Alappuzha local

വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതില്‍ പ്രതിഷേധം

ആലപ്പുഴ: വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്ന നടപടിക്കെതിരേ പ്രതിഷേധ വ്യാപകമാവുന്നു. വ്യാപാരികളും വിവിധ സംഘടനകളും ഒഴിപ്പിക്കലിനെതിരേ രംഗത്തുവന്നുകഴിഞ്ഞു.
വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ലാ വഴിയോര കച്ചവട തൊഴിലാളി യൂനിയന്റെ (എഐടിയുസി) നേതൃത്വത്തില്‍ നഗരത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ചാണ് ജില്ലാ ഭരണകൂടത്തിന്റെ ഒഴിപ്പിക്കല്‍ നടപടികളെന്ന് വ്യാപാരികള്‍ ആരോപിച്ചു. പ്രകടനത്തിന് പി യു അബ്ദുല്‍ കലാം, ഡി പി മധു, എസ് ഷെരീഫ് നേതൃത്വം നല്‍കി. ഒഴിപ്പിക്കലിനെതിരേ വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാവും.
നഗരാതിര്‍ത്തിയിലെ കൈയേറ്റങ്ങള്‍ 19 മുതല്‍ ഒഴിപ്പിക്കാന്‍ കഴിഞ്ഞ ദിവസം കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ തീരുമാനമെടുത്തിരുന്നു. 19 മുതല്‍ ഒരാഴ്ചയാണ് ഒഴിപ്പിക്കല്‍ നടപടികള്‍. പാതയോരത്തെ ഫഌക്‌സുകള്‍, പാര്‍ട്ടികളുടെ കൊടി തോരണങ്ങള്‍ എന്നിവയും ഒഴിപ്പിക്കും. ഒഴിപ്പിച്ച ഭാഗങ്ങളില്‍ വീണ്ടും കൈയേറ്റം ഉണ്ടാകാതിരിക്കാനും നടപടികള്‍ തുടരും.
നഗരസഭാധികൃതരും പോലിസും പൊതുമരാമത്തുവകുപ്പും റവന്യൂ വകുപ്പും ചേര്‍ന്നാണ് നടപടി സ്വീകരിക്കുക. റോഡിലേക്കുള്ള കൈയേറ്റങ്ങളും പൊതുസ്ഥലം കൈയേറിയതും ഒഴിപ്പിക്കും. റോഡിനോട് ചേര്‍ന്ന് സര്‍ക്കാര്‍ സ്ഥലം കൈയേറി സാധനസാമഗ്രികളോ മറ്റു വസ്തുക്കളോ സ്ഥാപിച്ചിട്ടുള്ളവര്‍ 17നു മുമ്പ് അവ നീക്കം ചെയ്യണമെന്നും കൈയേറ്റങ്ങള്‍ നീക്കം ചെയ്യാതിരുന്നാല്‍ ഉടമസ്ഥരുടെ ചെലവില്‍ സര്‍ക്കാര്‍ നീക്കം ചെയ്യുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കിയിരുന്നു.
കടകളും വഴിയോര കച്ചവടക്കാരും റോഡരിക് കൈയേറുന്നതു മൂലം നഗരത്തില്‍ ഗതാഗത പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതായി പോലിസും പൊതുമരാമത്ത് വകുപ്പും യോഗത്തില്‍ അറിയിക്കുകയുണ്ടായി. ബാനറുകളും കൊടിതോരണങ്ങളും മൂലം നഗരത്തില്‍ പല ഭാഗത്തും വാഹനാപകടങ്ങളുണ്ടാകുന്നതായും പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നഗരസഭയുടെ നേതൃത്വത്തില്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് നടപടിയെടുക്കാന്‍ തീരുമാനിച്ചത്. പുനരധിവാസ പാക്കേജ് നടപ്പാക്കാതെയാണ് ഒഴിപ്പിക്കല്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it