൈയേറി കച്ചവടം നടത്താന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര്‍ എന്‍ പദ്മകുമാര്‍ പറഞ്ഞു. കലക്‌ട്രേറ്റില്‍ നടന്ന നഗരകച്ചവട ജില്ലാതല ഉപദേശകസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഴിയോര കച്ചവടക്കാര്‍ക്ക് പുനരധിവാസമൊരുക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കാന്‍ ജില്ലയിലെ ആറു നഗരസഭകള്‍ക്കും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. നഗരവികസനം സാധ്യമാക്കുന്ന നിലയിലും വഴിയോര കച്ചവടക്കാരുടെ ഉപജീവനമാര്‍ഗം സംരക്ഷിക്കുന്ന നിലയിലുമാവും പദ്ധതി തയാറാക്കുക.
വഴിയോര കച്ചവടക്കാരുടെ കണക്കെടുക്കാന്‍ സര്‍വേ നടത്തും. വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്ന നടപടി ഉണ്ടായിട്ടില്ല. കച്ചവടക്കാരുടെ നടപ്പാത, റോഡ് കൈയേറ്റങ്ങള്‍ക്കെതിരേയും കച്ചവടത്തിനെതിരേയുമാണ് നടപടി സ്വീകരിച്ചത്.
യാത്രക്കാര്‍ക്കു നടന്നു പോവാനുള്ള വഴി കൈയേറിയുള്ള നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കും. ഇത്തരത്തില്‍ നടത്തുന്ന കച്ചവടവും അനുവദിക്കില്ല. ജില്ലയിലെ നഗരപ്രദേശങ്ങളില്‍ കൈയേറ്റം മൂലം നടപ്പാത വിട്ട് റോഡിലൂടെ നടക്കേണ്ട സ്ഥിതിയാണെന്ന് പരാതി ലഭിച്ചിട്ടുണ്ട്. കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കേണ്ടതും അവരുടെ സഞ്ചാരസ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതുമുണ്ട്. നടപ്പാതയും റോഡും കൈയേറി നടത്തുന്ന കച്ചവടങ്ങള്‍ കര്‍ശനമായി ഒഴിപ്പിക്കും. നടപ്പാതയും കടന്ന് റോഡുവരെ ഷീറ്റിറക്കി കച്ചവടം ചെയ്യാന്‍ അനുവദിക്കില്ലെന്നും കലക്ടര്‍ പറഞ്ഞു.
വഴിയോര കച്ചവടക്കാരുടെ പുനരധിവാസത്തിനായി സ്ഥലവും പണവും നഗരസഭ മാറ്റിവയ്ക്കുമെന്ന് ആലപ്പുഴ നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് പറഞ്ഞു. വഴിയോരകച്ചവടക്കാര്‍ക്ക് ഉപജീവനസൗകര്യമൊരുക്കുന്നതിനും റോഡ്, നടപ്പായ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍മാരായ പ്രഫ. സുധ സുശീലന്‍, ഐസക് മാടവന, ജോണ്‍ മുളങ്കാട്ടില്‍ പറഞ്ഞു.
വഴിയോര കച്ചവടക്കാര്‍ക്കായി പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്നും കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും ജി സുധാകരന്‍ എംഎല്‍എയുടെ പ്രതിനിധി അരുണ്‍ കുമാര്‍ പറഞ്ഞു. ഒഴിപ്പിച്ച പ്രദേശങ്ങളില്‍ വീണ്ടും കൈയേറ്റമുണ്ടാവാതെ നോക്കണം.
സബ് കലക്ടര്‍ ഡി ബാലമുരളി, നഗരസഭാംഗങ്ങളായ എം സജീവ്, മനോജ് കുമാര്‍, ടൗണ്‍ പ്ലാനര്‍ ഇന്ദു വിജയനാഥ്, ഡിവൈഎസ്പി ഷാജഹാന്‍, നഗരസഭാ സെക്രട്ടറി അരുണ്‍ രംഗന്‍, വിവിധ സംഘടനാ പ്രതിനിധികളായ എം മോഹന്‍, എം സുനില്‍ കുമാര്‍, പി യു അബ്ദുല്‍ കലാം, എസ് ഷെരീഫ്, കുര്യന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it