thiruvananthapuram local

വള്ളക്കടവ് പാലം പുനര്‍നിര്‍മാണത്തിന് തുക ഉടന്‍ കണ്ടെത്തണം



തിരുവനന്തപുരം:  തീരപ്രദേശമായ വലിയതുറ, ബീമാപള്ളി, ശംഖുമുഖം, എയര്‍പോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പ്രധാന നഗരകവാടമായ വള്ളക്കടവ് പാലം പുനര്‍നിര്‍മ്മിക്കാനുള്ള അടങ്കല്‍ തുക അടിയന്തിരമായി കണ്ടെത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.പാലം നിര്‍മിക്കുന്നതിനുള്ള സ്‌കെച്ച്, എസ്റ്റിമേറ്റ്, സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ എന്നിവ അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്നും കമ്മീഷന്‍ ആകടിംഗ് അധ്യക്ഷന്‍ പിമോഹനദാസ് പൊതുമരാമത്ത് വകുപ്പ് നിരത്തുകളും പാലങ്ങളും വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ പാലത്തിന്റെ ബലക്ഷയത്തെ പറ്റി മനസിലാക്കാന്‍ പാലം അപകടാവസ്ഥയിലാണെന്ന ബോര്‍ഡ് സ്ഥാപിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഭാരമേറിയ വാഹനങ്ങള്‍ പാലത്തിലൂടെ സഞ്ചരിക്കുന്നത് നിയമപരമായ മാര്‍ഗ്ഗത്തിലൂടെ തടയണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു. കാലപഴക്കം കൊണ്ട് ബലക്ഷയം സംഭവിച്ച വള്ളക്കടവ് പാലം അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങളായി.  പാലം അപകടത്തിലാണെന്ന് ചീഫ് എഞ്ചിനീയര്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് പൊതുമരാമത്ത് ഉദേ്യഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.  എന്നിട്ടും പുതിയ പാലം നിര്‍മിക്കാനുള്ള നടപടികള്‍ ആരംഭിച്ചില്ല.  അപകടത്തിലായ പാലത്തിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചുമില്ല.  ഇതിനെ തുടര്‍ന്നാണ് വള്ളക്കടവ് പാലം സംരക്ഷണ സമിതി ജനറല്‍ കണ്‍വീനറും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ രാഗം റഹീം മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത്. കമ്മീഷന്‍ പൊതുമരാമത്ത് വകുപ്പില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു.  പാലം അപകടാവസ്ഥയിലാണെന്ന് പൊതുമരാമത്ത് വകുപ്പ് സമ്മതിച്ചു.  അപകടം സൂചിപ്പിക്കുന്ന ബോര്‍ഡ് സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ സമ്മതിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം പരാതിക്കാരന്‍ നിഷേധിച്ചു. വള്ളക്കടവ് പാലം അപകടാവസ്ഥയിലാണെന്ന പരാതി അതീവ ഗൗരവമുള്ളതാണെന്ന് കമ്മീഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവില്‍ ചൂണ്ടികാണിച്ചു.  ദിവസേന നാല്‍പതോളം സ്‌കൂള്‍ ബസുകള്‍ കടന്നുപോകുന്ന പാലമാണ് ഇത്.  ചെറിയ വാഹനങ്ങള്‍ കടന്നുപോയാലും പാലം കുലുങ്ങാറുണ്ട്.
Next Story

RELATED STORIES

Share it