malappuram local

വഴിയടച്ചുള്ള പ്രവൃത്തിയില്‍ വിദ്യാര്‍ഥികള്‍ വലയുന്നു

മഞ്ചേരി: വിദ്യാലയത്തിലേക്കുള്ള വഴിയടച്ചുള്ള റോഡ് നവീകരണത്തിനെതിരേ മഞ്ചേരിയില്‍ പ്രതിഷേധം. കോടതി റോഡില്‍ ബൈപാസ് ജങ്ഷനു സമീപമുള്ള ഗവ. ബോയ്‌സ് ഹൈസ്‌കൂളിലേക്കുള്ള പാതയാണ് നാടുകാണി-പരപ്പനങ്ങാടി റോഡ് നവീകരണത്തിന്റെ പേരില്‍ തടസപ്പെടുത്തിയിരിക്കുന്നത്.
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടക്കുമ്പോളുള്ള വഴി മുടക്കല്‍ വികസനം കടുത്ത പ്രതിഷേധത്തിനു വഴിവയ്ക്കുകയാണ്. പരീക്ഷാകാലത്ത് വഴി തടസപ്പെടുത്തിയുള്ള നിര്‍മാണത്തിനെതിരേ വിദ്യാര്‍ഥികള്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.വിദ്യാലയത്തിലേക്കുള്ള പ്രധാന കവാടത്തില്‍ അഴുക്കു ചാല്‍ നവീകരണത്തിന്റെ ഭാഗമായി വലിയ കിടങ്ങു കീറി കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. ഇതോടെ വാഹനങ്ങള്‍ക്ക് വിദ്യാലയ പരിസരത്തേക്ക് പ്രവേശിക്കാനാവുന്നില്ല. സമീപത്തു സ്ഥാപിച്ച ലോഹ നിര്‍മിത ഷീറ്റുകള്‍ താണ്ടി കാല്‍നടയായി വേണം പ്രധാന റോഡില്‍ നിന്നു ഉയരത്തിലുള്ള വിദ്യാലയത്തിലെ പരീക്ഷാ മുറികളിലെത്താന്‍.
ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളാണ് ഇതിനാല്‍ ഏറിയ പങ്കും പ്രയാസപ്പെടുന്നത്. പത്തോളം ഭിന്നശേഷിക്കാരായ കുട്ടികള്‍ ഇവിടെ പരീക്ഷയെഴുതുന്നുണ്ട്. ഇവരെ സഹപാഠികളും രക്ഷിതാക്കളും ചേര്‍ന്ന് തോളിലേറ്റിയാണ് പരീക്ഷാ കേന്ദ്രത്തിലേക്കെത്തിക്കുന്നത്. സ്‌കൂളധികൃതര്‍ക്ക് യാതൊരറിയിപ്പും നല്‍കാതെയാണ് പ്രധാന കവാടത്തിനു മുന്നില്‍ കിടങ്ങു നിര്‍മിച്ചു നിര്‍മാണം നടക്കുന്നതെന്ന് പ്രധാനാധ്യാപകന്‍ സെയ്തലവി പറഞ്ഞു. സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല. തുടര്‍ന്ന് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി നടപടിക്കായി കാത്തിരിക്കുകയാണ് വിദ്യാര്‍ഥികള്‍. സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥിയും സീനിയര്‍ എസ്പിസി കാഡറ്റുമായ കെ വി അപര്‍ണയാണ് പരാതി നല്‍കിയത്. യാത്രക്കായി ഒരുക്കിയ ഷീറ്റില്‍നിന്നു വീണ് ബൈക്ക് യാത്രികനായ രക്ഷിതാവിനും കാല്‍നടയാത്രക്കാരായ വിദ്യാര്‍ഥികള്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ പരിക്കേറ്റിരുന്നു.
Next Story

RELATED STORIES

Share it