Kollam Local

വഴിത്തര്‍ക്കം: ജനപ്രതിനിധിക്ക് നേരെ കൈയേറ്റശ്രമം

ഓയൂര്‍: വഴിത്തര്‍ക്കത്തിനിടെ പഞ്ചായത്ത് അംഗത്തിനു നേരെ സംഭവസ്ഥലത്തും പോലിസിന്റെ മുന്നില്‍ വച്ചും കൈയേറ്റ ശ്രമവും വധഭീഷണിയും ഉണ്ടായതായി പരാതി.

വെളിയം പഞ്ചായത്ത് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഓടനാവട്ടം വിജയപ്രകാശിന് നേരെയായിരുന്നു കൈയേറ്റശ്രമം.
ഓടനാവട്ടം-ഗാന്ധി ഭവന്‍ വഴി കടന്നുപോകുന്ന മൂന്ന് മീറ്റര്‍ പഞ്ചായത്ത് റോഡ് രാജേന്ദ്രന്‍ എന്നയാള്‍ കല്ലുകള്‍ കുഴിച്ചിട്ട് മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ചു. പരാതി പരിഹരിക്കാനെത്തിയ വിജയപ്രകാശ് പ്രദേശവാസികളുമായി സംസാരിക്കുന്നതിനിടെ പിന്നിലൂടെ എത്തിയ രാജേന്ദ്രന്‍ കുന്താലികൊണ്ട് അടിച്ചത് മറ്റുള്ളവര്‍ തടഞ്ഞതിനാല്‍ അപകടം ഒഴിവായി. സംഭവത്തെക്കുറിച്ച് പൂയപ്പള്ളി പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതി അന്വേഷിച്ച പോലിസ് ഇരുകൂട്ടരെയും കഴിഞ്ഞദിവസം സ്റ്റേഷനില്‍ വിളിപ്പിച്ചിരുന്നു.
പോലിസിന്റെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്തി പുറത്തേക്കിറങ്ങിയ വിജയപ്രകാശിനെ പോലിസുകാരുടെ മുന്നില്‍ വെച്ച് നാല്‍വര്‍ സംഘം പിടിച്ച് തള്ളുകയും അടിക്കാന്‍ ശ്രമിച്ചു. പോലിസുകാര്‍ ഇടപെട്ട് ഇരുകൂട്ടരേയും പിടിച്ച് മാറ്റിയതിനാല്‍ അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല. തുടര്‍ന്ന് സംഘം വിജയപ്രകാശിനെ കൊന്ന് കളയുമെന്ന ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
സംഭവങ്ങളുമായി ബന്ധപ്പെട്ട് കട്ടയില്‍ അനില്‍ വിഹാറില്‍ അനീഷ്, കട്ടയില്‍ ചിത്രവര്‍ണ്ണത്തില്‍ രാജേന്ദ്രന്‍, പരുത്തിയറ ഹരിത ഭവനില്‍ ഹരികുമാര്‍ തുടങ്ങി കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കെതിരെ പൂയപ്പള്ളി പോലിസിലും കൊട്ടാരക്കര എസ്പി അജിതാ ബീഗത്തിനും പരാതി നല്‍കിയിട്ടുണ്ട്.
സംഭവം അന്വഷിക്കുന്നതിനായി എഴുകോണ്‍ സിഐയെ ചുമതലപ്പെടുത്തി.
Next Story

RELATED STORIES

Share it