thiruvananthapuram local

വലിയതുറയില്‍ വീടുകള്‍ തകര്‍ന്നു



തിരുവനന്തപുരം:കാലവര്‍ഷം ശക്തമായതിന് പിന്നാലെ തീരദേശത്ത് കടല്‍ക്ഷോഭം രൂക്ഷമായി. കനത്ത വേലിയേറ്റത്തെ തുടര്‍ന്ന് കരയിലേക്ക് ആഞ്ഞടിച്ച തിരയില്‍ വലിയതുറ മേഖലയിലെ മല്‍സ്യത്തൊഴിലാളികളുടെ നിരവധി വീടുകള്‍ തകര്‍ന്നു. വീടുകളില്‍ ചിലത് ഏത് നിമിഷവും നിലപൊത്താവുന്ന നിലയിലാണ്. അപകടമേഖലയിലെ താമസക്കാരെ മാറ്റുന്നതിനായി മൂന്ന് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. അപകടമേഖലയില്‍ കഴിയുന്ന എല്ലാവരെയും ഉടന്‍ മാറ്റിപാര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വലിയതുറ കടല്‍പാലത്തിന് സമീപത്തെ വീടുകളാണ് കൂടുതലും അപകടാവസ്ഥയിലുള്ളത്. സ്ഥിരം കടല്‍ക്ഷോഭത്തിന് വിധേയമാകുന്ന ഈ പ്രദേശത്ത് കടല്‍ഭിത്തിയോ പുലിമുട്ടോ നിര്‍മിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കടല്‍ക്ഷോഭം ശക്തമാകുന്നതോടെ പ്രദേശത്തുള്ളവരെ ദുരിതാശ്വാസ ക്യാംപുകള്‍ എന്ന പേരില്‍ സമീപത്തെ സ്‌കൂളുകളിലേക്ക് താല്‍കാലികമായി മാറ്റി പാര്‍പ്പിക്കുന്നത് മാത്രമാണ് വര്‍ഷങ്ങളായി സര്‍ക്കാര്‍ തലത്തില്‍ നിന്നുണ്ടാകുന്ന നടപടി. ദുരിതാശ്വാസ ക്യാംപുകളിലെ ദുരിതം അറിയാവുന്നതിനാല്‍ കുറച്ചുപേര്‍ ബന്ധു വീടുകളിലേക്കും മറ്റുള്ളവര്‍ അയല്‍ വീടുകളിലേക്കും പോകും. കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്തുന്ന മാറി മാറി വരുന്ന സര്‍ക്കാരുകള്‍ തീരദേശവാസികളുടെ അടിസ്ഥാന ആവശ്യത്തിന് മുന്നില്‍ മാത്രം മുഖം തിരിക്കുന്നു. ഏത് സീസണിലാണെങ്കിലും മഴ രണ്ടോ മൂന്നോ ദിവസം നീണ്ടു നിന്നാല്‍ തന്നെ വലിയതുറ മേഖലയില്‍ കടല്‍ക്ഷോഭം പതിവാണ്. വീടുകള്‍ക്കുപുറമേ മല്‍സ്യബന്ധന ഉപകരണങ്ങളും കടല്‍ക്ഷോഭത്തില്‍ തകര്‍ന്നിട്ടുണ്ട്. ഇതോടെ തൊഴിലാളികളുടെ ഉപജീവനം മുട്ടിയ നിലയിലാണ്. കടല്‍ ക്ഷോഭം ശക്തമായതിനാല്‍ പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് കഴിയാത്ത സ്ഥിതിയാണ്. അടുത്തയാഴ്ച ട്രോളിങ് നിരോധനം നിലവില്‍വരും. ഇതോടെ ഇവരുടെ സ്ഥിതി കൂടുതല്‍ ദുരിതത്തിലാവും. കടല്‍ഭിത്തിയോ പുലിമുട്ടോ നിര്‍മിച്ച് ഭീമന്‍ തിരമാലകളുടെ ആക്രമണം തടയുന്നതിനുള്ള നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. നിലവില്‍ കടലാക്രമണം തടയാന്‍ തീരത്ത് നിരത്തിയിട്ടുള്ള പാറകള്‍ തിരമാലയില്‍ ഇളകിമാറിയിട്ടുണ്ട്. ബീമാപ്പള്ളി മുതല്‍ വലിയതുറവരെ പുലിമുട്ട് നിര്‍മിക്കുന്നതിനായി യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല.  വലിയതുറയ്ക്ക് സമാനമായ അവസ്ഥയാണ് ബീമാപ്പള്ളി മേഖലയിലും. മണല്‍ ചാക്കുകള്‍ അടുക്കിയാണ് ഇവിടത്തുകാര്‍ കുറച്ചെങ്കിലും കടല്‍ക്ഷോഭത്തെ തടയുന്നത്. എന്നാല്‍ ഇതുകൊണ്ടും രക്ഷയില്ലാതായതോടെ മണല്‍ചാക്കുകള്‍ അടുക്കി തളര്‍ന്നിരിക്കുകയാണ് മല്‍സ്യ ത്തൊഴിലാളികള്‍. കഴിഞ്ഞ കാലവര്‍ഷത്തില്‍ വലിയതുറയില്‍ ഇരുന്നൂറിലധികം വീടുകളാണ് തകര്‍ന്നത്. ഇവരില്‍ പലരും ഇന്നും വീടുകളില്ലാതെ  ക്യാംപുകളിലും ബന്ധു വീടുകളിലും കഴിയുന്നുണ്ട്. കാലവര്‍ഷത്തില്‍ വീട് തകര്‍ന്നവര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ച് നല്‍കിയ ഫഌറ്റ് സമുച്ഛയം അനര്‍ഹര്‍ കൈയടക്കിയതായും  പരാതികളുണ്ട്.
Next Story

RELATED STORIES

Share it