Pathanamthitta local

വള്ളിക്കോട് പാടശേഖരങ്ങളില്‍ നെല്‍കര്‍ഷകര്‍ നിരാശയില്‍

പത്തനംതിട്ട: ജില്ലയുടെ പ്രധാന നെല്ലറകളിലൊന്നായ വള്ളിക്കോട് പാടശേഖരത്തില്‍ നെല്‍കര്‍ഷകരുടെ ദുരിതങ്ങള്‍ വര്‍ധിക്കുന്നു. അപ്പര്‍കുട്ടനാട് കഴിഞ്ഞാല്‍ ജില്ലയില്‍ ഏറ്റവും വലിയ കൃഷിയുള്ള ഇടമാണ് വള്ളിക്കോട്. പ്രദേശത്തുള്ള കര്‍ഷകര്‍ കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ രണ്ടാമത്തെ കെടുതിയുടെ പിടിയില്‍ അമര്‍ന്നിരിക്കുകയാണ്.നെല്ലിന്റെ ഓല കരിച്ചിലും മഞ്ഞളിപ്പും ബാധിച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നം. രണ്ടുമാസം മുമ്പാണ് ഇവിടെ ഉരുള്‍പൊട്ടി വന്ന വെള്ളത്തില്‍ വിത്ത് നശിച്ചത്. രണ്ടാമത് വിതച്ച വിത്താണ് ഇപ്പോള്‍ ഓലകരിഞ്ഞ് നശിക്കുന്നത്. വേട്ടക്കുളം, നരിക്കുഴി ഭാഗത്താണ് നാശം. പത്ത് ഹെക്ടറില്‍ കൃഷി നശിച്ചതോടെ കൃഷിക്കാര്‍ നിരാശയിലാണ്. കാഞ്ചന വിത്തിന് മാത്രമാണ് നാശം എന്നാണ് പറഞ്ഞിരുന്നതെങ്കിലും ഉമ വിത്തിട്ടടത്തും ഓല കരിയുന്നുണ്ടെന്ന് കൃഷിക്കാര്‍ പറഞ്ഞു. കിറ്റാസിന് എന്ന മരുന്നാണ് അടിച്ചിട്ടുള്ളത്. കാര്‍ഷിക സര്‍വകലാശാലയിലെ ഡോ. ഉമാശങ്കര്‍ കഴിഞ്ഞ ദിവസം എത്തി പരിശോധന നടത്തിയിരുന്നു.എന്നാല്‍ വിത്തിന്റെ തകരാറാണ് ഉണ്ടായതെന്ന് കൃഷിക്കാര്‍ക്ക് സംശയം ഉണ്ട്. കെഎസ്ഡിഎയില്‍ നിന്ന് വാങ്ങിയ വിത്താണ് ഇവിടെ ഉപയോഗിച്ചത്.  രണ്ടു മാസം മുമ്പുണ്ടായ ശക്തമായ മഴയില്‍ ഉരുള്‍ പൊട്ടി വന്ന വെള്ളം ഈ പാടത്തിനെയാണ് ബാധിച്ചത്.        മണക്കുപ്പ ഭാഗത്ത് നിന്ന് വെള്ളം ഒലിച്ച് വന്ന് ബണ്ട് പൊട്ടി വിത്ത് മുങ്ങിപ്പോയി. വിതച്ച ഉടനെയായിരുന്നു ഈ പ്രശ്‌നം.വെള്ളം ഇറങ്ങിയപ്പോള്‍ വിത്തും ഒലിച്ച് പോയി.രണ്ടാമത് കൊണ്ടുവന്ന വിത്താണ് ഇവിടെ ഇപ്പോള്‍ നില്‍ക്കുന്നതെന്ന് കൃഷിക്കാരിയും കുടുംബശ്രീ ജില്ലാ റിസോഴ്‌സ് പേഴ്‌സണുമായ ശ്രീജാസദനത്തില്‍ ശ്രീജ പറഞ്ഞു. പലരും രണ്ടാമത് കൃഷിക്ക് ഒരുങ്ങിയിട്ടില്ല. ഈ പാടങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കിടക്കുകയാണ്. വെട്ടുവേലി ഭാഗത്ത് രണ്ടാം വിത നടത്തിയ ഇടത്തും കാര്യമായ മെച്ചം ഇല്ല. മരുന്നുകൊണ്ടും ഗുണമില്ല. ഓലകളില്‍ മരുന്ന് തളിച്ചിട്ടും കാര്യമായ ഗുണം കിട്ടുന്നില്ലന്ന് വാഴമുട്ടം രാജ്ഭവനില്‍ ശ്യാമള കുമാരി പറഞ്ഞു. നെല്ല് ഇപ്പോഴും മോശമായി നില്‍ക്കുകയാണ്. കള നീക്കുന്ന സമയമാണിപ്പോള്‍. നെല്ലിന് ഓല കരിച്ചില്‍ വന്നതോടെ കള നീക്കം നടത്തണോ എന്ന സംശയം ചില കൃഷിക്കാര്‍ക്കുണ്ട്. 40 ദിവസം വരെ പ്രായമായ കൃഷിയാണിത്. കൃഷിക്കാര്‍ക്ക് കാര്യമായ സഹായം ലഭ്യമാക്കണമെന്ന് ശ്രീജ പറഞ്ഞു. സ്ത്രീപദവി സ്വയം പഠന കേന്ദ്രത്തിന്റെ നിര്‍ദ്ദേശ പ്രകാരം വനിതകള്‍ സ്വന്തമായി കൃഷി ചെയ്യുന്ന രീതികള്‍ തുടങ്ങിയിരിക്കയാണ്. ജില്ലയില്‍ തൊഴില്‍ സേന തന്നെ വന്നിട്ടുണ്ട്. ഇത്തരം കൂട്ടായ്മകള്‍ വളരണമെങ്കില്‍ കൃഷിക്കുള്ള തിരിച്ചടിക്ക് സഹായം കിട്ടണം. ഉരുള്‍ പൊട്ടല്‍ നാശത്തിന്റെ നഷ്ടപരിഹാരം കൃഷിക്കാര്‍ക്ക് കിട്ടിയിട്ടില്ല. നെല്‍കൃഷി ജോലിക്ക് തൊഴിലാളികളെ കിട്ടാനില്ലാത്തത് വള്ളിക്കോട് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. കൂലിക്കൂടുതല്‍ നല്‍കി ആളുകളെ എത്തിക്കുന്നത് സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നും കൃഷിക്കാര്‍ പറയുന്നു.
Next Story

RELATED STORIES

Share it