kozhikode local

വള്ളിക്കാട് ടിപി സ്തൂപം വീണ്ടും തകര്‍ത്തു

വടകര: ടിപി ചന്ദ്രശേഖരന്‍ വെട്ടേറ്റുവീണ വള്ളിക്കാട് പണിത രക്തസാക്ഷി സ്തൂപം തകര്‍ത്ത നിലയില്‍. ഇത് നാലാം തവണയാണ് സ്തൂപത്തിനു നേരെ അക്രമമുണ്ടാവുന്നത്.വള്ളിക്കാട് റോഡരികിലെ സ്തൂപത്തിനു മുകളിലെ ആര്‍ച്ചും ബള്‍ബും നശിപ്പിച്ചിരിക്കുകയാണ്. ടിപിയുടെ ഫോട്ടോ എടുത്തെറിയുകയും ചെയ്തു. കഴിഞ്ഞ ദിവസം അര്‍ധ രാത്രിയാണ് സംഭവം.
മുഖംമൂടി ധരിച്ച് മോട്ടോര്‍ സൈക്കിളില്‍ എത്തിയവരാണ് അക്രമം നടത്തിയതെന്ന് പറയുന്നു. രാത്രി പോളിങ് ഡ്യൂട്ടി കഴിഞ്ഞു പോവുന്നവരാണ് ഇക്കാര്യം കണ്ടതും ബന്ധപ്പെട്ടവരെ അറിയിച്ചതും. മുഖംമൂടി ധാരികള്‍ സ്തൂപം തകര്‍ക്കുന്നത് ഒരു ഓട്ടോഡ്രൈവരുടെ ശ്രദ്ധയില്‍പെട്ടതായും വിവരമുണ്ട്. സംഭവമറിഞ്ഞ് നിരവധിയാളു കള്‍ തടിച്ചുകൂടി.
സ്തൂപത്തിനു നേരെ അക്രമം ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ പോലിസ് കാവല്‍ ഏര്‍പെടുത്തിയിരുന്നു. ഇന്നലെ പോലിസ് ഇല്ലാത്ത നേരം നോക്കിയാണ് വീണ്ടും സ്തൂപം തകര്‍ത്തത്. ആഗസ്ത് 24 നാണ് ഏറ്റവും ഒടുവില്‍ അക്രമം നടന്നത്. അന്ന് ആര്‍എംപി പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നപ്പോള്‍ പോലിസ് കാവലും സിസിടിവി കാമറ സ്ഥാപിക്കുമെന്ന ഉറപ്പും ബന്ധപ്പെട്ടവര്‍ നല്‍കിയിരുന്നു.
അക്രമികളെ പിടികൂടാന്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡും രൂപീകരിച്ചു. എന്നാല്‍ രണ്ടു മാസം കഴിഞ്ഞിട്ടും ആരെയും അറസ്റ്റ് ചെയ്യുന്ന വിധത്തില്‍ അന്വേഷണം ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോവാന്‍ പോലിസിനായില്ല. ആര്‍എംപി നേതാക്കളായ എന്‍ വേണു, കുളങ്ങര ചന്ദ്രന്‍, ഇ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. രാവിലെ വടകര എസ്‌ഐ പി എസ് ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇവിടെ പരിശോധന നടത്തി.

ടിപി സ്തൂപത്തിന് പ്രത്യേക പോലിസ് സുരക്ഷ
വടകര: ഒഞ്ചിയം വള്ളിക്കാട്ടെ ടിപി ചന്ദ്രശേഖരന്‍ സ്മാരക സ്തൂപത്തിന് പ്രത്യേക സുരക്ഷയൊരുക്കാനും കര്‍ശനമായി നിരീക്ഷിക്കാനും പോലിസ് തീരുമാനം. ടിപി സ്തൂപത്തിനു സമീപം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സിസി കാമറ സ്ഥാപിക്കും.
പ്രദേശത്ത് പ്രത്യേക പോലിസ് നിരീക്ഷണം ഏര്‍പ്പെടുത്താനും തീരുമാനമായി. ടിപി സ്മാരക സ്തൂപം രാത്രികാലങ്ങളില്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നത് മൂലമാണ് പോലിസ് നടപടി. മേഖലയിലെ സിപിഎം-ആര്‍എംപി സംഘര്‍ഷത്തിന്റെ പാശ്ചാത്തലത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ നിരീക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കാനും പോലിസിന്റെ ഉന്നത തലത്തില്‍ തീരുമാനമുണ്ട്.
Next Story

RELATED STORIES

Share it