Kollam Local

വളത്തിനായി ചെറുമല്‍സ്യം കടത്താന്‍ ശ്രമിച്ച ബോട്ട് പിടികൂടി



ചവറ: വളത്തിനായി ചെറുമല്‍സ്യങ്ങളെ പിടികൂടി കടത്താന്‍ വീണ്ടും ശ്രമം. ചെറുമല്‍സ്യങ്ങള്‍  പിടിച്ച് കടത്താന്‍ ശ്രമിച്ച ബോട്ട് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടി. ബോട്ടില്‍ നടത്തിയ പരിശോധനയില്‍ എട്ട് കള്ളികളിലായി 500 കുട്ടയോളം വാളയിനത്തില്‍പ്പെട്ടവയുടെ കുഞ്ഞുങ്ങളെ കണ്ടെത്തി. ഇന്നലെ പുലര്‍ച്ചെ ഒന്നോടെ കടലില്‍ നടത്തിയ തിരച്ചിലിലാണ് നീണ്ടകരയ്ക്ക് കിഴക്ക് സ്വകാര്യ കടവ് ലക്ഷ്യമാക്കി പോകുകയായിരുന്ന ബോട്ട് പിടികൂടിയത്. ശക്തികുളങ്ങര തോട്ടത്തില്‍ ഹൗസില്‍ റോയി ജോസഫിന്റെ ഉടമസ്ഥതയിലുള്ള റോയല്‍ ഫൈവ് എന്ന ബോട്ടാണ് പിടികൂടിയത്. ചെറുമല്‍സ്യത്തിനൊപ്പം ഭക്ഷ്യയോഗ്യമായ ഏഴായിരത്തി അഞ്ഞൂറ്  രൂപയോളം വിലവരുന്ന മല്‍സ്യവുമുണ്ടായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് ദിവസങ്ങളായി തിരച്ചില്‍ ശക്തമാക്കിയിരുന്നു. മുമ്പ് ഹാര്‍ബറില്‍ എത്തിച്ച് കടത്തിയിരുന്ന മല്‍സ്യങ്ങള്‍ തിരച്ചില്‍ ശക്തമാക്കിയതോടെ സ്വകാര്യ കടവുകളില്‍ ഇറക്കി കടത്തിവരികയായിരുന്നു. തമിഴ്‌നാട്ടിലേക്ക് വളം നിര്‍മിക്കുവാന്‍ വേണ്ടി കടത്താന്‍ ശ്രമിച്ച  മല്‍സ്യങ്ങളാണ് അധികൃതര്‍ പിടികൂടിയത്. അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന മല്‍സ്യമാണ് പിടികൂടിയതെന്നും വരും ദിവസങ്ങളിലും തിരച്ചില്‍ ശക്തമാക്കുമെന്നും മറൈന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ജില്ലാ അസിസ്റ്റന്റ് ഡയറക്ടര്‍ സുഹൈര്‍, സി ഐ അബ്ദുല്‍ വഹാബ്, ക്രിസ്പിന്‍, രാജേഷ്, സെബാസ്റ്റ്യന്‍, നൗഷാദ്, ഓമനകുട്ടന്‍, ആദര്‍ശ്, സുനില്‍ മാര്‍ക്കോസ്, ലൈഫ് ഗാര്‍ഡ് തോമസ്, ആല്‍ബര്‍ട്ട് എന്നിവരടങ്ങുന്ന സംഘമാണ് മല്‍സ്യവും ബോട്ടും പിടികൂടിയത്.
Next Story

RELATED STORIES

Share it