thrissur local

വലിയപറമ്പ് ജങ്്ഷനും പരിസരങ്ങളും കീഴടക്കി ശുനക കൂട്ടം: യാത്രക്കാരും ജനങ്ങളും ഭീതിയില്‍



മാള: വലിയപറമ്പ് ജങ്ഷനും പരിസരങ്ങളും കീഴടക്കി ശുനക കൂട്ടം. യാത്രക്കാരും ജനങ്ങളും ഭീതിയില്‍. പ്രദേശത്ത് അനധികൃതമായി പെരുകുന്ന അറവുശാലകളാണ് തെരുവുനായ്ക്കളുടെ സാന്നിധ്യം രൂക്ഷമാവാന്‍ കാരണമായി പറയുന്നത്. ഇവിടെ ബീവറേജസിന്റെ വിദേശ മദ്യ വില്‍പ്പന കേന്ദ്രം ഉണ്ടായിരുന്ന സമയത്ത് നിരവധി അറവുശാലകളും കോഴി വില്‍പ്പന കേന്ദ്രങ്ങളും മല്‍സ്യവിപണന കേന്ദ്രങ്ങളും തുടങ്ങിയിരുന്നു. വിദേശമദ്യ വില്‍പ്പന കേന്ദ്രം ഇല്ലാതായിട്ടും വില്‍പ്പന തകൃതിയായി നടക്കുന്നതിനാല്‍ ഇവയെല്ലാം പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ്. ദിനം പ്രതി തെരുവുനായ്ക്കളുടെ ശല്യം വര്‍ധിച്ചുവരികയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. വാഹനങ്ങള്‍ പോവുമ്പോള്‍ ഇവ വട്ടം ചാടുന്നതുമൂലം ബൈക്ക് യാത്രികര്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. അവധിദിനങ്ങളില്‍ ആള്‍തിരക്ക് ഇല്ലാത്തതിനാല്‍ ഭൂരിഭാഗം നായ്ക്കളും റോഡിന് നടുവിലാണ്. വലിയ വാഹനങ്ങള്‍ വന്നാല്‍പ്പോലും ഇവ മാറുന്നില്ലെന്ന് സമീപത്തെ വ്യാപാരികള്‍ പറയുന്നു. പ്രദേശത്തെ അറവുശാലകളില്‍ നിന്ന് കൃത്യമായി മാലിന്യം സംസ്‌കരണം നടക്കുന്നില്ലെന്ന് പരാതിയുണ്ട്. ആരോഗ്യവകുപ്പ് അധികൃതരാണെങ്കില്‍ ഇതൊന്നും കണ്ടമട്ടില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. അറവുശാലകളില്‍ നിന്ന് ബാക്കി വരുന്ന മാംസം ഇവയ്ക്ക് ഇട്ടുകൊടുക്കുന്നതിനാല്‍ ഇവ ഇവിടെനിന്ന് പോകുകയുമില്ല. ചില ദിവസങ്ങളില്‍ മാംസം കിട്ടാതെ വരുമ്പോള്‍ സമീപത്തുള്ള വീടുകളില്‍ നിന്ന് കോഴികളെ പിടിച്ചുതിന്നാറുണ്ടെന്ന് വീട്ടുകാര്‍ പറയുന്നു. നായ്ക്കളെ കൊണ്ട് പൊറുതിമുട്ടിയ ജനം വിഷയം പലകുറി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. ബസ് കാത്തുനില്‍ക്കുന്നവര്‍ക്കും നായ്ക്കള്‍ ഭീഷണിയായിരിക്കുകയാണ്. അനധികൃത അറവുശാലകള്‍ക്കെതിരെ ആരോഗ്യവകുപ്പ് അധികൃതര്‍ കാര്യമായ ഇടപെടലുകള്‍ നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കൂടാതെ അനുമതിയോടെ പ്രവര്‍ത്തിക്കുന്നവരുടെ മാലിന്യസംസ്‌കരണവും പ്രവര്‍ത്തനക്ഷമമാണോ എന്ന് ആന്വേഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. വലിയപറമ്പ് പ്രദേശത്ത് മാലിന്യ സംസ്‌കരണ കേന്ദ്രം സ്ഥാപിച്ചാല്‍ ഇക്കൂട്ടരില്‍ നിന്നടക്കം ഫീസീടാക്കി പ്രവര്‍ത്തിപ്പിക്കാനാവും എന്ന അഭിപ്രായവുമുയരുന്നുണ്ട്.
Next Story

RELATED STORIES

Share it