Alappuzha local

വള്ളികുന്നത്തിന്റെ സൈ്വരം തകര്‍ത്ത് വാളച്ചാലിലെ ആര്‍എസ്എസ് ക്രിമിനലുകള്‍

വള്ളികുന്നം: തുടരെയുള്ള അക്രമങ്ങളിലൂടെ  വാളച്ചാലിലെയും പരിസര പ്രദേശങ്ങളിലെയും ആര്‍എസ്എസ് ക്രിമിനലുകള്‍ ജനങ്ങളുടെ സൈ്വരം തകര്‍ക്കുന്നു. മൂന്നു മാസത്തിനിടയില്‍ ആറോളം അക്രമ പരമ്പരകളാണു വാളച്ചാലിലെ ആര്‍എസ്എസ് സംഘം നടത്തിയത്.  പുത്തൂരേത്ത് ജങ്ഷനിലുള്ള ഹോട്ടലില്‍ അതിക്രമിച്ചു കയറി ജീവനക്കാരനെ മര്‍ദിച്ചത് വന്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കിയെങ്കിലും ആര്‍എസ്എസുകാരായ പ്രതികളെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു അന്ന് പോലിസ് ചെയ്തത്. അന്ന് പ്രദേശത്തെ ഒരു വിഭാഗം സിപിഎം നേതൃത്വം ഇടപെട്ടാണു കേസ് ഒതുക്കി തീര്‍ത്തതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. വാളച്ചാലിനു വടക്ക് രണ്ടു കുടുംബങ്ങള്‍ തമ്മില്‍ നടന്ന അതിര്‍ത്തി തര്‍ക്കത്തിനിടയില്‍ വടിവാളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും ഇതേ ആളുകള്‍ത്തന്നെ ആയിരുന്നു. ന്യൂ ഇയറിനു റോഡില്‍ എഴുതുന്നതുമായി ബന്ധപ്പെട്ട് കെഎസ്‌യു, എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ മാരകായുധങ്ങളുമായി എത്തി ഭീഷണി മുഴക്കിയ ഇവര്‍ക്കെതിരെ പോലിസ് യാതൊരു വിധ നടപടികളും സ്വീകരിച്ചില്ല. പോലിസിന്റെ ഭാഗത്ത് നിന്നുമുള്ള നിഷ്‌ക്രിയത്വവും, സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചതിനു ശേഷമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ കേസില്ലാതെയുള്ള ഒത്തുതീര്‍പ്പ് ഫോര്‍മുലകളുമാണു വീണ്ടും പ്രശ്‌നങ്ങളിലേക്ക് വഴി നയിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്ന വേളകളില്‍ ഉപയോഗിക്കുവാനായി വാളച്ചാല്‍ ജങ്ഷനു തൊട്ടടുത്ത് താമസിക്കുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകള്‍ കേന്ദ്രീകരിച്ച് തുണിക്കകത്ത് ഉരുളന്‍ കല്ലുകള്‍ കെട്ടി സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം പല പ്രാവശ്യം പോലിസിനെ പ്രദേശവാസികള്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ പ്രദേശത്ത് അക്രമമഴിച്ച് വിടുന്നതിനു മുമ്പ് ആയിക്കോമത്ത് ക്ഷേത്രത്തിനു സമീപം ആര്‍എസ്എസ്  യോഗം ചേരാറുണ്ടെന്നും പ്രദേശ വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന വധശ്രമത്തിലെ യഥാര്‍ഥ പ്രതികളെ  പിടികൂടിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുവാനാണ് വാളച്ചാല്‍ നിവാസികളുടെ തീരുമാനം.
Next Story

RELATED STORIES

Share it