Kollam Local

വഴിയോര കച്ചവടക്കാരനെ പോലിസ് മര്‍ദ്ദിച്ചതായി പരാതി



കരുനാഗപ്പള്ളി: ഉന്തുവണ്ടിയില്‍ കച്ചവടം ചെയ്തയാളെ കരുനാഗപ്പള്ളി എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മര്‍ദ്ദനമേറ്റ കച്ചവടക്കാരനെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയ പാതയില്‍ എസ്ബിഎം ആശുപത്രിക്ക്  ഇടതുവശം റോഡുവശത്ത് ഉന്തുവണ്ടിയില്‍ കച്ചവടം നടത്തിയ കരുനാഗപ്പള്ളി കോഴിക്കോട് പറവട്ടത്ത് കിഴക്കതില്‍ സജീവിനെയാണ് പോലിസ് മര്‍ദ്ദിച്ചത്. ഗള്‍ഫില്‍ പെട്രോള്‍ പമ്പിലെ ജീവനക്കാരനായിരുന്ന സജീവ് ഒരു തീപ്പിടുത്തത്തില്‍ പൊള്ളലേറ്റതിനെ തുടര്‍ന്ന് നാട്ടിലെത്തുകയും ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗമില്ലാതായതോടെ കുടുംബം പുലര്‍ത്താന്‍ ഒരു വര്‍ഷക്കാലമായി ദേശീയപാതയുടെ സൈഡില്‍ ഉന്തു വണ്ടിയില്‍ കച്ചവടം ചെയ്തു വരികയായിരുന്നു. തീ പൊള്ളലേറ്റതിന് വസ്തു കടപ്പെടുത്തി ചികില്‍സ നടത്തിയ ശേഷം ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ ഒരു മാര്‍ഗ്ഗമെന്ന നിലയിലാണ് ഉന്തു വണ്ടിയില്‍ കച്ചവടം ചെയ്തു വന്നത്. ഇയാളുടെ അവസ്ഥ അറിയാവുന്ന കരുനാഗപ്പള്ളി പോലിസ് റോഡിന്റെ സൈഡില്‍ കച്ചവടം ചെയ്യുന്നതിന് ഇയാളെ അനുവദിച്ചിരുന്നു. എന്നാല്‍ പുതുതായി വന്ന എസ്‌ഐയുടെ നേതൃത്വത്തിലെത്തിയ പോലിസ് സംഘം ശരീരമാസകലം പൊള്ളലേറ്റ കച്ചവടക്കാരന്റെ വാരിയെല്ലിന് സംഭവ സ്ഥലത്തുവച്ച് തുടരെ തുടരെ ഇടിക്കുകയും സ്‌റ്റേഷനില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചതായും ഇയാള്‍ പറഞ്ഞു. ആകെയുള്ള ജീവിത മാര്‍ഗ്ഗം തടയുകയാണെങ്കില്‍ താനും കുടുംബവും ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ആശുപത്രിയില്‍ കഴിയുന്ന സജീവ് പറഞ്ഞു.
Next Story

RELATED STORIES

Share it