malappuram local

വഴിക്കടവില്‍ മൃതദേഹം മാറി സംസ്‌കരിച്ചു



എടക്കര: ബന്ധുക്കളുടെയും ആശുപത്രി അധികൃതരുടെയും അനാസ്ഥമൂലം മൃതദേഹം മാറി സംസ്‌കരിച്ചു. വഴിക്കടവ് വരക്കുളത്തെ പരേതനായ കൊച്ചുപറമ്പില്‍ പൗലോസിന്റെ ഭാര്യ മറിയാമ്മ (85) യുടെ മൃതദേഹമാണ് മാറി സംസ്‌കരിച്ചത്. കഴിഞ്ഞ ഞായറാഴ്ച മുട്ടിക്കടവ് തറയില്‍ പുത്തന്‍വീട് ഏലിയാമ്മയും(80), വരക്കുളം കൊച്ചുപറമ്പില്‍ മറിയാമ്മയും മരണപ്പെട്ടിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ ചുങ്കത്തറയിലെ മാര്‍ത്തോമാ ആശുപത്രിയിലെ മോര്‍ച്ചറി ഫ്രീസറിലാണ് സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്നുമാണ് മൃതദേഹങ്ങള്‍ മാറിയത്. മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹങ്ങള്‍ക്ക് വിവരങ്ങളടങ്ങിയ ടാഗ് ആശുപത്രി അധികൃതര്‍ സൂക്ഷിക്കാത്തതാണ് മാറാന്‍ കാരണം. മൃതദേഹം ഏറ്റുവാങ്ങാനെത്തിയ ബന്ധുക്കളുടെ അനാസ്ഥയും മൃതദേഹം മാറാന്‍ കാരണമായി. ഏലിയാമ്മയുടെ സംസ്‌കാര ശുശ്രൂഷകള്‍ക്കിടെ മൃതദേഹം മാറിയതായി ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ഇക്കാര്യം മക്കളും ബന്ധുക്കളും പള്ളി കമ്മിറ്റിയും ഗൗനിച്ചില്ല. സംശയം തോന്നിയ ചിലര്‍ വ്യാഴാഴ്ച ആശുപത്രിയിലെത്തി മൃതദേഹം കണ്ടതോടെയാണ് മൃതദേഹം മാറി സംസ്‌കരിച്ച വിവരം പുറത്തറിയുന്നത്. ഇതോടെ മറിയാമ്മയുടെ ബന്ധുക്കല്‍ ആശുപത്രിയിലെത്തി. വിദേശത്ത് ജോലി ചെയ്യുന്ന മകന്‍ ഇന്ന് എത്തുമെന്നതിനാല്‍ മറിയാമ്മയുടെ സംസ്‌കാരം നടത്തിയിരുന്നില്ല. നേരിയ സംഘര്‍ഷം ഉണ്ടായെങ്കിലും എടക്കര പോലിസിന്റെ സമയോചിത ഇടപെടല്‍മൂലം അനിഷ്ടസംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല. സംഭവത്തെത്തുടര്‍ന്ന് മറവ് ചെയ്ത മറിയാമ്മയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു പുറത്തെടുത്ത് ബന്ധുക്കള്‍ക്ക് നല്‍കി.
Next Story

RELATED STORIES

Share it