thrissur local

വഴിമുടക്കി തപാല്‍ വകുപ്പ്: നിയമ നടപടികളുമായി തൃശൂര്‍ കോര്‍പറേഷന്‍

തൃശൂര്‍: പട്ടാളം റോഡ് വികസനത്തില്‍ വീണ്ടും വഴിമുടക്കി തപാല്‍ വകുപ്പ്. പട്ടാളം റോഡിന്റെ കുപ്പിക്കഴുത്ത് പൊട്ടാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. കേന്ദ്രമന്ത്രിസഭയും തപാല്‍വകുപ്പിന്റെ കേരള റീജീയണും അംഗീകരിച്ച പട്ടാളം റോഡ് വികസന ഫയല്‍ ജില്ലാ തപാല്‍ വകുപ്പ് തിരിച്ചയച്ചതാണ് വികസനം മുടങ്ങാന്‍ കാരണം.
നേരത്തെ അംഗീകരിച്ച ധാരണാപത്രത്തില്‍ കൈമാറ്റ കരാര്‍ മൂന്ന് മാസത്തിനുള്ളില്‍ ഒപ്പുവെയ്ക്കണമെന്ന വാചകമാണ് ജില്ലാ തപാല്‍ വകുപ്പ് ഫയല്‍ തിരിച്ചയക്കാന്‍ കാരണമായത്. ഇതില്‍ സംശയ ദുരീകരണം നടത്തേണ്ടതുണ്ടെന്നും ഇല്ലെങ്കില്‍ മറ്റൊരു കരാര്‍ തയ്യാറാക്കണമെന്നും തപാല്‍ വകുപ്പ് കോര്‍പ്പറേഷനെ അറിയിച്ചു. കോര്‍പ്പറേഷന്‍ നേരത്തെയുണ്ടാക്കിയ ധാരണയില്‍ നിന്ന് മാറ്റം വരുത്തിയിട്ടില്ലെന്നും പട്ടാളം റോഡിലെ സ്പീഡ് പോസ്‌റ്റോഫീസ് മാറ്റുന്നതിന് നിര്‍ദ്ദേശിച്ചിരുന്ന നടപടികളെല്ലാം പൂര്‍ത്തിയാക്കിയതാണെന്നും മറ്റൊരു കരാറിന് സജ്ജമല്ലെന്നും കോര്‍പ്പറേഷന്‍ തപാല്‍ വകുപ്പിന് മറുപടി നല്‍കി. പ്രശ്‌നം കേന്ദ്ര മന്ത്രിമാരുടേയും എംപിമാരുടേയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.
പട്ടാളം റോഡ് വികസനത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം മെയിലാണ് പോസ്റ്റ് ഓഫിസ് മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്. റോഡ് വികസനത്തിന് പോസ്‌റ്റോഫീസ് വിട്ടുനല്‍കുമ്പോള്‍ പകരം ഭൂമിയും കെട്ടിടവും കോര്‍പറേഷന്‍ കൈമാറണമെന്നാണ് വ്യവസ്ഥ. കരാര്‍ വ്യവസ്ഥകള്‍ അംഗീകരിച്ച് 2016 സപ്തംബറില്‍ തപാല്‍ വകുപ്പുമായി കോര്‍പറേഷന്‍ കരാര്‍ ഒപ്പുവെക്കുകയും ചെയ്തു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംസ്ഥാന റീജീയണല്‍ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ തിരുവനന്തപുരത്തെ കേന്ദ്ര തപാ ല്‍ വകുപ്പ് ചുമതലപ്പെടുത്തി. നടപടികള്‍ പൂര്‍ത്തിയാക്കി കരാര്‍ ഒപ്പുവെയ്ക്കുന്നതിന് നിര്‍ദ്ദേശിച്ചാണ് തൃശൂര്‍ തപാല്‍ പോസ്റ്റ്മാസ്റ്റര്‍ ജനറലിന് ഫയല്‍ നല്‍കിയത്. ധാരണാപത്രത്തില്‍ കരാര്‍ ഒപ്പുവെയ്ക്കാന്‍ മൂന്ന് മാസ കാലാവധിയെന്ന് രേഖപ്പെടുത്തിയിരുന്നതനുസരിച്ച് കഴിഞ്ഞ ജൂലായില്‍ സമയം കഴിഞ്ഞിരുന്നു. ഈ വാചകം ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ സംശയ ദുരീകരണമെന്ന വാദവുമായി ജില്ലാ തപാല്‍വകുപ്പ് ഫയല്‍ തിരിച്ചയച്ചത്.
പുതിയ കരാര്‍ തയ്യാറാക്കി നടപടികള്‍ വീണ്ടും ആരംഭിക്കേണ്ടി വന്നാല്‍ ഇനിയും പട്ടാളം റോഡിലെ കുപ്പിക്കഴുത്ത് പൊട്ടാന്‍ 3 വര്‍ഷം സമയമെടുക്കുമെന്ന ആശങ്ക കോര്‍പ്പറേഷനുണ്ട്. ഇതേതുടര്‍ന്ന് നിയമനടപടികള്‍ സ്വീകരിക്കാനുള്ള നീക്കത്തിലാണ് കോര്‍പ്പറേഷന്‍.
Next Story

RELATED STORIES

Share it