Middlepiece

വല്യേട്ടന്‍ സെല്‍ഫ് ഗോള്‍ അടിക്കുമ്പോള്‍

വല്യേട്ടന്‍ സെല്‍ഫ് ഗോള്‍ അടിക്കുമ്പോള്‍
X


നമ്മുടെ നാട്ടില്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഏകകക്ഷിഭരണമാണ് നിലനിന്നിരുന്നത്. അതു തകര്‍ന്നു. മുന്നണി ഭരണസംവിധാനം സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും സ്ഥാപിതമായി. അതിനു മാതൃകയും വഴികാട്ടിയും ആയത് കൊച്ചുകേരളമാണ്. കുറ്റങ്ങളും കുറവുകളും പലര്‍ക്കും ചൂണ്ടിക്കാണിക്കാന്‍ ഉണ്ടെങ്കിലും സി അച്യുതമേനോന്റെ നേതൃത്വത്തിലുണ്ടായിരുന്ന മുന്നണി ഭരണസംവിധാനമാണ് ഉജ്ജ്വല മാതൃകയായത്. പാര്‍ട്ടികളുടെ വലുപ്പച്ചെറുപ്പം പരിഗണിക്കാതെ മുന്നണി ഒറ്റക്കെട്ടായി നിലകൊണ്ടു എന്നതായിരുന്നു ഈ ഭരണത്തിന്റെ സവിശേഷത. മുന്നണിയിലെ രണ്ടാംകക്ഷിയായ സിപിഐയുടെ പ്രതിനിധിയായിട്ടാണ് സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായത്. മുന്നണിക്ക് പൊതുവായ ഒരു പെരുമാറ്റച്ചട്ടം ഉണ്ടായിരുന്നു. മുന്നണി മര്യാദകള്‍ ഉണ്ടായിരുന്നു. പിന്നീട് കേരളത്തില്‍ എത്രയോ മുന്നണി സര്‍ക്കാരുകള്‍ ഉണ്ടായി. ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ ഇ കെ നായനാരും വി എസ് അച്യുതാനന്ദനും മുന്നണി മര്യാദകള്‍ ലംഘിക്കാതെ കേരളം ഭരിച്ചു. അക്കാലത്തും മുന്നണിക്കകത്തും പാര്‍ട്ടികള്‍ക്കുള്ളിലുമുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കുമായിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയിലും ഭരണപരാജയത്തിലും രോഷാകുലരായ ജനങ്ങളാണ് പിണറായി മന്ത്രിസഭയെ അധികാരത്തിലേറ്റിയത്. മുന്നണിമര്യാദകള്‍ അക്ഷരംപ്രതി പാലിച്ച് കൂട്ടായ തീരുമാനങ്ങളിലൂടെ സഖാവ് പിണറായി ഭരണം നയിക്കുമെന്നാണ് ഏവരും കരുതിയത്. ഒരുവര്‍ഷം പൂര്‍ത്തിയായപ്പോള്‍ ആ പ്രതീക്ഷകളൊക്കെ അസ്തമിച്ചു. ചര്‍ച്ചകളും തീരുമാനങ്ങളും മുഖ്യമന്ത്രിയില്‍ മാത്രം കേന്ദ്രീകരിച്ചു. ഭരണത്തിനു നേതൃത്വം നല്‍കുന്ന പാര്‍ട്ടിയും അതിന്റെ നായകനും മുന്നണിയിലെ മറ്റു പാര്‍ട്ടികളെ വിശ്വാസത്തിലെടുക്കാതായി. ഏകാധിപത്യപരമായി തങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കണമെന്ന നിലപാടാണ് ഭരണത്തിലെ വല്യേട്ടന്‍ തുടര്‍ച്ചയായി അനുവര്‍ത്തിക്കുന്നതെന്നാണ് മുഖ്യ പരാതി. അതുകൊണ്ടാണ് മുന്നണിയില്‍ തര്‍ക്കങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നുവരുന്നത്. മൂന്നാറിലെ കൈയേറ്റഭൂമികള്‍ തിരിച്ചുപിടിക്കുമെന്നത് ഇടതുമുന്നണി പ്രകടനപത്രികയിലെ വാഗ്ദാനമാണ്. ഇതു നടപ്പാക്കേണ്ടത് റവന്യൂ വകുപ്പാണ്. അത് സിപിഐയുടെ കൈവശത്തിലുമായി. കേരള ഭൂസംരക്ഷണ നിയമപ്രകാരം മാത്രമേ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നടപടി എടുക്കാനാവൂ. മൂന്നാറില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും പൊതുഭൂമി കൈയേറിയിട്ടുണ്ട്. വന്‍കിട കൈയേറ്റക്കാര്‍ക്കും ഭൂമാഫിയകള്‍ക്കും വേണ്ടി വാദിക്കുന്നവരാണ് അവിടെയുള്ള മിക്ക രാഷ്ട്രീയനേതാക്കളും. റവന്യൂ മന്ത്രിയുടെയും സിപിഐയുടെയും ഒഴിപ്പിക്കല്‍ നടപടികളൊന്നും അവിടത്തെ പാര്‍ട്ടിക്കാര്‍ക്ക് ഇഷ്ടമല്ല. തങ്ങള്‍ കാലാകാലങ്ങളായി കൈയടക്കി വച്ച ഭൂമി നഷ്ടപ്പെട്ടുപോവുമോ എന്നതാണ് അവരുടെ ഭയം. സിപിഎമ്മുകാരാണ് ചെറുകിട കൈയേറ്റക്കാരില്‍ അധികവും എന്നതാണു പരാതി. റവന്യൂ വകുപ്പ് കുരിശ് പൊളിക്കല്‍ ഉള്‍പ്പെടെ ചില നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ മുഖ്യമന്ത്രിയും അവരുടെ എംഎല്‍എമാരും പാര്‍ട്ടി നേതാക്കളും തന്നെയാണ് വിമര്‍ശനം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേര്‍ന്ന് വന്‍കിട കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ പച്ചക്കൊടി കാട്ടിയിരുന്നു. അതനുസരിച്ച് റവന്യൂ വകുപ്പിന് മുന്നോട്ടുപോവാന്‍ കഴിയുന്നില്ല. ഇക്കാര്യത്തില്‍ റവന്യൂ വകുപ്പ് കൈയാളുന്ന സിപിഐയും ഭരണത്തിനു നേതൃത്വം വഹിക്കുന്ന സിപിഎമ്മും തമ്മില്‍ കൊമ്പുകോര്‍ക്കുന്നു. തര്‍ക്കങ്ങള്‍ പരസ്യമാവുന്നു. മുന്നണി മര്യാദകള്‍ പാലിച്ച് തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ബാധ്യതപ്പെട്ട മുഖ്യമന്ത്രി സ്വന്തം നിലയ്ക്ക് യോഗം വിളിച്ച് വല്യേട്ടന്‍ പ്രമാണിത്തം പ്രകടിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇത്തരുണത്തില്‍ സിപിഎമ്മിന്റെ മാത്രം സര്‍ക്കാര്‍ അല്ലിത് എന്ന് സഖാവ് കാനം രാജേന്ദ്രനെപ്പോലെ ഒരു ഘടകകക്ഷി നേതാവിനു പറയേണ്ടിവന്നത് മുന്നണിക്ക്  കുറച്ചിലായി. മുന്നണിയെയും സര്‍ക്കാരിനെയും നയിക്കേണ്ട മുഖ്യമന്ത്രിയും പാര്‍ട്ടിയും സെല്‍ഫ് ഗോള്‍ അടിക്കുകയാണ്. അറിയാതെ പറ്റുന്നതല്ല. ബോധപൂര്‍വം തന്നെ. മുന്നണി മര്യാദയുടെ ലംഘനം മാത്രമല്ല, ധര്‍മവും ഇതോടെ ചവിട്ടിയരയ്ക്കപ്പെടുന്നു. ഇടതുപക്ഷത്തിന്റെ മൂന്നര പതിറ്റാണ്ട് ഭരണകുത്തക ബംഗാളില്‍ തകര്‍ന്നത് ഈ സെല്‍ഫ് ഗോളിലൂടെയായിരുന്നല്ലോ?
Next Story

RELATED STORIES

Share it