malappuram local

വളവന്നൂര്‍ ജില്ലാ ആയുര്‍വേദാശുപത്രിയിലെ സൗരോര്‍ജ ഉപകരണങ്ങള്‍ നശിക്കുന്നു

പുത്തനത്താണി: വളവന്നൂരില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ആയുര്‍വ്വേദാശുപത്രിയിലെ സൗരോര്‍ജ്ജ ഉപകരണങ്ങള്‍ ഉപയോഗ്യമല്ലാത്ത സാഹചര്യത്തില്‍ നശിക്കുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് സൗരോര്‍ജ്ജ പാനലുകളും അനുബന്ധ സാമഗ്രികളും ഇവിടെ എത്തിയത്.
വൈദ്യുതി മുടങ്ങുന്ന പക്ഷം ബള്‍ബുകളും മറ്റു യന്ത്ര സാമഗ്രികളും സൗരോര്‍ജ്ജ വൈദ്യുതിയില്‍ പ്രവര്‍ത്തിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സോളാര്‍ പാനലുകളും മറ്റും ഇവിടെ സ്ഥാപിച്ചത്. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഈ ആശുപത്രിയില്‍ പത്തുലക്ഷത്തോളം രൂപ ചെലവിലാണ് സൗരോര്‍ജ്ജ യൂനിറ്റ് സ്ഥാപിച്ചത്.
മുപ്പതു ബാറ്ററികളും, നാലു ബോര്‍ഡുകളില്‍ സ്ഥാപിച്ച സൗരോര്‍ജ്ജ പാനലുകളും, വലിയൊരു യുപിഎസ്സും അടങ്ങുന്ന യൂനിറ്റാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിലെ യുപിഎസ്സിനാണ് തകരാറ് സംഭവിച്ചിട്ടുള്ളത്. യൂണിറ്റ് സ്ഥാപിച്ചിട്ടുള്ള കമ്പനിധികൃതര്‍ ആശുപത്രിയില്‍ വന്നു പരിശോധന നടത്തിയെങ്കിലും തകരാറ് നേരെയാക്കുവാന്‍ ഇതുവരെ ശ്രമമൊന്നും നടന്നില്ല.
ഉടനെ വന്നു നേരെയാക്കാമെന്ന മറുപടി മാത്രമാണ് അധികൃതരുടെ പക്കല്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇതിനു മുമ്പു സ്ഥാപിച്ച വൈദ്യുത ജനറേറ്റരും പ്രവര്‍ത്തന രഹിതമായി നശിക്കാന്‍ തുടങ്ങിയിട്ട് കാലം ഏറെ കഴിഞ്ഞു. അമ്പത് പേരെ കിടത്തി ചികിത്സിക്കുവാന്‍ ശേഷിയുള്ള ഈ ആശുപത്രിയിലെ എക്‌സ്‌റേ യൂണിറ്റും തകരാറിലാണ്. ദിനം പ്രതി എന്നോണം മുന്നൂറോളം പേര്‍ ചികില്‍സ തേടി ഇവിടെയെത്തുന്നുണ്ടെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
വൈദ്യുതി മുടങ്ങിയാല്‍ ഇരുട്ടില്‍ തപ്പുന്ന അവസ്ഥയാണ് രോഗികള്‍ക്കും മറ്റും ഇപ്പോഴുള്ളത്. ജനറേറ്റര്‍, സോളാര്‍പാനലിലെ യുപിഎസ്, എക്‌സ്‌റേ യൂനിറ്റ് എന്നിവ നന്നാക്കി തരുന്നതിന് അടിയന്തിര നടപടിയുണ്ടാകണമെന്നാണ് രോഗികളുടെയും മറ്റും ആവശ്യം.
Next Story

RELATED STORIES

Share it