വല്ലാര്‍പാടത്ത് 8 കോടിയുടെ വിദേശ സിഗരറ്റ് പിടികൂടി

കൊച്ചി: ദുബയില്‍നിന്നു ബെഡ്ഷീറ്റ് എന്ന വ്യാജേന നികുതി വെട്ടിച്ചു കടത്തിക്കൊണ്ടുവന്ന 8 കോടിയോളം രൂപ വിലയുള്ള ഒരു കണ്ടെയ്‌നര്‍ വിദേശ സിഗരറ്റുകള്‍ വല്ലാര്‍പാടം ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലില്‍ നിന്ന് റവന്യൂ ഇന്റലിജന്‍സ് വിഭാഗം പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് ദുബയ് ജബല്‍ അലി തുറമുഖത്ത്‌നിന്നു കേപ് മറൈന്‍ എന്ന കപ്പലില്‍ വ്യാഴാഴ്ച കൊച്ചിയിലെത്തിച്ച കണ്ടെയ്‌നര്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് റവന്യൂ (ഡിആര്‍ഐ) ഉദ്യോഗസ്ഥ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടിക്കപ്പെടുമെന്ന സൂചനയെത്തുടര്‍ന്നു ടെര്‍മിനലില്‍ ഇറക്കിയ കണ്ടെയ്‌നര്‍ മറ്റൊരു വെസലില്‍ കയറ്റി കൊളംബോയിലേക്ക് കൊണ്ടുപോവാന്‍ ശ്രമം നടന്നുവെങ്കിലും കൃത്യസമയത്ത് ഡിആര്‍ഐ ഇടപെട്ടതിനാല്‍ രക്ഷപ്പെടല്‍ ശ്രമം പാളി.
ഡണ്‍ഹില്‍, എസ്സീ ലൈറ്റ്‌സ്, ഗുദാങ് ഗരം, ബ്ലാക്ക് എന്നീ ബ്രാന്‍ഡുകളില്‍പെട്ട 27,000 പെട്ടി സിഗരറ്റുകളാണ് കണ്ടെയ്‌നറില്‍ ഉണ്ടായിരുന്നത്. തുറന്നു പരിശോധിക്കുന്ന ഭാഗത്ത് ബെഡ്ഷീറ്റുകളുടെ ബോക്‌സുകളാണ് നിരത്തിയിരുന്നത്. ചെന്നൈയിലെ ഗ്രീന്‍ സ്‌റ്റോണ്‍ എന്ന ഇറക്കുമതി കമ്പനിയുടെ വിലാസത്തിലേക്കാണ് ചരക്ക് വന്നത്. ഇത് ശരിയായ വിലാസമാണോ എന്നതിനെക്കുറിച്ചു ചെന്നൈയിലെ ഡിആര്‍ഐ ഉദ്യോഗസ്ഥരുടെ സഹായത്തോടെ അന്വേഷണം നടന്നുവരികയാണ്.
ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സിഗരറ്റ് കള്ളക്കടത്ത് പിടികൂടുന്നത്. ഫര്‍ണിച്ചറുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ കടത്തിയ 60 ലക്ഷം രൂപ വിലയുള്ള സിഗരറ്റാണ് നേരത്തേ പിടിച്ചത്. വല്ലാര്‍പാടം ടെര്‍മിനല്‍ വഴി വ്യാപകമായ സിഗരറ്റ് കള്ളക്കടത്ത് നടക്കുന്നുവെന്നാണ് ഇത് നല്‍കുന്ന സൂചന. ഒരു കോടി രൂപ മാര്‍ക്കറ്റില്‍ വിലയുള്ള സിഗരറ്റ് കടത്തിക്കൊണ്ടുവരുമ്പോള്‍ 50 ലക്ഷം രൂപ ലാഭം ലഭിക്കും.
സിഗരറ്റ് കള്ളക്കടത്തായി കൊണ്ടുവരുമ്പോള്‍ തുറമുഖങ്ങളില്‍ സ്‌കാനര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ പിടിക്കപ്പെടില്ല. വല്ലാര്‍പാടത്ത് കൊണ്ടുവരുന്ന കണ്ടെയ്‌നറുകളുടെ പരിശോധന ചടങ്ങുപോലെയാണ് നടക്കുന്നത്. ഓരോ കണ്ടെയ്‌നറും തുറന്ന് വിശദമായി പരിശോധിക്കുക അപ്രായോഗികമാണെന്നതാണു കാരണം. കള്ളക്കടത്തുകാര്‍ ഇത് മറയാക്കി വന്‍ നികുതി വെട്ടിപ്പാണ് നടത്തുന്നത്. രഹസ്യ വിവരം ലഭിക്കുന്ന കേസുകളില്‍ മാത്രമാണ് കള്ളക്കടത്ത് പിടികൂടാന്‍ കേന്ദ്ര ഏജന്‍സികള്‍ക്കു സാധിക്കുന്നത്.
Next Story

RELATED STORIES

Share it