kannur local

വളപട്ടണം പുഴയോരത്ത് അപൂര്‍വ കണ്ടല്‍ ഇനങ്ങള്‍ നശിപ്പിക്കുന്നു



വളപട്ടണം: വളപട്ടണം പുഴയോരത്ത് അപൂര്‍വയിനം കണ്ടല്‍ചെടികള്‍ നശിപ്പിക്കുന്നത് പതിവായിട്ടും തടയാന്‍ വനം വകുപ്പ് നടപടിയില്ല. പ്രദേശം വ്യാപകമായി മണ്ണിട്ട് നികത്തുന്നതിന്റെ ഭാഗമായാണ് കണ്ടല്‍ചെടികള്‍ നശിപ്പിക്കുന്നത്. കണ്ടല്‍മരത്തിന്റെ തടിയില്‍ മോട്ടോര്‍ ബ്ലേഡുവച്ച് പോറലുണ്ടാക്കി ഉണക്കി ചെടി നശിപ്പിക്കുന്ന രീതിയാണിത്. വര്‍ഷങ്ങള്‍ക്കു മുമ്പേ വളപട്ടണം പാലത്തിനു സമീപം ഇത്തരത്തില്‍ വന്‍തോതില്‍ കണ്ടല്‍മരങ്ങള്‍ നശിപ്പിച്ച് പ്രദേശം മണ്ണിട്ട് നികത്തിയിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രക്ഷോഭത്തിന്റെ ഭാഗമായി പിന്നീടിത് നിലച്ചു. എന്നാലിപ്പോള്‍ വീണ്ടും ഇത്തരത്തിലുള്ള കണ്ടല്‍ നശീകരണ പ്രവര്‍ത്തനങ്ങളുമായി ഭൂമാഫിയ രംഗത്തെത്തിയിരിക്കുകയാണ്. തീരപ്രദേശത്തെ വെള്ളപ്പൊക്കത്തില്‍നിന്നും കരയിടിച്ചലില്‍നിന്നും സംരക്ഷിക്കുകയും കരയിലേക്ക് ഉപ്പിന്റെ അംശം അരിച്ചിറങ്ങാതെ ഓരുവെള്ളവും ശുദ്ധജലവും തമ്മിലുള്ള സന്തുലനം നിലനിര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യുന്ന കണ്ടല്‍ചെടികളില്‍ അപൂര്‍വയിനങ്ങള്‍ വളപട്ടണത്തുണ്ട്. 13ഓളം അപൂര്‍വയിനം കണ്ടല്‍ചെടികളാണ് ഇവിടെ വളരുന്നത്. പീക്കണ്ടല്‍, കുറ്റിക്കണ്ടല്‍, ഉപ്പട്ടി, ചെറുകണ്ടല്‍, ബ്ലാത്തിക്കണ്ടല്‍, കണ്ണാമ്പൊട്ടി, പൂക്കണ്ടല്‍, കടക്കണ്ടല്‍, ചുള്ളിക്കണ്ടല്‍, മച്ചിന്‍തോല്‍, പൊന്നുംവള്ളി തുടങ്ങിയവ. കുപ്പം പുഴയോരത്തും വളപട്ടണത്തും മാത്രം കുടുതലായി കാണുന്ന ബ്ലാത്തിക്കണ്ടല്‍ ഏറെ ഔഷധഗുണമുള്ളവയാണെന്ന്് കണ്ടെത്തിയിട്ടുണ്ട്. ഇലത്തണ്ടൊടിക്കുമ്പോള്‍ പാലുപോലുള്ള ദ്രാവകം വമിക്കുന്ന കണ്ണാമ്പൊട്ടിയെന്ന കണ്ടലും വളപട്ടണത്തുണ്ട്. കുഷ്ഠരോഗത്തിനും മറ്റു മാറാരോഗങ്ങള്‍ക്കും മരുന്നായി ഉപയോഗിക്കുന്ന ഇത്തരം ചെടികളും ഇവിടെ നശിപ്പിക്കപ്പെടുകയാണ്. പുഴയിലെ ഉപ്പിനെ ഊറ്റിയെടുത്ത് ഇലകളിലുടെ പുറന്തള്ളുന്ന സവിശേഷ പ്രത്യേകതയുള്ള ഉപ്പട്ടിയെന്ന കണ്ടല്‍ ഇനവും സമൃദ്ധമായുണ്ട്. കണ്ടല്‍കൊള്ള തടയാന്‍ നിയമസംവിധാനം ഉണ്ടെങ്കിലും അതൊന്നും ഇവിടെ പാലിക്കപ്പെടുന്നില്ല. തീരദേശ സുരക്ഷയ്ക്കായി പോലിസിന് അത്യാധുനിക സൗകര്യമുള്ള രണ്ടു ബോട്ടുകളുണ്ടെങ്കിലും അതുപയോഗിക്കാന്‍ പോലും അധികൃതര്‍ക്ക് കഴിയുന്നില്ല.
Next Story

RELATED STORIES

Share it