Flash News

വഴയില-പഴകുറ്റി നാലുവരിപ്പാത: 470ലേറെ വീടുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും ഭീഷണി; ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു

വഴയില-പഴകുറ്റി നാലുവരിപ്പാത: 470ലേറെ വീടുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും ഭീഷണി; ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു
X
കെ മുഹമ്മദ് റാഫി

നെടുമങ്ങാട്: തിരുവനന്തപുരം ജില്ലയിലെ മലയോര താലൂക്ക് ആസ്ഥാനമായ നെടുമങ്ങാട് പഴകുറ്റി-വഴയില റോഡ് നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിന്റെ പേരില്‍ പ്രദേശവാസികള്‍ കുടിയിറക്കു ഭീഷണിയില്‍. നിലവിലെ റോഡ് അലൈന്‍മെന്റ് സര്‍വേ അട്ടിമറിച്ച് സ്വകാര്യ കമ്പനി അടുത്തിടെ തയ്യാറാക്കിയ പുതിയ അലൈന്‍മെന്റ് പ്രകാരം പ്രദേശത്തെ 470ലേറെ വീടുകളും വ്യാപാരസ്ഥാപനങ്ങളും ഭീഷണിയിലാണ്. നിലവില്‍ 10 മീറ്റര്‍ വീതിയുള്ള റോഡ് 21 മീറ്ററാക്കി നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിന് പിഡബ്ല്യൂഡി ഉദ്യോഗസ്ഥര്‍ രണ്ടുതവണ സര്‍വേ നടത്തി ഭൂമി അടയാളപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് വളരെ കുറച്ച് വീടുകളെ നഷ്ടപ്പെടുമായിരുന്നുള്ളൂ. എന്നാല്‍, സ്വകാര്യ കമ്പനി ഉപഗ്രഹ സര്‍വേയിലൂടെ തയ്യാറാക്കിയ പുതിയ അലൈന്‍മെന്റ് പ്രകാരം വഴയില നിന്ന് ആരംഭിക്കുന്ന നാലുവരിപ്പാത എട്ടാംകല്ല് തിയേറ്റര്‍ ജങ്ഷന്‍ വരെ നിലവിലെ റോഡിന്റെ ഇരുവശത്തു നിന്നും ഭൂമിയെടുത്തും പിന്നെ വരുന്ന ഭാഗങ്ങള്‍ ഓരോ വശത്തുനിന്നു പൂര്‍ണമായും ഭൂമിയെടുത്തുമാണ് നിര്‍മാണം നടത്തുക.



ഈ അലൈന്‍മെന്റ് പ്രകാരം അഴിക്കോട് മരുതിനകം മുതല്‍ പഴകുറ്റി വരെ എത്തുമ്പോള്‍ 470ഓളം കുടുംബങ്ങളെയും നിരവധി വ്യാപാരസ്ഥാപനങ്ങളും കുടിയൊഴിപ്പിക്കേണ്ടിവരും. അഴിക്കോട് മുതല്‍ പഴകുറ്റി വരെ നിലവിലെ റോഡിന്റെ ഇരുഭാഗത്തു നിന്നും മാറിമാറിയാണ് ഭൂമി എടുക്കുന്നത്. ഇപ്പോഴുള്ള റോഡിന്റെ ഒരുവശത്തുക്കൂടി കിള്ളിയാര്‍ ഒഴുകുന്നുണ്ട്. കിള്ളിയാറിന്റെ വശത്തു തന്നെ നല്ലൊരു ശതമാനം പുറമ്പോക്കു ഭൂമിയുണ്ട്. എന്നാല്‍, ഉപഗ്രഹ സര്‍വേപ്രകാരം കിള്ളിയാറിന്റെ ഭാഗത്തുക്കൂടി നാലുവരിപ്പാത കടന്നുപോവുന്നത് വാളിക്കോട് പ്രദേശത്തു മാത്രമാണ്. അതും നിലവിലെ റോഡും കവലയും വിട്ടു കിള്ളിയാറിനു സമീപത്തെ ചതുപ്പില്‍ക്കൂടി. മരുതിനകം, അമ്പനാട്, പത്താംകല്ല്, വാളിക്കോട്, പതിനൊന്നാം കല്ല്, കല്ലമ്പാറ, പഴകുറ്റി പ്രദേശങ്ങളില്‍ ഒരുഭാഗത്തുനിന്നു മാത്രം നാലുവരിപ്പാതയ്ക്ക് ആവശ്യമായ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ നിലവിലെ റോഡ് ഈ ഭാഗങ്ങളില്‍ ഉപയോഗശൂന്യമാവും.
നേരത്തേ തയ്യാറാക്കിയ സര്‍വേപ്രകാരം നിലവിലെ 10 മീറ്റര്‍ റോഡിന്റെ വശവും കിള്ളിയാറിന്റെ ഭാഗത്തെ പുറമ്പോക്കും ബാക്കിവരുന്നത് സ്ഥലവാസികളില്‍ നിന്നും ഏറ്റെടുത്താല്‍ മതിലുകളും മുന്‍വശത്തെ വസ്തുക്കളും ഇരുഭാഗത്തും തുല്യമായി എടുത്ത് നാലുവരിപ്പാത നിര്‍മാണം സുഖമായി പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നു. ഇതിനിടയില്‍ നടന്ന ഉപഗ്രഹ സര്‍വേ നാലുവരിപ്പാത നിര്‍മാണം അഴിമതിയില്‍ മുക്കാനുള്ള അധികാരികളുടെ ശ്രമത്തിന്റെ ഭാഗമാെണന്നാണു സ്ഥലവാസികള്‍ ആരോപിക്കുന്നത്. സ്ഥലം എംഎല്‍എയുടെ ഒത്താശയോടെയാണ് ആദ്യ സര്‍വേ അട്ടിമറിച്ചതെന്നും സ്ഥലവാസികള്‍ പറഞ്ഞു. പുതിയ സര്‍വേപ്രകാരം കുടിയിറക്കല്‍ ഭീഷണി നേരിടുന്ന കുടുംബങ്ങളില്‍ ഭൂരിഭാഗവും ന്യൂനപക്ഷ-പിന്നാക്ക-ദലിത് വിഭാഗങ്ങളില്‍പ്പെട്ടവരാണ്. നാലുവരിപ്പാതയുടെ അരുവിക്കര നിയോജകമണ്ഡലത്തില്‍ വരുന്ന ഭാഗങ്ങളില്‍ സ്ഥലവാസികളെ ഉപദ്രവിക്കാതെ പുറമ്പോക്കു ഭൂമി കണ്ടെത്തി ഇരുവശത്തു നിന്നും ഒരുപോലെ എടുക്കാന്‍ ശബരീനാഥന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഇടപെടല്‍ നടക്കുന്നുണ്ട്. എന്നാല്‍, നെടുമങ്ങാട് നിയോജകമണ്ഡലത്തിന്റെ ഭാഗമാവുന്ന മേഖലകളില്‍ എത്ര കുടുംബങ്ങളെ വേണമെങ്കിലും കുടിയിറക്കി പാത നിര്‍മാണവുമായി മുന്നോട്ടുപോവാനാണ് സി ദിവാകരന്‍ എംഎല്‍എയുടെ നിര്‍ദേശം. ഇതിനെതിരേ സ്ഥലവാസികള്‍ ആക്്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ഇതിനു മുന്നോടിയായി മുഖ്യമന്ത്രി അടക്കമുള്ള ഉന്നതര്‍ക്ക് പരാതി നല്‍കി.
Next Story

RELATED STORIES

Share it