Kottayam Local

വഴിയും വെളിച്ചവുമില്ല; വാഴപ്പള്ളി വേളാച്ചിമംഗലം പ്രദേശവാസികള്‍ ദുരിതത്തില്‍

ചങ്ങനാശ്ശേരി: വാഴപ്പള്ളി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ 400 ഏക്കറോളം വരുന്ന ഈരത്തറ ഇഞ്ചന്‍പാടശേഖരത്തിന്റെ മധ്യേ സ്ഥിതിചെയ്യുന്ന വേളാച്ചിമംഗലം പ്രദേശത്ത് വര്‍ഷങ്ങളായി വഴിയും വെളിച്ചവുമില്ലാതെ 15ഓളം കുടുംബങ്ങള്‍ ദുരിതത്തില്‍.
തൊട്ടടുത്ത സ്ഥലമായ ചെളിശ്ശേരിയില്‍ നിന്ന് 30 വര്‍ഷം മുമ്പ് അശാസ്ത്രീയമായി രീതിയില്‍ നിര്‍മിച്ചതും ഏതുനിമിഷവും നിലംപതിക്കാവുന്നതുമായ ഒരു പാലം മാത്രമാണ് ഇവിടെയത്താനുള്ള ഏക ആശ്രയം. എന്നാല്‍ ചെട്ടിശ്ശേരി പ്രദേശത്തെ കൃഷിക്കാര്‍ 10 അടിവീതിയില്‍ വഴിക്കായി സ്ഥലം നല്‍കിയട്ടുണ്ടെങ്കിലും ഇതിന്റെ ഒരുഭാഗം മാത്രമാണ് കരിങ്കല്‍ഭിത്തി കെട്ടിയിട്ടുള്ളത്.
ഇതുകാരണം മറുഭാഗം പൂര്‍ണമായും ഇടഞ്ഞ് വഴിതന്നെ ഇല്ലാതായിട്ടുണ്ട്. വെളിച്ചമില്ലാത്ത ഈ ഭാഗത്തുകൂടി ജോലിയും കഴിഞ്ഞ് രാത്രികാലങ്ങളില്‍ വീടുകളില്‍ മടങ്ങിയെത്തേണ്ടി വരുന്ന തൊഴിലാളികള്‍ക്കും ഏറെ ബുദ്ധിമുട്ടുകളാണ അനുഭവിക്കേണ്ടി വരുന്നത്.
രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ വഴിയില്ലാത്തതിനാല്‍ പ്രയാസങ്ങളും അനുഭവിക്കുന്നു.
മരണപ്പെട്ടവരെ അടക്കം ചെയ്യാനും ശ്മശാനത്തില്‍ എത്തിക്കാനും ബുദ്ധിമുട്ടാണ്. വേനല്‍ക്കാലത്ത് കുടിവള്ള ക്ഷാമവും ഇവിടെ രൂക്ഷമാണ്.
ജില്ലാ പഞ്ചായത്തില്‍ ഫണ്ടില്‍ നിന്ന് നിര്‍മിച്ച വടക്കേടം കുടിവള്ള പദ്ധതി ഈ തോടിനെ ആശ്രയിച്ചാണ് നടപ്പാക്കിയതെങ്കിലും തോട് ഉപയോഗ ശൂന്യമായതിനെ തുടര്‍ന്ന് അതും അവതാളത്തിലായി. പ്രശ്‌നങ്ങള്‍ക്കു അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഒരുമ റെസിഡന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it