kozhikode local

വളത്തിന് സബ്‌സിഡി വാഗ്ദാനം ചെയ്ത് തട്ടിപ്പ്‌ : റിമാന്‍ഡ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുത്തു



പേരാമ്പ്ര: കേന്ദ്ര സര്‍ക്കാറിന്റെ സബ്‌സിഡിയില്‍ വളത്തിന് ആനുകുല്യം വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തി വന്ന നാലംഗ സംഘത്തെ റിമാന്‍ഡില്‍ നിന്നും അന്വേഷണത്തിനായി പോലിസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുത്തു. തിരുവനന്തപുരം വെള്ളറട അരുവാട്ടുകോണം സുകുമാരി വിലാസത്തില്‍ രാം വില്‍സന്‍ (46), ആലപ്പുഴ മാവേലിക്കര തട്ടാരമ്പലം സൗപര്‍ണികയില്‍ വിവേക് (25), കൊല്ലം ആശ്രമം കല്ലില്‍ രമേശ് കുമാര്‍ (28), ആലപ്പുഴ വലിയകുളങ്ങര പുത്തന്‍തറ കിഴക്കയില്‍ ജയകൃഷണന്‍ (27) എന്നിവരടങ്ങിയ തട്ടിപ്പു സംഘമാണ് റിമാന്‍ഡിലായി ജയിലിലായത്. പ്രതികളെ  കൂടുതല്‍ തെളിവെടുപ്പിനും ചോദ്യം ചെയ്യുന്നതിനുമാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയത്. ഐപിസി468, 471, 417 വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയ വികാരി ഫാദര്‍ ജോസ് കരിങ്ങടയില്‍ നിന്ന് പണം തട്ടാനുള്ള ശ്രമത്തിനിടെയാണ് പേരാമ്പ്ര എസ്‌ഐ സിജിത്ത് പ്രതികളെ പിടിക്കൂടിയത്. ഫാദര്‍ ജോസിനെ ഫോണില്‍ ബന്ധപ്പെട്ട് ഒരു ലക്ഷത്തി പതിനാറായിരം രൂപ സബ്‌സിഡി ലഭിക്കാന്‍ 29,500 രൂപയുടെ വളംവാങ്ങണമെന്നാവശ്യപ്പെടുകയായിരുന്നു. കൊച്ചി ആസ്ഥാനമായുള്ള കൊച്ചിന്‍ അഗ്രോ കെമിക്കല്‍ റിസര്‍ച്ചിന്റെ വ്യാജ രശീതിയിലായിരുന്നു തട്ടിപ്പ്. ഇതിന്റെ ഫറോക്ക് മാനേജര്‍ എന്ന പേരിലാണ് സംഘത്തലവന്‍ രാം വില്‍സന്‍ പരിചയപ്പെടുത്തിയത്. 3,300 രൂപ വിലയുള്ള 50 കിലോചാക്കില്‍ നിന്നും 25 കിലോയുടെ ആറ് പേക്കറ്റ് വളമാണ് വിതരണത്തിനായി എത്തിച്ചത്. പ്രതികള്‍ ക്രിസ്ത്യന്‍ വികാരിമാരെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് തട്ടിപ്പു നടത്തി വന്നത്. കണ്ണൂര്‍, വയനാട്, കാസര്‍കോഡ് ജില്ലകളില്‍ സമാനമായ രീതിയില്‍ തട്ടിപ്പു നടത്തിയിട്ടുണ്ട്. ഇവരുടെ കൈവശമുണ്ടായിരുന്ന രേഖകളും ഡയറികളും പരിശോധിച്ച് എറണാകുളം ജില്ലയില്‍ ഇവരുടെ തട്ടിപ്പു നടന്നതായി കരുതുന്ന ക്രിസ്ത്യന്‍ പള്ളികളില്‍ കേന്ദീകരിച്ചാണ്അന്വേഷണം നടത്തിയത്. കൂടുതല്‍ സ്ഥലങ്ങളില്‍ ഇവരുടെ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്നറിയാന്‍ കസ്റ്റഡി സമയം അവസാനിച്ചതിനാല്‍ സാധിച്ചിട്ടില്ല.
Next Story

RELATED STORIES

Share it