വല്ലാര്‍പാടം പദ്ധതി: 10 വര്‍ഷമായിട്ടും പുനരധിവാസം നടപ്പായില്ല

കൊച്ചി: വല്ലാര്‍പാടം പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കായി പ്രഖ്യാപിച്ച മൂലമ്പിള്ളി പാക്കേജ് 10 വര്‍ഷം പിന്നിട്ടിട്ടും ഫലപ്രദമായി നടപ്പായില്ല. കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ദുരിതാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ അടിയന്തരമായി ഉന്നതതല യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. വല്ലാര്‍പാടം പദ്ധതിക്കു വേണ്ടി കുടിയിറക്കപ്പെട്ട 316 കുടുംബങ്ങളുടെ പുനരധിവാസത്തിനായി പ്രഖ്യാപിച്ച മൂലമ്പിള്ളി പാക്കേജ് ഇതുവരെ ഫലപ്രദമായി നടപ്പാക്കാനായിട്ടില്ല. 2008 മാര്‍ച്ച് 19ന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനവും അതു നവീകരിച്ചുകൊണ്ട് 2011 ജൂണ്‍ 6ന് അന്നത്തെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗതീരുമാനവും അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടുപോയിട്ടില്ല. കുടിയിറക്കപ്പെട്ടവരുടെ ജീവിതം ഇപ്പോഴും ദുരിതമയമാണ്. സര്‍ക്കാര്‍ കണ്ടെത്തിയ ഏഴ് പുനരധിവാസ സൈറ്റുകളില്‍ ആറെണ്ണവും ചതുപ്പു നിറഞ്ഞ കായലോരങ്ങളാണ്. ഈ സൈറ്റുകളിലായി 48 കുടുംബങ്ങള്‍ വീടുവച്ച് താമസം തുടങ്ങിയിട്ടുണ്ട്. ശേഷിക്കുന്ന ബഹുഭൂരിപക്ഷം കുടുംബങ്ങളും താല്‍ക്കാലിക ഷെഡ്ഡുകളിലോ വാടകയ്‌ക്കോ പണയത്തിനോ എടുത്ത കെട്ടിടങ്ങളിലോ ജീവിതം തള്ളിനീക്കുകയാണ്. മൂന്ന് സൈറ്റുകളില്‍ നിര്‍മിച്ച വീടുകള്‍ക്ക് ഭൂമിയുടെ ബലക്ഷയം കാരണം വിള്ളലുകള്‍ വന്നിട്ടുണ്ട്. ഭൂമിയുടെ ഉറപ്പില്ലായ്മ മൂലമാണ് കെട്ടിടങ്ങള്‍ക്ക് വിള്ളലുകള്‍ വന്നതെന്ന് പിഡബ്ല്യൂഡി ഉദ്യോഗസ്ഥരുടെ റിപോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതുകൊണ്ടുതന്നെ മറ്റു കുടുംബങ്ങള്‍ തങ്ങള്‍ക്ക് അനുവദിച്ച പുനരധിവാസ പ്ലോട്ടുകളില്‍ വീടുവയ്ക്കാന്‍ ഭയപ്പെടുകയാണ്. പ്രഖ്യാപിക്കപ്പെട്ട മറ്റു പ്രധാന ആനുകൂല്യങ്ങളും നടപ്പാക്കുന്നതില്‍ ഗുരുതരമായ വീഴ്ചവന്നിട്ടുണ്ട്. ഇത്രയും വര്‍ഷം പിന്നിട്ടതുകൊണ്ട് നിലവിലെ പുനരധിവാസ പാക്കേജ് കാലോചിതമായി പരിഷ്‌കരിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. മൂലമ്പിള്ളി സമരസമിതി പ്രതിനിധികളെയും എറണാകുളം ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, കൊച്ചി മേയര്‍, തൃക്കാക്കര, കളമശ്ശേരി നഗരസഭാ ചെയര്‍മാന്‍മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരെയും പങ്കെടുപ്പിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒരു ഉന്നതതല യോഗം വിളിക്കണമെന്നും വി എം സുധീരന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it