malappuram local

വള്ളങ്ങള്‍ കടലിലിറക്കാനാവാതെ തൊഴിലാളികള്‍

പൊന്നാനി: കാറ്റും മഴയും ശക്തമായതോടെ കടല്‍ പ്രക്ഷുബ്ധമായി തുടരുകയാണ്. ഇതോടെ വള്ളങ്ങള്‍ കടലിലിറക്കാനാവാതെ തൊഴിലാളികള്‍ വിഷമിക്കുന്നു. മീന്‍ പിടിക്കാനാവാതായതോടെ തീരം വീണ്ടും പട്ടിണിയിലായി. പൊന്നാനി, വെളിയങ്കോട്, പാലപ്പെട്ടി എന്നിവിടങ്ങളിലെ നൂറുകണക്കിന് വള്ളങ്ങളാണ് ദിവസവും കടലില്‍ പോയിക്കൊണ്ടിരുന്നത്. പൊന്നാനിയില്‍ ദിവസങ്ങള്‍ക്കു മുമ്പ് ചാകര വീണപ്പോള്‍ ചെമ്മീനും മത്തിയും കൊഴുവയും നത്തോലിയും ധാരാളമായി കിട്ടിയിരുന്നു.
എന്നാല്‍ മഴയെ തുടര്‍ന്ന് കടലേറ്റം ശക്തമായതോടെ വള്ളങ്ങള്‍ കടലില്‍ ഇറക്കാതായി. വള്ളങ്ങള്‍ കടലിലിറക്കാന്‍ കഴിയാത്തതിനാല്‍ തീരത്തെ ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങളാണ് ദുരിതത്തിലായത്. കഴിഞ്ഞ ദിവസങ്ങളില്‍ 25 ഓളം വള്ളങ്ങള്‍ തകര്‍ന്നത് ഏഴ്് കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയത്. മഴയും കാറ്റും അവഗണിച്ച് കടലിലിറക്കിയ പല വള്ളങ്ങളും അപകടത്തില്‍പ്പെട്ടിട്ടുണ്ട്.
രണ്ടു മാസത്തിനിടയില്‍ മൂന്നു പേര്‍ കടലില്‍ മുങ്ങി മരിക്കുകയും ചെയ്തു. ഇതോടെ അപകടത്തില്‍പ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് കടലിലിറക്കിയ വള്ളങ്ങള്‍കൂടി കരയ്ക്കടുപ്പിച്ചു. വട്ടി പലിശയ്ക്ക് പണമെടുത്താണ് പലരും വള്ളങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നത്. പണിയില്ലാതായതോടെ പണം തിരിച്ചടക്കാന്‍ സാധിക്കാതായെന്ന് തൊഴിലാളികള്‍ പറഞ്ഞു. നിത്യചെലവിനു പോലും പണമില്ലെന്നും സര്‍ക്കാര്‍ സഹായം നല്‍കണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം. ഇപ്പോഴും ജില്ലയുടെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായി തുടരുകയാണ്. പഞ്ചായത്ത്, റവന്യൂ അധികൃതര്‍ സന്ദര്‍ശിച്ച് സ്ഥലം വിടുന്നുവെന്നല്ലാതെ തീരത്തെ കുടുംബങ്ങള്‍ക്ക് നേട്ടങ്ങളൊന്നുമില്ല. പലരും അപകടാവസ്ഥയിലാണന്നറിഞ്ഞിട്ടും സുരക്ഷിതസ്ഥലങ്ങളില്‍ പോകാതെ സ്വന്തം കുടുംബങ്ങളില്‍ തന്നെ കഴിയുകയാണ്.
Next Story

RELATED STORIES

Share it