thrissur local

വഴിയുടെ ഉടമസ്ഥാവകാശ തര്‍ക്കം: 21 വീട്ടുകാര്‍ വഴിമുട്ടിയ നിലിയില്‍

ചേര്‍പ്പ്: ചേര്‍പ്പ് പഞ്ചായത്തിലെ 21 വാര്‍ഡില്‍ ചേനം വാട്ടര്‍ ടാങ്കിന് സമീപം വഴിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള രണ്ടു വ്യക്തികളുടെ തര്‍ക്കം മൂലം സഞ്ചാര സ്വാതന്ത്ര്യം വരെ ബുദ്ധിമുട്ടിലായ അവസ്ഥയിലാണ് മേഖലയിലെ 21 വീട്ടുകാര്‍.
ഒന്നര മീറ്റര്‍ വീതിയുള്ള വഴി ആരംഭിക്കുന്ന സ്ഥലത്ത് പുതിയൊരു വീട് വന്നത് മൂലം റോഡിലൂടെ ഒഴുകി വരുന്ന വെള്ളം ഈ വഴിയിലേക്ക് തിരിച്ചു വിട്ടതാണ് പ്രശ്‌നങ്ങളുടെ ആരംഭം. ഇവിടുത്തെ വീടുകളുടെ നടുക്കായുള്ള മലിന ജലം കെട്ടികിടക്കുന്ന ചെറിയ കുളത്തിലേക്കാണ് റോഡിലെ വെള്ളം ഒഴുകി എത്തുന്നത്. വര്‍ഷക്കാലമായാല്‍ ഈ കുളം നിറഞ്ഞ് സമീപത്തെ വീടുകളിലേക്ക് വെള്ളം കയറുന്ന അവസ്ഥയാണ്.
ഈ വീടുകള്‍ക്ക് പിറകിലുള്ള പാടത്ത് നിന്ന് വരുന്ന വെള്ളവും റോഡില്‍ നിന്ന് ഒഴുകി എത്തുന്ന വെള്ളവും മൂലം താമസിക്കാനാവാത്ത അവസ്ഥയിലാണ് വീട്ടുക്കാര്‍. റോഡിലൂടെ മഴ വെള്ളം ഒഴുകി വരുന്നത് മൂലം റോഡില്‍ ചെളി നിറഞ്ഞിരിക്കുകയാണ്. റോഡിന്റെ ദുരവസ്ഥ പരിഹരിച്ചു സഞ്ചാര യോഗ്യമാക്കുന്നതിനു വേണ്ടി നിത്യവൃത്തിക്ക് പോലും കഷ്ടപ്പെടുന്ന ഇവിടുത്തെ സാധാരണക്കാര്‍ പിരിവെടുത്ത് സിമന്റും മണലും മറ്റും വാങ്ങി അറ്റകുറ്റ പണികള്‍ നടത്തിയപ്പോള്‍ ഈ വഴിയുടെ അവകാശിയാണെന്നു പറഞ്ഞു സ്വകാര്യ വ്യക്തി അതെല്ലാം പൊളിച്ചു കളഞ്ഞതായി വീട്ടുകാര്‍ ആരോപിക്കുന്നു.
എന്നാല്‍ ഈ വ്യക്തിക്ക് ഈ വഴിയില്‍ അവകാശമില്ലെന്നും രേഖാ മൂലം വില്ലേജില്‍ നികുതി അടക്കുന്ന വ്യക്തിയുടെ അനുമതിയോടെയാണ് തങ്ങള്‍ വഴി നേരെയാക്കാന്‍ തയ്യാറായതെന്നും വീട്ടുകാര്‍ പറയുന്നു. ഈ വഴിയിലൂടെ സഞ്ചരിക്കുന്നതിനും വാഹന ഗതാഗതത്തിനുമുള്ള അനുമതി രേഖാ മൂലം ആധാരത്തില്‍ നല്‍കിയിട്ടുള്ളതാണെന്നും രേഖാ മൂലം അനുവദിച്ച വഴിയുടെ ശോചനീയാവസ്ഥ പരിഹരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കളക്ടര്‍, ചേര്‍പ്പ് പഞ്ചായത്ത് അധികൃതര്‍ തുടങ്ങിയവര്‍ക്ക് നാട്ടുകാരുടെ ഒപ്പ് ശേഖരിച്ചു പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് മേഖലയിലെ ജനങ്ങള്‍.
Next Story

RELATED STORIES

Share it