Editorial

വളര്‍ത്തുമൃഗങ്ങളുടെകഷ്ടകാലം

വളര്‍ത്തുമൃഗങ്ങളുടെകഷ്ടകാലം
X

അഡ്വ. എസ് എ കരീം, തിരുവനന്തപുരം

പശു, കാള, പോത്ത്, എരുമ, പട്ടി, പൂച്ച തുടങ്ങിയവയാണ് ഇന്ത്യയില്‍ സാധാരണക്കാരുടെ വളര്‍ത്തുമൃഗങ്ങള്‍. വടക്കേ ഇന്ത്യയില്‍ രാജസ്ഥാന്‍ പോലുള്ള സംസ്ഥാനങ്ങളില്‍ ഒട്ടകവും വളര്‍ത്തുമൃഗമാണ്. ഈ വളര്‍ത്തുമൃഗങ്ങളെ ജനം വളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നത് അവയോടുള്ള കാരുണ്യം കൊണ്ടു മാത്രമല്ല; കന്നുകാലി വളര്‍ത്തല്‍ മനുഷ്യരാശിയുടെ ആരംഭം തൊട്ടേയുള്ള ഒരു സാമ്പത്തിക വൃത്തിയാണ്. അവയെ വളര്‍ത്തുകയും അവയുടെ പാലും മാംസവും തോലുമൊക്കെ എല്ലാ മതവിഭാഗങ്ങളും ഉപയോഗിക്കുകയും ചെയ്യുന്നു. അവയില്‍ ഒരു വിഭാഗത്തെ നിലം ഉഴാനും വണ്ടി വലിക്കാനും ഉപയോഗിക്കുന്നു. അവ വയസ്സായി മനുഷ്യനു വരുമാനം നല്‍കാതിരിക്കുമ്പോള്‍ അതിനെ കശാപ്പു ചെയ്ത് ഇറച്ചിയായി ജനം കഴിക്കുന്നു. ചിലപ്പോള്‍ അന്യരാജ്യങ്ങളിലേക്കു കയറ്റിയയക്കുന്നു. മാംസം കയറ്റിയയക്കുന്ന രാജ്യങ്ങളില്‍ മുന്‍നിരയിലാണ് ഇന്ത്യ. അതിലൂടെ വന്നുചേരുന്നത് കോടികളുടെ വിദേശനാണ്യമാണ്. പശുവിനും കാളയ്ക്കുമുള്ള ഉപയോഗവും തലവിധിയുമാണ് എരുമയ്ക്കും പോത്തിനും ഒട്ടകത്തിനുമുള്ളത്. ഈ വളര്‍ത്തുമൃഗങ്ങളുടെ ചാണകം കൃഷിക്ക് നല്ലൊരു വളമാണ്. ഇവയുടെ മൂത്രം ചില ആയുര്‍വേദ മരുന്നുകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. കന്നുകാലികളുടെ തോലാണ് തുകല്‍ വ്യവസായത്തിന്റെ അടിസ്ഥാനം. മൃഗങ്ങളുടെ എല്ല് പൊടിച്ചു വളമായി ഉപയോഗിക്കുന്നു. ഇങ്ങനെയുള്ള വളര്‍ത്തുമൃഗങ്ങളെ ചന്തയില്‍ കൊണ്ടുപോയി വില്‍ക്കുന്നത് കേന്ദ്രസര്‍ക്കാര്‍ 2017 മെയ് 26നു നിരോധിച്ചു. എന്നാല്‍, മറ്റു പല മൃഗങ്ങളോടും ജീവികളോടും ഈയൊരു കാരുണ്യം കാണിച്ചതായി കാണുന്നില്ല. ഉദാഹരണത്തിന് ആടും കോഴിയും താറാവും. അവയും മല്‍സ്യങ്ങളുമൊന്നും കശാപ്പു നിരോധനത്തില്‍ വരാനിടയില്ല. ചരിത്രാതീത കാലം മുതല്‍ മനുഷ്യന്‍ വളര്‍ത്തുമൃഗങ്ങളെയും കോഴി, താറാവ് തുടങ്ങിയ പക്ഷികളെയും ആഹാരത്തിന് ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. നന്നേ ചെറിയൊരു വിഭാഗം മാത്രമാണ് മൃഗങ്ങളെ വിശുദ്ധരായി കണക്കാക്കുകയും പച്ചക്കറി മാത്രം കഴിക്കുകയും ചെയ്യുന്നത്. ഭക്ഷണരീതിക്ക് രാജ്യങ്ങളുടെ അതിര്‍ത്തി ബാധകമല്ല. ജാതിയും മതവും രാഷ്ട്രീയവുമില്ല. ലോകത്ത് ആദ്യമായാണ് വെറും വിശ്വാസത്തിന്റെ പേരില്‍ വളര്‍ത്തുമൃഗങ്ങളെ കശാപ്പു ചെയ്യുന്നത് ഒരു രാജ്യം നിരോധിച്ചിരിക്കുന്നത്. ആര്‍എസ്എസ് വളര്‍ത്തുമൃഗങ്ങളെ കശാപ്പു ചെയ്യുന്നതിന് എതിരായിരിക്കും. പക്ഷേ, അവരുടെ വീക്ഷണം അന്യരുടെ മേല്‍ അടിച്ചേല്‍പിക്കുന്നതിന് ഒരു ന്യായവുമില്ല. ആര്‍എസ്എസിന്റെ മാംസാഹാരവിരോധം യുക്തിസഹമല്ലെന്നു മാത്രമല്ല, സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്താന്‍ കൂടി ലക്ഷ്യംവയ്ക്കുന്നതാണ്. അതുകൊണ്ടാണ് ബഹുഭൂരിപക്ഷം പേരും പിന്‍വാതിലില്‍ കൂടി നടപ്പാക്കുന്ന ഈ ഉത്തരവിനെതിരേ തെരുവിലിറങ്ങുന്നത്. മാട്ടിറച്ചി വിലക്കിയിട്ടില്ല, കാലിച്ചന്തകള്‍ക്കു മാത്രമേ വിലക്കുള്ളൂ എന്ന ന്യായീകരണവുമായി ചിലര്‍ രംഗത്തുവന്നിട്ടുണ്ട്. കാലികളെ വില്‍ക്കാനുള്ള ഇടമാണ് ചന്തകള്‍. അവ വിലക്കുന്നത് കാലിവളര്‍ത്തല്‍ നിരോധിക്കുന്നതിനു തുല്യമാണെന്നറിയാന്‍ വലിയ യുക്തിയൊന്നും വേണ്ട.ഇന്ത്യയിലെ സാധാരണക്കാരില്‍ അധികംപേരും ഊര്‍ജദായകമായ പോഷണം തേടുന്നത് അറവുമാടുകളുടെ ഇറച്ചിയിലൂടെയാണ് എന്നത് വാസ്തവം മാത്രം. മെച്ചപ്പെട്ട ഭക്ഷ്യവിഭവങ്ങള്‍ വലിയ വില കൊടുത്തു വാങ്ങാന്‍ ശേഷിയില്ലാത്തവര്‍ കഠിനാധ്വാനം നടത്താനുള്ള കായികശേഷി നേടുന്നത് ബീഫ് പോലുള്ള ഇനങ്ങള്‍ കഴിച്ചാണ്. അവരുടെ ജീവിക്കാനുള്ള അവകാശത്തെയാണ് സര്‍ക്കാര്‍ ഇല്ലാതാക്കുന്നത്.
Next Story

RELATED STORIES

Share it