ernakulam local

വല്ലാര്‍പാടം റോ റോ സര്‍വീസ് ഉടന്‍ പുനരാരംഭിക്കണം : ട്രെയിലര്‍ ഉടമകള്‍



മട്ടാഞ്ചേരി: ഐലന്റ് വല്ലാര്‍പാടം റോറോ സര്‍വീസ് ഉടന്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കൊച്ചിന്‍ കണ്ടെയ്‌നര്‍ കാരിയര്‍ ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കൊച്ചി തുറമുഖത്ത് നിന്ന് വല്ലാര്‍പാടം ടെര്‍മിനലിലേക്കുള്ള ഏറ്റവും ചിലവ് കുറഞ്ഞതും സുഗമമവും സമയലാഭവുമുള്ള റോ റോ സര്‍വീസ് നിശ്ചലമായിട്ട് ഒരു മാസം പിന്നിട്ടിട്ടും നടപടി സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. ഇപ്പോള്‍ വല്ലാര്‍പാടത്ത് നിന്ന് സീ പോര്‍ട്ട് എയര്‍ പോര്‍ട്ട് റോഡ് ചുറ്റി ഒരു ഭാഗത്തേക്ക് മാത്രം നാല്‍പ്പത് കിലോമീറ്റര്‍ താണ്ടിയാണ് വാഹനങ്ങള്‍ ഐലന്റില്‍ എത്തുന്നത്. റോ റോ സര്‍വീസ് ഉണ്ടായിരുന്നപ്പോള്‍ ഒരു മണിക്കൂര്‍ കൊണ്ട് എത്തിയിടത്ത് ഇപ്പോള്‍ മണിക്കൂറുകള്‍ കഴിഞ്ഞാണ് എത്തുന്നത്. നിലവിലെ വ്യവസ്ഥകള്‍ പ്രകാരം പോര്‍ട്ട് ട്രസ്റ്റുമായി യോജിച്ച് സര്‍വീസ് മുന്നോട്ട് കൊണ്ട് പോകാനാകാത്തത് മൂലമാണ് കരാറുകാരായ ലോട്ട്‌സ് ഷിപ്പിങ്ങ് പറയുന്നത്. ഡിപ്പോസിറ്റ് കൂട്ടുന്നതാണ് പ്രശ്‌നമെന്നാണ് പറയുന്നത്. കൊച്ചി നഗരത്തിലെ രൂക്ഷമായ ഗതാഗത കുരുക്കില്‍പ്പെടാതെ കണ്ടെയ്‌നര്‍ വാഹനങ്ങള്‍ക്ക് ഐലന്റ് വല്ലാര്‍പാടം റൂട്ടില്‍ ഗതാഗതം നടത്തുന്നതിനുണ്ടായിരുന്ന സാഹചര്യമാണ് റോ റോ നിശ്ചലമായതോടെ സംജാതമായിട്ടുള്ളത്. നഗരത്തിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പുറമേ കണ്ടെയ്‌നര്‍ വാഹനങ്ങള്‍ കൂടി സഞ്ചരിക്കുന്നത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മഴക്കാലം കൂടിയായതോടെ നഗരത്തിലെ ഗതാഗത സംവിധാനങ്ങള്‍ താറുമാറായിരിക്കുന്ന സാഹചര്യത്തില്‍ റോ റോ സര്‍വീസ് കൂടി നിലച്ചതോടെ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.ഇതിന് പുറമേ പോര്‍ട്ട് ഉപഭോക്താക്കള്‍ക്ക് വലിയ ബാധ്യതയും ഇത് സൃഷ്ടിക്കുന്നുണ്ട്.പോര്‍ട്ട് വിട്ട് വീഴ്ച ചെയ്ത് റോ റോ സംവിധാനം പുനരാരംഭിക്കുവാനുള്ള അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പാര്‍ക്കിങ് വിഷയത്തിലും കുറ്റകരമായ അനാസ്ഥയാണ് പോര്‍ട്ട് തുടരുന്നതെന്നും ഭാരവാഹികള്‍ ആരോപിച്ചു. പോര്‍ട്ട് പോലെ തന്നെ ഏറെ വാഹനങ്ങള്‍ ഉപയോഗിക്കുന്ന ഒരു മേഖലയാണ് എണ്ണക്കമ്പനികളുടെ ഇന്ധന വിതരണ സംവിധാനം.ദിവസേന ഇന്ധനമെടുക്കുവാന്‍ ഇരുമ്പനത്തെത്തുന്ന 1200 ല്‍ ഏറെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാനാവശ്യമായ സൗകര്യങ്ങള്‍ കമ്പനികള്‍ ഒരുക്കിയിട്ടുണ്ട്.കൂടാതെ ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും ഓയില്‍ കമ്പനികളുടെ മാതൃകയില്‍ വല്ലാര്‍പാടത്തും കണ്ടെയ്‌നര്‍ വാഹനങ്ങള്‍ക്ക് പര്യാപ്തമായ പാര്‍ക്കിങ് സൗകര്യങ്ങള്‍ സൗജന്യ നിരക്കില്‍ ഏര്‍പ്പെടുത്തണമെന്നും ഭാരവാഹികളായ ടി പി സുമന്‍,ടോമി തോമസ്, ജെ എച്ച് ലത്തീഫ് പറഞ്ഞു.
Next Story

RELATED STORIES

Share it