വളച്ചൊടിക്കപ്പെട്ട ചരിത്രം മാരകായുധങ്ങളേക്കാള്‍

അപകടകരം: ഗവര്‍ണര്‍ തിരുവനന്തപുരം: തലമുറകളെ വഴിതെറ്റിക്കുന്ന വളച്ചൊടിച്ച ചരിത്രം മാരകായുധങ്ങളേക്കാള്‍ അപകടകരമാണെന്ന് ഗവര്‍ണര്‍ പി സദാശിവം. കേരള ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'പണ്ഡിത ആദരം 2018' പരിപാടിയില്‍ ചരിത്രകാരന്‍മാരായ പ്രഫ. ടി കെ രവീന്ദ്രന്‍, പ്രഫ. എം ജി എസ് നാരായണന്‍, പ്രഫ. കെ എന്‍ പണിക്കര്‍ എന്നിവരെ ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പല വിദ്യാര്‍ഥികളും സ്‌കൂള്‍തലത്തിലുള്ള ചരിത്രപഠനത്തിനു ശേഷം ബാക്കിയുള്ള കാലം അധികാര താല്‍പര്യങ്ങള്‍ക്കു വേണ്ടി ചരിത്രം വളച്ചൊടിക്കുന്നവരുടെ വ്യാഖ്യാനങ്ങള്‍ മനസ്സിലാക്കി ജീവിക്കേണ്ടിവരുന്നു. അതുകൊണ്ടുതന്നെ അധ്യാപകര്‍ക്ക് ചരിത്രപഠനത്തിനുള്ള ശരിയായ ദിശാബോധം നല്‍കാന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ പോലുള്ള ഗവേഷണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. ചരിത്രം ഭൂതകാലത്തിനു നേരെ പിടിച്ച കണ്ണാടിയാണ്.  ഗാന്ധിയന്‍ ചിന്തകള്‍ സൂചിപ്പിക്കും പോലെ ചരിത്രവും മനുഷ്യാവകാശങ്ങളും സത്യാന്വേഷണമായിരിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ആദരിക്കപ്പെടുന്ന മൂന്നു പണ്ഡിതരും അസാമാന്യ മികവിന് ആദരം അര്‍ഹിക്കുന്നവരാണ്. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ഇവരുടെ കഴിവുകള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രഫ. എം ജി എസ് നാരായണന്‍, പ്രഫ. കെ എന്‍ പണിക്കര്‍ എന്നിവരെ ഗവര്‍ണര്‍ പൊന്നാടയണിയിച്ച് ഉപഹാരം നല്‍കി ആദരിച്ചു. പ്രഫ. ടി കെ രവീന്ദ്രനു വേണ്ടി മകന്‍ രാജീവ് ആദരവ് ഏറ്റുവാങ്ങി. ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ചരിത്ര ഗവേഷണത്തിന്റെ നവോത്ഥാനത്തിന് അവസരമൊരുക്കിയ പണ്ഡിതരാണ് ആദരിക്കപ്പെടുന്നതെന്നു മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it